സസ്പെൻസിന് വിരാമം? ഒറ്റ പേരിലേക്ക് എത്തി; കേരളത്തിന്റെ മുഖ്യനെ ഇന്നറിയാം
ന്യൂഡൽഹി/തിരുവനന്തപുരം: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഇന്ന് വിരാമമായേക്കും. മുതിർന്ന നേതാക്കളുമായുള്ള അവസാനഘട്ട ചർച്ചകൾ പൂർത്തിയാക്കിയ കോൺഗ്രസ് ഹൈകമാൻഡ് ഇന്ന് ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് സൂചന. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ ഹൈകമാൻഡ് പൂർത്തിയാക്കിയിട്ടുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ഇന്ന് കൂടിക്കാഴ്ച നടത്തും. നിലവിൽ ഹൈകമാൻഡ് ഒരു പേരിലേക്ക് എത്തിയിട്ടുണ്ടെന്നും ഇതിന് എഐസിസി അധ്യക്ഷന്റെ അംഗീകാരം ലഭിച്ചാലുടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പത്ത് ദിവസമായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തതിൽ വോട്ടർമാർക്കിടയിൽ വലിയ പ്രതിഷേധമുണ്ടെന്നും, ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെന്നും വിവിധ കേന്ദ്രങ്ങളിൽ നിന്ന് ആവശ്യമുയരുന്നുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിലുള്ള അതൃപ്തി മുസ്ലിം ലീഗ് നേതൃത്വത്തിനുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പാണക്കാട് ഇന്ന് അടിയന്തര നേതൃയോഗം ചേരും. ചരിത്രപരമായ വിജയം (22 സീറ്റുകൾ) നേടിയ ലീഗിന് വിജയം ആഘോഷിക്കാൻ പോലും കഴിയാത്ത സാഹചര്യം ജനങ്ങൾക്കിടയിൽ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്ന് ലീഗ് നേതൃത്വം കരുതുന്നു. വി.ഡി. സതീശന്റെ പേരിനോട് ലീഗിന് താല്പര്യമുണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലെ കാലതാമസം ബിജെപി ദേശീയതലത്തിൽ തന്നെ രാഷ്ട്രീയ ആയുധമാക്കുകയാണ്. വൻ ഭൂരിപക്ഷം ലഭിച്ചിട്ടും അധികാര വടംവലി കാരണം മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കഴിയാത്തത് കോൺഗ്രസിനുള്ളിലെ തർക്കങ്ങൾ മൂലമാണെന്ന് പ്രധാനമന്ത്രി ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ആരോപിക്കുന്നു.
മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മന്ത്രിസഭാ ചർച്ചകളിലേക്ക് മുന്നണി കടക്കും. കെ. മുരളീധരൻ, സി.പി. ജോൺ, ഷിബു ബേബി ജോൺ, എ.പി. അനിൽ കുമാർ, ചാണ്ടി ഉമ്മൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരുടെ പേരുകൾ മന്ത്രിസഭയിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. സാമുദായിക സമവാക്യങ്ങളും ജില്ലാ പ്രാതിനിധ്യവും പരിഗണിച്ചായിരിക്കും മന്ത്രിമാരെ നിശ്ചയിക്കുക.
