സമയപരിധി തീരുന്നു; ആറളത്തെ ആനമതിലിൽ നിർമാണം പ്രതിസന്ധിയിലേക്ക്

Share our post

ഇരിട്ടി : ഹൈക്കോടതി മുന്നോട്ടുവെച്ച സമയപരിധിയും അവസാനിക്കാനിരിക്കെ ആറളത്തെ ആനമതിലന്റെ നിർമാണം പ്രതിസന്ധിയിലേക്ക്. ആറളം പുനരധിവാസ മേഖലയുടെയും ആറളം കാർഷിക ഫാമിന്റെയും സംരക്ഷണത്തിനായി ആറളം വന്യജീവി സങ്കേതം അതിർത്തിയിൽ നിർമിക്കുന്ന ആനമതിലിന്റെ പ്രവൃത്തി ഇഴഞ്ഞുനീങ്ങുകയാണ്. മേയ് 31-നകം മതിലിന്റെ അവശേഷിക്കുന്ന ഭാഗം പൂർത്തിയാക്കുമെന്ന് വനം വകുപ്പും പട്ടിക വർഗ വികസന വകുപ്പും കോടതിയിൽ രേഖാമൂലം നൽകിയ ഉറപ്പാണ് പാഴാകുന്നത്.

കാലവർഷം തുടങ്ങുന്നതോടെ അവശേഷിക്കുന്ന ഭാഗത്തിന്റെ നിർമാണം സങ്കീർണമാകും. അസംസ്കൃതവസ്തുക്കൾ നിർമാണമേഖലയിൽ എത്തിക്കാനുള്ള പ്രയാസമാണ് നിർമാണത്തെ പ്രതിസന്ധിയിലാക്കുക. 10.50 കിലോമീറ്റർ വരുന്ന ആനമതിലിന്റെ നിർമാണം ഏകദേശം പകുതിദൂരമാണ് ഇപ്പോൾ പിന്നിട്ടിരിക്കുന്നത്. ആനയെ പ്രതിരോധിക്കാൻ നിർമിച്ചിരിക്കുന്ന തൂക്കുവേലികൾ തകർത്താണ് ആന ജനവാസമേഖലയിൽ പ്രവേശിച്ച് ഭീതിപരത്തുന്നത്. രണ്ട് വർഷം മുൻപ് ആരംഭിച്ച ആനമതിൽ നിർമാണം വൈകിയതോടെ ആദ്യ കരാറുകാരനെ നിർമാണത്തിൽനിന്ന് പുറത്താക്കിയിരുന്നു. തുടർന്നുവന്ന പുതിയ കരാറുകാരനും അതെ നിലത്തന്നെ തുടരുകയാണ്. വയനാട് സ്വദേശിക്കാണ് പുതിയ കരാർ.

ആനമതിൽ നിർമാണം തുടങ്ങിയശേഷം മൂന്ന് ജീവനുകളാണ് മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ പൊലിഞ്ഞത്. മതിൽ നിർമാണം വൈകിയാൽ മേഖലയിൽ വീണ്ടും അത്യാഹിതങ്ങൾ സംഭവിക്കും എന്ന ആശങ്കയിലാണ് ജനം. മേയ് 31-നുള്ളിൽ ആറളത്തെ ആനമതിൽ പൂർത്തിയാക്കണമെന്ന് സർക്കാർ നിർദേശംനൽകിയെങ്കിലും നിർമാണത്തിന് വേഗതയില്ലെന്ന് മേഖലയിലെ പുനരധിവാസ കുടുംബങ്ങളും നാട്ടുകാരും പറയുന്നു.

മതിൽ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായി കളക്ടറുടെ മേൽനോട്ടത്തിൽ വകുപ്പ് മേധാവികളെ ഉൾപ്പെടുത്തി മേൽനോട്ടസമിതിയും രൂപവത്കരിച്ചിരുന്നു. എന്നിട്ടും 10 കിലോമീറ്ററിലേറെ വരുന്ന മതിൽ നിർമാണം അനിശ്ചിതമായി നീണ്ടുപോകുകയായിരുന്നു. മതിൽ പൂർത്തിയായതിന്‌ ശേഷം ഫാമിനുള്ളിലേയും പുരധിവാസമേഖലയിലെയും മുഴുവൻ കാട്ടാനകളെയും വനത്തിലേക്ക് തുരത്തിയിട്ടേ കാര്യമുള്ളൂ.

മതിൽ പൂർത്തിയാകാത്ത ഭാഗങ്ങളിൽ തൂക്കുവേലി നിർമിച്ചാണ് ആനകളെ പ്രതിരോധിക്കുന്നത്. വേലി തകർത്താണ് ആനക്കൂട്ടം പുനരധിവാസമേഖലയിലേക്ക് പ്രവേശിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!