പച്ചടി ഇരട്ടക്കൊലപാതകം: പ്രതിയുടെ പിതാവിന്റെ തിരോധാനത്തിലും അന്വേഷണം; കൊന്നെന്നും ഇല്ലെന്നും സജി

Share our post

നെടുങ്കണ്ടം: പച്ചടി ഇരട്ടക്കൊലപാതക കേസ് അന്വേഷണം പ്രതി പൊന്നിട്ടയിൽ സജി(43)യുടെ പിതാവ് പൊന്നിട്ടയിൽ മാത്യുവിന്റെ (73) തിരോധാന കേസിലേക്കും വ്യാപിപ്പിച്ചു. ഇതിന്റെ ഭാഗമായി വെള്ളിയാഴ്ച സജിയുടെ വീടിന് സമീപം പോലീസ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തി. അമ്മ മേരിക്കുട്ടിയേയും (70) സഹോദരൻ റെജിയേയും (54) സജി കൊന്ന് കുഴിച്ചിട്ടതിന് സമീപത്താണ് പരിശോധിച്ചത്. പരിശോധനയിൽ ഒരുഅസ്ഥിക്കഷ്ണവും വസ്ത്രാവശിഷ്ടങ്ങളും കണ്ടെത്തി. എന്നാൽ അസ്ഥി മനുഷ്യന്റേതല്ലെന്നാണ് പ്രാഥമികനിഗമനം. എങ്കിലും ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനടുത്ത് നടത്തിയ പരിശോധനയിൽ പശുവിന്റെ തലയോട്ടിയുടേതെന്ന് കരുതുന്ന അവശിഷ്ടങ്ങളും ലഭിച്ചു. ഇവിടെ മുമ്പ് കാലിത്തൊഴുത്തും ചാണകക്കുഴിയും ഉണ്ടായിരുന്നതായാണ് അറിയുന്നത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ തുടങ്ങിയ തെളിവെടുപ്പ് രാത്രി‌ വരെ നീണ്ടു. പിതാവിനെ കൊലപ്പെടുത്തിയെന്നും ഇല്ലെന്നുമെല്ലാം പ്രതി മൊഴി മാറ്റിപ്പറയുന്നതാണ് അന്വേഷണസംഘത്തെ കുഴക്കുന്നത്.

2018 മാർച്ച് അഞ്ചുമുതലാണ് മാത്യുവിനെ കാണാതായത്. നാലുദിവസത്തിന് ശേഷം റെജി നെടുങ്കണ്ടം പോലീസിൽ നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയായിരുന്നു. മാത്യു തന്റെയൊപ്പമുള്ളതായി കരുതി ഏതാനുംദിവസം ആരും അന്വേഷിച്ചില്ലെന്നും പിന്നീട്‌ പിതാവ് തന്റെയൊപ്പമില്ലെന്നറിഞ്ഞ ശേഷമാണ് സഹോദരൻ പോലീസിൽ പരാതി നൽകിയതെന്നും മേരിയുടെ മകൾ സിനി പറയുന്നു. ഭിന്നശേഷിക്കാരിയായ ഇളയമകളുടെ ചികിത്സയ്ക്കായി കട്ടപ്പനയ്ക്കടുത്ത് വെള്ളയാംകുടിക്ക് പോകുന്നുവെന്നുപറഞ്ഞാണ് മാത്യു വീട്ടിൽനിന്ന് പോയതെന്നാണ് ബന്ധുക്കൾ പോലീസിന് നൽകിയ വിവരം.

കൂടാതെ സുവിശേഷവേലയ്ക്കായി മാറിനിൽക്കാറുണ്ടായിരുന്നു മാത്യു. ഈ കാരണം കൊണ്ട് കൂടിയും മാത്യുവിനെ ദിവസങ്ങളായി കാണാതായതിൽ അസ്വാഭാവികതയുണ്ടായില്ല. മാത്യു നെടുങ്കണ്ടത്തുനിന്നു ബസിൽ പോകുന്നതു കണ്ടതായി ബന്ധു പറഞ്ഞിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങളും മറ്റും അന്ന് പരിശോധിച്ചെങ്കിലും മറ്റ് വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് പോലീസ് പറയുന്നു. തൃപ്തികരമായ വിവരങ്ങൾ ലഭിച്ചാൽ അന്വേഷണം തുടരാമെന്ന് രേഖപ്പെടുത്തി അന്വേഷണം മാറ്റിവെച്ചതായാണ് പോലീസ് പറയുന്നത്.

ഏപ്രിൽ നാലിനാണ് പച്ചടിയിൽ ഇരട്ടക്കൊലപാതകം നടന്നത്. കഴിഞ്ഞ 26-നാണ് അമ്മയെയും സഹോദരനെയും കാണാനില്ലെന്നുകാട്ടി സിനി നെടുങ്കണ്ടം പോലീസിൽ പരാതി നൽകിയത്. തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

 

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!