എല്ലാ പ്രണയങ്ങളും പാരിസിൽതന്നെ പൂക്കണമെന്നുണ്ടോ?; സിനിമയിലെ അനാവശ്യ ചെലവുകൾക്കെതിരെ കമൽഹാസൻ
പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ സിനിമകളിലെ അനാവശ്യ ധൂർത്ത് ഒഴിവാക്കണമെന്ന ആവശ്യവുമായി നടൻ കമൽഹാസൻ. സിനിമകളുടെ വമ്പൻ ബജറ്റും ആഡംബരങ്ങളും വെട്ടിക്കുറയ്ക്കണമെന്ന് അദ്ദേഹം എക്സിൽ പങ്കുവെച്ച കുറിപ്പിൽ ആവശ്യപ്പെട്ടു. ‘സിനിമാ വ്യവസായത്തോടുള്ള എന്റെ അഭ്യർഥന’ എന്ന ക്യാപ്ഷനോടെയാണ് കമൽഹാസൻ കുറിപ്പ് പങ്കുവെച്ചത്.
പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിട്ടും എന്തിനാണ് സിനിമാലോകം ആഡംബരം നിറഞ്ഞ ചിത്രീകരണവുമായി മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം ചോദിച്ചു. എല്ലാ പ്രണയകഥകളും പാരിസിൽ തന്നെ പൂക്കണമെന്നുണ്ടോയെന്നും എല്ലാ ഹണിമൂണുകളും സ്വിറ്റ്സർലൻഡിൽ തന്നെ അവസാനിക്കണമോയെന്നും കമൽഹാസൻ ചോദിച്ചു. ഇന്ധനവിലയും മറ്റ് നിർമാണച്ചെലവുകളും ഉയരുന്ന സാഹചര്യത്തിൽ വിനോദത്തിനായി ജനങ്ങൾ പണം ചെലവഴിക്കുന്നത് കുറഞ്ഞേക്കാമെന്നും ഇത് മുൻകൂട്ടിക്കണ്ട് സിനിമാ നിർമാണ രീതികളിൽ പ്രായോഗികവും സുസ്ഥിരവുമായ മാറ്റങ്ങൾ വരുത്താൻ സിനിമാപ്രവർത്തകർ തയ്യാറാകണമെന്നും കമൽഹാസൻ ചൂണ്ടിക്കാട്ടി.
സിനിമയിലെ ചെലവ് ചുരുക്കൽ ഒരിക്കലും താഴെത്തട്ടിലുള്ള തൊഴിലാളികളെ ബാധിക്കരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. ‘സിനിമയുടെ സാമ്പത്തിക കാര്യങ്ങളിലെ ഏത് തിരുത്തലും തൊഴിലാളികളുടെ വേതനം, സുരക്ഷ, അന്തസ്സ്, ഭക്ഷണം, യാത്രാ സൗകര്യം, താമസ സൗകര്യം, അല്ലെങ്കിൽ മാനുഷിക തൊഴിൽ സാഹചര്യങ്ങൾ എന്നിവയെ ബാധിക്കരുത്. കഠിനാധ്വാനം ചെയ്യുന്നവരുടെ മേൽ ഇതിന്റെ ഭാരം അടിച്ചേൽപ്പിക്കരുത്.’-നടൻ വ്യക്തമാക്കി.
ഭാവനയും കൃത്യതയുമാണ് സിനിമയ്ക്ക്് വേണ്ടതെന്നും അല്ലാതെ അനാവശ്യമായ പണമൊഴുക്കലുകളല്ലെന്നും കമൽഹാസൻ ചൂണ്ടിക്കാട്ടുന്നു. നിലവിൽ സിനിമ നേരിടുന്ന സാമ്പത്തിക സമ്മർദ്ദങ്ങളെ കൂട്ടായി അഭിമുഖീകരിക്കുന്നതിനായി നിർമാതാക്കൾ, നടീനടന്മാർ, യൂണിയനുകൾ, ഒടിടി പ്ലാറ്റ്ഫോമുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവരെല്ലാം ചേർന്ന് ചർച്ച ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി വരുന്ന തലമുറയ്ക്കായി സിനിമയുടെ സാമ്പത്തിക ഭദ്രത സൂക്ഷിക്കേണ്ടത് ഇപ്പോഴുള്ളവരുടെ ഉത്തവരവാദിത്തമാണെന്ന് വ്യക്തമാക്കിയാണ് കമൽഹാസൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
