അറിവ് മാത്രമല്ല, ഇവർ ഭക്ഷണവും വിളമ്പും; വേറിട്ട ഹോബിയുമായി കീഴത്തൂർ യുപി സ്കൂൾ അധ്യാപകർ
പിണറായി ∙ സഹപ്രവർത്തകരുടെയും വിദ്യാർഥികളുടെയും വീടുകളിലെ ആഘോഷങ്ങളിൽ രുചിയേറും വിഭവങ്ങൾ സൗജന്യമായി ഒരുക്കിക്കൊടുത്ത് അധ്യാപകർ. മൈലുള്ളിമെട്ട കീഴത്തൂർ യുപി സ്കൂൾ അധ്യാപകരാണ് വേറിട്ട ഹോബിയുമായി ശ്രദ്ധേയരാകുന്നത്. ഇന്നലെ സഹപ്രവർത്തകയായ അധ്യാപിക കെ.വി.ഷെറീനയുടെയും അരുൺ പ്രസാദിന്റെയും മകൾ നിവേദ്യ പ്രസാദിന്റെയും സിഞ്ജുവിന്റെയും വിവാഹസദ്യയ്ക്കായി ഭക്ഷണം പാകം ചെയ്തതും വിളമ്പിയതും പ്രധാനാധ്യാപിക എം.ശ്രീജ, അധ്യാപകരായ ഇ.രാഗേഷ്, കെ.ഒ.സുജിത്ത്, കെ.സി.അനിരുദ്ധ്, സി.എ.രാജേഷ്, സി.കെ.വൈശാഖ്, എം.ഷജിന, എം.ജിഷ, എം.അനുഷ എന്നിവരാണ്. അധ്യാപകനായ ആമ്പിലാട് സ്വദേശി ഇ.രാഗേഷ് ആണ് പ്രധാന പാചകക്കാരൻ.
സ്കൂളിൽ പാകം ചെയ്ത ഭക്ഷണം ഓഡിറ്റോറിയത്തിലെത്തിച്ചു വിളമ്പുകയായിരുന്നു. ചോറും 20 കൂട്ടം കറികളുമാണ് ഇവർ തയാറാക്കിയത്. വിദ്യാലയത്തിലെ പാചകപ്പുര 2 വർഷം മുൻപ് നവീകരിച്ചിരുന്നു. ഇതോടെ ഓണത്തിന് വിദ്യാർഥികൾക്ക് സദ്യയൊരുക്കാനുള്ള ഉത്തരവാദിത്തം ഇ.രാഗേഷ് ഏറ്റെടുത്തു. ഈ ഭക്ഷണത്തിന്റെ രുചിയറിഞ്ഞ സഹപ്രവർത്തകർ രാഗേഷിനൊപ്പം കൂടി സഹപ്രവർത്തകയുടെ ഗൃഹപ്രവേശനത്തിന് ബിരിയാണി തയാറാക്കി. ഇതും വിജയിച്ചതോടെ മറ്റുള്ളവരുടെ ചടങ്ങുകൾക്കും സൗജന്യമായി ഭക്ഷണമൊരുക്കുകയായിരുന്നു. തലശ്ശേരി നോർത്ത് ഉപജില്ലാ കായികമേളയിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് രണ്ടു ദിവസം ഭക്ഷണം സൗജന്യമായി പാകം ചെയ്തത് അധ്യാപകൻ രാഗേഷ് ആയിരുന്നു. സ്കൂളിലെ പൂർവവിദ്യാർഥിയുടെ 13ന് നടക്കുന്ന ഗൃഹപ്രവേശനത്തിന് ബിരിയാണി ഒരുക്കുന്നതും ഈ അധ്യാപകരാണ്.
