രാഹുൽ-ഖാർഗെ നിർണായക കൂടിക്കാഴ്ച 5.30-ന്, നേതാക്കൾ കേരളത്തിലേക്ക്; മുഖ്യമന്ത്രി തീരുമാനം ഇന്നുതന്നെ?

Share our post

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ഒമ്പതാം ദിവസവും മുഖ്യമന്ത്രിയാരെന്ന അനിശ്ചിതത്വം തുടരുന്നതിനിടെ ഡൽഹിയിൽ നിർണായക യോഗം. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ബുധനാഴ്ച വൈകീട്ട് 5.30-ന് ഖാർഗെയുടെ വസതിയിൽ കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചക്ക് ശേഷം അന്തിമ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

കേരളത്തിലെ നേതാക്കളുമായുള്ള പ്രധാന ചർച്ചകൾ ഡൽഹിയിൽ പൂർത്തിയായിക്കഴിഞ്ഞു. ഡൽഹിയിലുണ്ടായിരുന്ന മുതിർന്ന നേതാവ് വി.എം. സുധീരൻ ഇതിനോടകം കേരളത്തിലേക്ക് മടങ്ങിയിട്ടുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും കെ.പി.സി.സി വർക്കിങ് പ്രസിഡന്റുമാരും മൂന്നേകാലിനുള്ള വിമാനത്തിൽ ഡൽഹിയിൽനിന്ന് കേരളത്തിലേക്ക് തിരിക്കുമെന്നാണ് വിവരം.

മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത് സംബന്ധിച്ച അന്തിമ ആശയവിനിമയം രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും തമ്മിലായിരിക്കും നടക്കുക. മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവരുടെ അഭിപ്രായങ്ങളും എ.ഐ.സി.സി നിരീക്ഷകർ നൽകിയ റിപ്പോർട്ടും പരിഗണിച്ചായിരിക്കും പതിനാറാം നിയമസഭയിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത്.

മുന്നണിയിലെ പ്രധാന കക്ഷിയായ മുസ്‌ലിം ലീഗിന്റെ നിലപാടും ഹൈക്കമാൻഡ് ഗൗരവമായി കണക്കിലെടുക്കുന്നുണ്ട്. ഇന്ന് രാത്രിയോടുകൂടി പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രഖ്യാപനം ഡൽഹിയിൽ നിന്നാണോ അതോ കേരളത്തിൽ വെച്ചാണോ എന്ന കാര്യത്തിൽ മാത്രമാണ് ഇനി വ്യക്തതവരാനുള്ളത്.

നേരത്തേ വി.എം. സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം.എം. ഹസൻ, കെ. മുരളീധരൻ, കെ. സുധാകരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവരോടും വർക്കിങ് പ്രസിഡന്റുമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, ഷാഫി പറമ്പിൽ എന്നിവരോട് ഡൽഹിയിലെത്താൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടിരുന്നു.

നിയമസഭാകക്ഷിയിൽ ഭൂരിപക്ഷം കെ.സി. വേണുഗോപാലിനാണെങ്കിലും വി.ഡി. സതീശന് അനുകൂലമായി മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികൾ രംഗത്തുവന്നതും പൊതുജനാഭിപ്രായം രൂപപ്പെട്ടതുമാണ് പ്രഖ്യാപനം വൈകാൻ കാരണം. ചെന്നിത്തലയുടെ സീനിയോറിറ്റിയും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിൽ നേതൃത്വത്തിന്റെ പരിഗണനാവിഷയമാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!