കൊട്ടിയൂർ വൈശാഖോത്സവം; കുരുക്കാവരുത് കൊട്ടിയൂർ ബോയ്സ് ടൗൺ ചുരം റോഡ്

Share our post

പാൽച്ചുരം:കൊട്ടിയൂർ വൈശാഖോത്സവത്തിന് എത്തുന്ന തീർഥാടകരുടെ തിരക്ക് പരിഗണിച്ച് റോഡ് സൗകര്യമുൾപ്പെടെ വിപുലീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിൽ കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കേണ്ടതുണ്ട്. ഉത്സവ സീസൺ ആരംഭിക്കാൻ ഇനി അധികനാളുകളില്ല. കണ്ണൂർ, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ ചുരം ഭാഗത്താണ് ഏറ്റവുമധികം പ്രതിസന്ധി. ചെകുത്താൻതോടിനു സമീപമെത്തുമ്പോൾ റോഡിന്റെ വീതി വളരെക്കുറവാണ്. ഇവിടെ ടാറിങ് തകർന്ന ഭാഗങ്ങളിൽ രണ്ടുവർഷം മുൻപ് ഇന്റർലോക് പാകിയിരുന്നു.

ഇത് ഇളകിയതോടെ ചുരത്തിൽ വാഹനങ്ങൾക്ക് വശം കൊടുക്കാൻ കഴിയാതെ ഇപ്പോൾത്തന്നെ ഗതാഗതക്കുരുക്ക് പതിവായിട്ടുണ്ട്. ഏറ്റവും അപകടകരമായ ഭാഗത്ത് റോഡിന്റെ വശത്ത് സംരക്ഷണഭിത്തി ഇല്ലാതായിട്ട് വർഷങ്ങളായി. ആകെ സ്ഥാപിച്ച രണ്ട് ഇരുമ്പു കമ്പികൾ വച്ചുണ്ടാക്കിയ സംരക്ഷണ വേലിയും നശിച്ചു. കോൺക്രീറ്റിനോട് ചേരുന്ന ഭാഗത്ത് ടാറിങ് തകർന്ന് കുഴിയായിരുന്നു. ഇവിടെ വെട്ടുകല്ല് നിറച്ചിരുന്നെങ്കിലും മഴ പെയ്തപ്പോൾ അവ ചെളിയായി മാറുകയും ടാറിങ് തകർന്നതിനാൽ വാഹനങ്ങൾ നിരങ്ങുകയും തെന്നുകയും ചെയ്യുന്നത് പതിവാണ്. കഴിഞ്ഞ വർഷം ചുരത്തിലെ ദുർഘട മേഖലയിൽ മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. ഈ ഭാഗത്തു വീണ മണ്ണും കല്ലും പൂർണമായി നീക്കം ചെയ്തിട്ടുമില്ല.

ഈ ദുർഘടാവസ്ഥയെല്ലാം വയനാട് ജില്ലയോട് ചേരുന്ന ഭാഗത്താണെങ്കിൽ കൊട്ടിയൂർ പഞ്ചായത്തിലെ പ്രദേശങ്ങളിൽ റോഡിലെ ടാറിങ്ങിന്റെ ഇരുഭാഗത്തെയും മണ്ണ് ഒലിച്ചുപോയി വലിയ കുഴിയായി. നടപ്പാതയും ഡ്രെയ്നേജും നിർമിക്കേണ്ട ഭാഗത്താണ് മണ്ണ് ഒലിച്ചുപോയത്. വാഹനങ്ങൾക്ക് വശം കൊടുത്താൽ പോലും അപകടത്തിൽപെടുന്ന അവസ്ഥയാണുള്ളത്.

എവിടെയുമെത്താതെ റോഡ് നവീകരണം
മലയോര ഹൈവേയുടെ ഭാഗമായി കൊട്ടിയൂർ ബോയ്സ് ടൗൺ റോഡ് നവീകരിക്കാനും വീതി കൂട്ടി നിർമിക്കാനും 41 കോടി രൂപ അനുവദിച്ചിരുന്നു. മുൻപ് ചുരം ഡിവിഷന്റെ ഭാഗമായിരുന്ന റോഡ് ഇപ്പോൾ കേരള റോഡ് ഫണ്ട് ബോർഡിന്റെ കീഴിലാണുള്ളത്. മാനന്തവാടി കൊട്ടിയൂർ പേരാവൂർ കണ്ണൂർ വിമാനത്താവളം റോഡിന്റെ ഭാഗമായ റോഡ് 24 മീറ്റർ വീതിയിൽ നിർമിക്കാൻ സാഹചര്യമില്ലാതെ വന്നതോടെയാണ് 12 മീറ്റർ വീതിയിൽ നിർമിക്കാനും ചുരം മേഖലയിൽ ലഭ്യമാകുന്ന പരമാവധി വീതിയിൽ നിർമിക്കാനും തീരുമാനിച്ചത്. ഈ തീരുമാനം ഉണ്ടായിട്ട് വർഷം 5 കഴിഞ്ഞെങ്കിലും റോഡിന്റെ വിപുലീകരണത്തിനു വേണ്ടി കാര്യമായ നടപടികൾ ഒന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.

ഇക്കൊല്ലം ഇനി കാര്യമായി ഒരു പണിയും നടത്താൻ സാധിക്കാത്ത വിധം മഴ പെയ്തു തുടങ്ങി. കഴിഞ്ഞ കൊട്ടിയൂർ വൈശാഖോത്സവ കാലത്ത് കർണാടക, തമിഴ്നാട് തുടങ്ങിയ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പോലും ആയിരക്കണക്കിന് വാഹനങ്ങളാണ് ഒഴുകിയെത്തിയത്. ഈ വർഷവും വൻ ജനാവലി എത്തുമെന്നാണ് കരുതുന്നത്. എന്നാൽ റോഡ് മാത്രം യാതൊരു വിധ സൗകര്യങ്ങളും ഇല്ലാതെ പഴയപടി കിടക്കുന്നു. രണ്ടു ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്നതും പ്രാധാന്യം ഏറെയുള്ളതുമായ റോഡായിട്ടും വികസനം ഇനിയും അകലെയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!