മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും; അലീനയ്ക്ക് ഗുണ്ടകളുമായി ബന്ധം, ഒരുയുവതി കസ്റ്റഡിയിൽ

Share our post

കൊച്ചി: മോഡലിങ്ങിന്റെ മറവിൽ മനുഷ്യക്കടത്തും പെൺവാണിഭവും നടത്തിയെന്ന കേസിൽ ഒരു യുവതി കൂടി കസ്റ്റഡിയിൽ. പൊന്നാനിയിൽനിന്നാണ് യുവതിയെ മരട് പോലീസ് കസ്റ്റഡിയിലെടുത്തത്. യുവതിയെ ഉടൻതന്നെ മരട് പോലീസ് സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യംചെയ്യും.

മനുഷ്യക്കടത്ത് കേസിൽ കഴിഞ്ഞദിവസം രണ്ട് യുവതികളെ പോലീസ് അറസ്റ്റ്‌ചെയ്തിരുന്നു. തിരുവനന്തപുരം സ്വദേശിനി സിന്ധു, മരടിലെ ഫ്‌ളാറ്റിൽ താമസിക്കുന്ന ആലുവ സ്വദേശിനി അലീന എന്നിവരാണ് അറസ്റ്റിലായത്.

പരാതിക്കാരിയെ മോഡലിങ് എന്ന വ്യാജേന വിദേശത്ത് എത്തിച്ച് ലൈംഗികപീഡനത്തിനായി പലർക്കും കൈമാറി എന്നാണ് പരാതി. വൻ റാക്കറ്റ് തന്നെ ഇതിനുപിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് പറയുന്നത്.

പെൺകുട്ടി നൽകിയ പരാതിയിൻമേലുള്ള അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. പരാതിക്കാരിയായ പെൺകുട്ടിയെ മോഡലിങ്ങിനെന്ന് പറഞ്ഞ് ദുബായിൽ എത്തിക്കുകയായിരുന്നു. അവിടെ എത്തിച്ചശേഷം മയക്കുമരുന്ന് നൽകി ബോധരഹിതയാക്കി നഗ്‌നചിത്രങ്ങൾ പകർത്തി. പിന്നീട് ഇവ കാണിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയെ പലർക്കായി കാഴ്ചവെച്ചെന്നാണ് കേസ്. നിരവധി പെൺകുട്ടികൾ ഇവരുടെ സംഘത്തിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. മറ്റ് ചിലരുടെ പരാതികളും ഇപ്പോൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

അറസ്റ്റിലായവരിൽ അലീന നേരത്തേയും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ട്. കഴിഞ്ഞ നവംബറിൽ വൈറ്റിലയിലെ ബാറിൽ നടന്ന സംഘർഷത്തിലും അലീന പ്രതിയായിരുന്നു. ഇവർക്ക് കൊച്ചിയിലെ ഗുണ്ടാസംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായും പോലീസ് പറഞ്ഞു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!