ആത്മവിമർശനത്തിലേക്ക് നേതൃത്വം; അച്ചടക്ക നടപടികൾ ഉടനില്ല

Share our post

കണ്ണൂർ: തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ട സി.പി.എം, ജില്ലയിൽ വിട്ടുപോയ അണികളുടെ വോട്ട് തിരിച്ചുകൊണ്ടുവരാനുള്ള വഴി തേടുന്നു.
പരാജയത്തിന്റെ യഥാർത്ഥ കാരണം അണികളുടെ വികാരം അവഗണിച്ചുകൊണ്ടെടുത്ത തീരുമാനങ്ങളാണെന്ന് നേതൃത്വത്തിനു നന്നായറിയാം. എന്നിട്ടും അതു പരസ്യമായി ഏറ്റുപറയാൻ തയ്യാറാകാത്ത നേതൃത്വം ന്യായീകരണങ്ങൾ തുടരുകയാണെന്ന് ആക്ഷേപം ഉയരുന്നുണ്ട്. വോട്ടുചെയ്തവരുടെ എണ്ണം ഒരു ലക്ഷത്തോളം വർദ്ധിച്ചിട്ടും കണ്ണൂർ ജില്ലയിൽ 2021ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഒന്നേമുക്കാൽ ലക്ഷത്തോളം വോട്ടുകൾ എൽ.ഡി.എഫിനു നഷ്ടപ്പെടുകയായിരുന്നു.

തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെട്ടതിനു പിന്നാലെ ജില്ലയിൽ ആരംഭിച്ച പോസ്റ്റർ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്. സംസ്ഥാന സെക്രട്ടറി ഗോവിന്ദന്റെ സ്വദേശമായ മൊറാഴയിൽ ആദ്യം ഫ്ളക്സ് ഉയർന്നു ‘പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന നേതാക്കൾ വേണ്ട’ എന്ന സന്ദേശവുമായി. മട്ടന്നൂരിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ചേർത്ത ഫ്ളക്സ് ‘വ്യക്തിയല്ല, പാർട്ടിയാണ് വലുത്’ എന്ന് ഓർമ്മപ്പെടുത്തി. അഴീക്കോടും പ്രതിഷേധ ഫ്ലക്സ് ഉയർന്നു.

ഒഴിവാക്കാമായിരുന്ന മൂന്ന് തീരുമാനങ്ങൾ

1. ഒൻപതു വർഷം മുൻപ് ഉടലെടുത്ത പയ്യന്നൂരിലെ ഫണ്ട് വിവാദം ഇതുവരെ ശാശ്വതമായി പരിഹരിക്കപ്പെട്ടിരുന്നില്ല. ധനരാജ് രക്തസാക്ഷി ഫണ്ടിൽ അടക്കം ക്രമക്കേടു നടന്നെന്ന് കണക്കുകൾ സഹിതം തെളിവു നൽകിയ വി. കുഞ്ഞിക്കൃഷ്ണന്റെ പരാതി, ലാഘവത്തോടെ കൈകാര്യം ചെയ്ത് ആരോപണ വിധേയനായ ടി.ഐ. മധുസൂദനനെ സംരക്ഷിച്ചു. കൂടാതെ, മധുസൂദനനെ തന്നെ വീണ്ടും സ്ഥാനാർത്ഥിയാക്കി.

2. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഒഴിയുന്ന തളിപ്പറമ്പ് സീറ്റിൽ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ച് ടി.കെ. ഗോവിന്ദൻ ഉൾപ്പെടെ പല നേതാക്കളും പാർട്ടി വിട്ടു. പരിഹരിക്കണമെന്ന പാ‌ർട്ടി ഘടകങ്ങളുടെ ആവശ്യം നേതൃത്വം ചെവിക്കൊണ്ടില്ല.

3 കെ.കെ. ശൈലജയെ മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കു മാറ്റി മത്സരിപ്പിച്ചത് ഒതുക്കാനുള്ള ശ്രമമായാണ് അണികൾ കണ്ടത്. ആ വികാരം ഉൾനാടൻ ബൂത്തുകൾ വരെ ആഴത്തിൽ പടർന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!