പിണറായിയിലെ ജീപ്പ് സ്റ്റേഷൻ മാറ്റും, കെട്ടിവലിച്ചുകൊണ്ടുപോകേണ്ട അവസ്ഥ; പത്ത് വർഷത്തിനുശേഷം ‘മോചനം’
കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ പാണ്ഡ്യാലമുക്കിലെ വീടിന് മുന്നിലെ ‘ജീപ്പ് സ്റ്റേഷൻ’ മാറ്റാൻ തീരുമാനം. സംസ്ഥാന സെക്യൂരിറ്റി റിവ്യൂ കമ്മിറ്റി യോഗം ചേർന്ന് ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. യോഗത്തിന്റെ മിനുട്സ് കണ്ണൂർ പോലീസിന് ലഭിക്കുന്ന മുറയ്ക്ക് ജീപ്പ് മാറ്റുമെന്ന് അധികൃതർ പറഞ്ഞു.
പിണറായി വിജയൻ മുഖ്യമന്ത്രി ആയതോടെ സുരക്ഷാപ്രശ്നം ഉന്നയിച്ചാണ് കാവൽ ഏർപ്പെടുത്തിയത്. എന്നാൽ, മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് ആയിട്ടും ജീപ്പ് മാറ്റിയിരുന്നില്ല.
എ.ആർ. ക്യാമ്പിലെ ആറ് പോലീസുകാരും രണ്ട് എസ്.ഐ.മാരുമടങ്ങുന്ന സംഘമാണ് സമയക്രമമനുസരിച്ച് ജോലി ചെയ്തിരുന്നത്.ഒരേസമയം രണ്ട് പോലീസുകാർക്കും ഒരു എസ്.ഐ.ക്കുമായിരുന്നു ഇവിടെ ജോലി. പെരുമഴയത്തും കൊടുംചൂടിലും പോലീസുകാർ 24 മണിക്കൂറും ഇതിനുള്ളിൽ കഴിയേണ്ട അവസ്ഥയായിരുന്നു. തുടക്കത്തിൽ തൊട്ടടുത്ത വീടുകളിലെയും പിന്നീട് സമീപത്തെ ത്രിവേണി സൂപ്പർ മാർക്കറ്റിലെയും ശൗചാലയമാണ് ഉപയോഗിച്ചിരുന്നത്. ജീപ്പിന്റെ ഒരു വാതിൽ മാത്രമേ തുറക്കാനാകൂ.
വണ്ടി കേടായതിനാൽ ഓടിക്കാനാവില്ല. ബാറ്ററിയും അഴിച്ചുമാറ്റിയ നിലയിലാണ്. അതിനാൽ ജീപ്പ് കെട്ടിവലിച്ചുകൊണ്ടുപോകേണ്ട അവസ്ഥയാണ്.
