‘മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഓർക്കണമായിരുന്നു’- പ്രതിഭയ്ക്കെതിരെ വെള്ളാപ്പള്ളി

Share our post

ആലപ്പുഴ: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ യു. പ്രതിഭയ്ക്കും സിപിഐക്കും നേരെ രൂക്ഷവിമർശനമിയർത്തി വെള്ളാപ്പള്ളി നടേശൻ. മകൻ കഞ്ചാവ് കച്ചവടത്തിന് പോകുമ്പോൾ ഇത്തരം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് അവർ ഓർക്കണമായിരുന്നുവെന്നും ഇതെല്ലാം ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിന്റെ തണലിൽ ഇത്തരം പ്രതിസ്ഥാനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചാലും ജനങ്ങൾക്ക് എല്ലാം അറിയാമെന്നും അവസരം കിട്ടിയപ്പോൾ വോട്ടർമാർ കൃത്യമായ മറുപടി നൽകിയെന്നും അദ്ദേഹം വിമർശിച്ചു.

മാത്യു കുഴൽനാടൻ എംഎൽഎയ്ക്കെതിരെ നടന്ന നടപടികളിലും വെള്ളാപ്പള്ളി തന്റെ പ്രതിഷേധം അറിയിച്ചു. മുസ്ലിം ലീഗിനെതിരെ അഭിപ്രായം പറഞ്ഞതിന്റെ പേരിൽ കുഴൽനാടന്റെ ചിത്രം ഫ്ലക്സിൽ നിന്ന് വെട്ടിമാറ്റിയത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രഗത്ഭനായ അഭിഭാഷകനും കരുത്തനായ ജനപ്രതിനിധിയുമായ ഒരാളോട് ഇത്തരത്തിൽ പെരുമാറുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. അഭിപ്രായം പറയുന്നവരുടെ വായടപ്പിക്കാനുള്ള ഇത്തരം ശ്രമങ്ങൾ കേരളത്തിൽ ഇനി എന്ത് സംഭവിക്കുമെന്നതിന്റെ സൂചനയാണെന്നും, ലീഗിനെ പ്രീണിപ്പിക്കുന്ന ഒരു മുഖ്യമന്ത്രിയെയാണ് ഇവർക്ക് ആവശ്യമെന്നും അദ്ദേഹം ആരോപിച്ചു. സത്യം പറയുന്നവരെ വേട്ടയാടുന്ന സാഹചര്യം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എൽഡിഎഫിന്റെ പരാജയത്തിന് കാരണം വെള്ളാപ്പള്ളിയുടെ പ്രസ്താവനകളാണെന്ന സിപിഐയുടെ ആരോപണങ്ങളെ അദ്ദേഹം പുച്ഛിച്ചു തള്ളി. സിപിഐയുടെ തന്നെ നേതൃത്വത്തിന്റെ പരാജയവും നയങ്ങളിലെ പാളിച്ചകളുമാണ് അവർക്ക് തിരിച്ചടിയായതെന്ന് അദ്ദേഹം പരിഹസിച്ചു. ഭരണത്തിൽ ഇരുന്നുകൊണ്ട് തന്നെ സർക്കാരിന്റെ ഇമേജ് തകർക്കാൻ ശ്രമിച്ചവരാണ് സിപിഐ എന്നും അവർക്ക് മറ്റുള്ളവരെ കുറ്റപ്പെടുത്താൻ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നണിക്കുള്ളിലെ ഐക്യമില്ലായ്മയും കൂടെ നിന്ന് ചവിട്ടുന്ന രീതിയുമാണ് ഭരണത്തുടർച്ച നഷ്ടപ്പെടാൻ കാരണമായതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി.

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയെ നിശ്ചയിക്കാനുള്ള ചർച്ചകൾ കോൺഗ്രസിനുള്ളിൽ സജീവമായി തുടരുമ്പോൾ, ഇക്കാര്യത്തിൽ ഹൈക്കമാൻഡിനാണ് പൂർണ്ണ ഉത്തരവാദിത്തമെന്നും അദ്ദേഹം വ്യക്തമാക്കി. പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം എന്ന് ചോദിച്ച അദ്ദേഹം, മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ തനിക്ക് പ്രത്യേക പങ്കില്ലെന്നും പാർട്ടിയിലെ അഭിപ്രായ സർവേകൾക്കും ഘടകകക്ഷികളുടെ നിലപാടുകൾക്കും ശേഷം ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം ജനാധിപത്യപരമായി അംഗീകരിക്കുമെന്നും പറഞ്ഞു. വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ടെങ്കിലും, മൂന്ന് നേതാക്കളും ഒരുപോലെ യോഗ്യരാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എങ്കിലും, ഒരു ആലപ്പുഴക്കാരൻ എന്ന നിലയിൽ മുഖ്യമന്ത്രി പദം തന്റെ ജില്ലയിലേക്ക് വരുന്നത് സന്തോഷകരമായ കാര്യമാണെന്നും അത് ജില്ലയ്ക്കും കേരളത്തിനും ഒരുപോലെ ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!