അഞ്ച് മന്ത്രിസ്ഥാനം പ്രതീക്ഷിച്ച് ലീഗ്, രണ്ട് ചോദിച്ച് ജോസഫ് പക്ഷം; ചെന്നിത്തല മന്ത്രിയാകുമോ?
തിരുവനന്തപുരം: മുഖ്യമന്ത്രിയെ തീരുമാനിച്ചതോടെ മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളിലേക്ക് കടന്ന് യുഡിഎഫ്. വെള്ളിയാഴ്ച വൈകുന്നേരം നടക്കുന്ന മുന്നണിയോഗത്തിൽ മന്ത്രിമാർ ആരൊക്കെയെന്ന കാര്യത്തിൽ ഏകേദശ ധാരണയായേക്കും. സാമുദായിക സമവാക്യങ്ങളടക്കം പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, കെ. മുരളീധരൻ അടക്കമുള്ള മുതിർന്ന നേതാക്കൾ മന്ത്രിസഭയുടെ ഭാഗമായേക്കും. അതേസമയം രമേശ് ചെന്നിത്തല മന്ത്രിസഭയുടെ ഭാഗമാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
തിരുവനന്തപുരത്തുനിന്ന് കെ.മുരളീധരന് പുറമേ എൻ. ശക്തനും എം. വിൻസന്റും സജീവ പരിഗണനയിലാണ്. സിഎംപിയിലെ സി.പി ജോണും ജില്ലയിൽ നിന്ന് മന്ത്രിയായേക്കും. കൊല്ലത്തുനിന്ന് പി.സി വിഷ്ണുനാഥും ബിന്ദു കൃഷ്ണയും ആലപ്പുഴയിൽ നിന്ന് എം. ലിജുവും മന്ത്രിസഭയുടെ ഭാഗമാകാനാണ് സാധ്യത. വനിതാ പ്രാതിനിധ്യം പരിഗണിച്ച് ഷാനി മോൾ ഉസ്മാനും സാധ്യതയുണ്ട്. പത്തനംതിട്ടയിൽ നിന്നും ഇടുക്കിയിൽ നിന്നും മന്ത്രിയുണ്ടാവുമോ എന്ന കാര്യത്തിൽ ഉറപ്പില്ല. അതേസമയം വി.ഡി. സതീശന്റെ ജില്ലയായ എറണാകുളത്തുനിന്ന് ആർക്ക് നറുക്കുവീഴുമെന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ. മന്ത്രിസഭാരൂപീകരണത്തിൽ കോൺഗ്രസ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രമേശ് ചെന്നിത്തലയുടെ പദവി നിശ്ചയിക്കലാകും. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒന്നിലധികം തവണ പരിഗണിക്കപ്പെട്ട അദ്ദേഹത്തിന്റെ സീനിയോറിറ്റിയും പ്രവർത്തന പാരമ്പര്യവും കണക്കിലെടുക്കുമ്പോൾ അദ്ദേഹത്തെ മാറ്റിനിർത്തുന്നത് പാർട്ടി പ്രവർത്തകർക്കിടയിൽ അതൃപ്തിയുണ്ടാക്കാൻ സാധ്യതയുണ്ട്.
മുസ്ലിം ലീഗ് മന്ത്രിമാരെ തീരുമാനിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുകയാണ്. യു.ഡി.എഫ്. യോഗത്തിനായി സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള നേതാക്കൾ വെള്ളിയാഴ്ച തിരുവനന്തപുരത്തേക്കു പോകും. മന്ത്രിമാരെ വൈകാതെ പ്രഖ്യാപിക്കുമെന്ന് സാദിഖലി തങ്ങൾ അറിയിച്ചിട്ടുമുണ്ട്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിലേതു പോലെ അഞ്ച് മന്ത്രിസ്ഥാനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ലീഗ്. മുൻ സർക്കാരുകളിൽ കൈകാര്യംചെയ്ത വകുപ്പുകൾ വേണമെന്നാണ് താത്പര്യം. യു.ഡി.എഫിലെ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമായിരിക്കും ഇക്കാര്യങ്ങളിൽ അന്തിമതീരുമാനം. നാലുമന്ത്രി സ്ഥാനമാണ് ലഭിക്കുന്നതെങ്കിൽ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം ആവശ്യപ്പെട്ടേക്കും.
പി.കെ. കുഞ്ഞാലിക്കുട്ടി, എൻ. ഷംസുദ്ദീൻ, പി.കെ. ബഷീർ, ആബിദ് ഹുസൈൻ തങ്ങൾ, കെ.എം. ഷാജി, പാറയ്ക്കൽ അബ്ദുല്ല, എം.കെ.എം. അഷ്റഫ് എന്നിവരുടെ പേരുകളാണ് മന്ത്രിസ്ഥാനത്തേക്ക് സജീവപരിഗണനയിലുള്ളത്. ശനിയാഴ്ച ലീഗ് പാർലമെന്ററി പാർട്ടി യോഗം ചേരും. അതിനുശേഷം പാണക്കാട്ടുവെച്ച് സാദിഖലി തങ്ങൾ ലീഗ് മന്ത്രിമാരെ പ്രഖ്യാപിക്കും.
അതേസമയം രണ്ട് മന്ത്രി സ്ഥാനം വേണമെന്നാണ് കേരള കോൺഗ്രസ് ജോസഫ് പക്ഷം ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ കോൺഗ്രസിന് വിട്ടുകൊടുത്ത പാർട്ടിയാണ് കേരള കോൺഗ്രസ്. നിലവിൽ ഏഴ് എംഎൽഎമാരാണുള്ളത്. അതിനാൽ ഇത് കൂടി പരിഗണിച്ച് രണ്ട് മന്ത്രിസ്ഥാനമെന്ന ആവശ്യം ജോസഫ് പക്ഷം ഉന്നയിക്കുന്നത്. കഴിഞ്ഞ യുഡിഎഫ് സർക്കാരിൽ കേരള കോൺഗ്രസിന് രണ്ട് മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും ലഭിച്ചിരുന്നു. ഇത്തവണ ഒരു മന്ത്രി സ്ഥാനവും ചീഫ് വിപ്പ് പദവിയും നൽകി കേരള കോൺഗ്രസിനെ അനുനയിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. രണ്ട് സീറ്റുകൾ വിട്ടുകൊടുത്ത പശ്ചാത്തലത്തിൽ ഇതിന് വഴങ്ങുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. മോൻസ് ജോസഫ് മന്ത്രിയാകാനുള്ള സാധ്യത കൂടുതലാണ്. രണ്ടാം മന്ത്രി സ്ഥാനം കിട്ടുകയാണെങ്കിൽ തോമസ് ഉണ്ണിയാടൻ, പി.ജെ. ജോസഫിന്റെ മകൻ കൂടിയായ അപു ജോൺ ജോസഫ് എന്നിവരിൽ ആരെങ്കിലും മന്ത്രിയാകാനാണ് സാധ്യത.
