വൈദ്യുതിവകുപ്പ് വേണ്ടെന്ന് കെ മുരളീധരന്‍; ‘ആരോഗ്യം’ കിട്ടിയില്ലെങ്കില്‍ മന്ത്രിയായേക്കില്ല

Share our post

യുഡിഎഫ് മന്ത്രിസഭയില്‍ ആരോഗ്യ വകുപ്പ് പ്രതീക്ഷിച്ചിരുന്ന കെ. മുരളീധരന് വൈദ്യുത വകുപ്പായിരിക്കും ലഭിക്കുകയെന്ന് സൂചന. ഇതോടെ മുരളീധരന്‍ കടുത്ത അതൃപ്തിയിലാണെന്നാണ് പുറത്തുവരുന്ന വിവരം. മന്ത്രിമാരുടെ പട്ടികയിൽ കെസി വേണുഗോപാല്‍ പക്ഷം പിടിമുറുക്കിയതോടെയാണ് എപി അനില്‍കുമാറിന് ആരോഗ്യ വകുപ്പ് നല്‍കാനുള്ള നീക്കം തുടങ്ങിയത്.

വകുപ്പ് മാറിയില്ലെങ്കില്‍ ചുമതല ഏറ്റെടുക്കാനില്ലെന്ന വാശിയിലാണ് കെ മുരളീധരന്‍. ആരോഗ്യം, ദേവസ്വം വകുപ്പുകള്‍ നല്‍കുമെന്ന് പറഞ്ഞ ശേഷം, ഇപ്പോള്‍ അതില്‍ മാറ്റം വന്നതോടെയാണ് അദ്ദേഹം ഇടഞ്ഞത്. ഈ അവസ്ഥയില്‍ വൈദ്യുത വകുപ്പ് വേണ്ടെന്നും, വട്ടിയൂര്‍ക്കാവ് എംഎല്‍എയായി തുടരുമെന്നുമാണ് അദ്ദേഹത്തിന്‍റെ നിലപാട്. 

വി.ഡി.സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെയും വകുപ്പുകളുടെയും ചിത്രം ഏകദേശം വ്യക്തമായിട്ടുണ്ട്. മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍ ലോക്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കൈമാറി. കോൺഗ്രസിന് 11 മന്ത്രിമാരാണുള്ളത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറാകും. ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കറാകും. 

കോണ്‍ഗ്രസില്‍ നിന്ന് രമേശ് ചെന്നിത്തല, സണ്ണി ജോസഫ്, കെ.മുരളീധരന്‍, എ.പി.അനില്‍കുമാര്‍, ടി.സിദ്ദിഖ്, പി.സി.വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം.ലിജു എന്നിവര്‍ക്ക് പുറമെ ഒ.ജെ.ജനീഷും കെ.എ.തുളസിയും മന്ത്രിമാരാകും. റോജി എം ജോണ്‍, മോന്‍സ് ജോസഫ്, ഷിബു ബേബി ജോൺ, സി.പി.ജോൺ, അനൂപ് ജേക്കബ് എന്നിവരും പട്ടികയിലുണ്ട്. 

മോൻസ് ജോസഫ് രണ്ടരവര്‍ഷത്തിനുശേഷം കെ.എ.തുളസിക്ക് പകരം ഐ.സി.ബാലകൃഷ്ണന് ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നല്‍കും. മാണി സി.കാപ്പനും അനൂപ് ജേക്കബും ടേം വ്യവസ്ഥയില്‍ മന്ത്രിമാരാകും. ആദ്യ ഊഴം അനൂപിനായിരിക്കും.

അഞ്ചുമന്ത്രിമാരെ ലീഗും പ്രഖ്യാപിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ ബഷീര്‍, കെ.എം.ഷാജി, എന്‍. ഷംസുദ്ദീന്‍, വി.ഇ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ മന്ത്രിസഭയിലേക്ക്. രണ്ടര വര്‍ഷം കഴിഞ്ഞാല്‍ കോഴിക്കോടിന്റെ പ്രതിനിധിയായി പാറയ്ക്കല്‍ അബ്ദുല്ല മന്ത്രിയാകുമെന്ന് പാണക്കാട് സാദിഖലി തങ്ങള്‍ പറഞ്ഞു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!