‘സി.പി.എമ്മിന്റെ ഏകാധിപത്യ രാഷ്ട്രീയത്തിനേറ്റ തിരിച്ചടി’; ജനവിധി അഹങ്കാരത്തിനെതിരെയെന്ന് സണ്ണി ജോസഫ്

Share our post

കണ്ണൂർ: കണ്ണൂർ ജില്ലയിലെ സി.പി.എമ്മിന്റെ അക്രമത്തിനും ഏകാധിപത്യത്തിനും അഹങ്കാര രാഷ്ട്രീയത്തിനുമേറ്റ വലിയ തിരിച്ചടിയാണ് പയ്യന്നൂരിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് യു.ഡി.എഫ് നേതാവ് സണ്ണി ജോസഫ്. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും വോട്ടർമാർക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി.

മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകൾക്കെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താണ് ഈ തിരഞ്ഞെടുപ്പിൽ കണ്ടതെന്നും സി.പി.എം നേതൃത്വവും അണികളും ഈ ഫലത്തെ കൃത്യമായി വിശകലനം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കണ്ണൂരിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇതിന്റെ തുടർചലനങ്ങൾ ഇനിയും ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർട്ടിയിലും ഗവൺമെന്റിലും നടന്ന പണാപഹരണവും കളവും ചൂണ്ടിക്കാട്ടുന്ന യഥാർത്ഥ മാർക്സിസ്റ്റുകാരെ ക്രൂശിക്കുന്ന നിലപാടാണ് സി.പി.എം സ്വീകരിച്ചന്നതെന്ന് സണ്ണി ജോസഫ് പറഞ്ഞു. മോഷണക്കേസിലെ പ്രതികളെ സംരക്ഷിക്കാൻ ഗവൺമെന്റ് തലത്തിൽ ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നു. കൃത്യസമയത്ത് കുറ്റപത്രം നൽകാത്തതിനാലാണ് പ്രതികൾക്ക് സാങ്കേതികമായി ജാമ്യം ലഭിക്കാൻ ഇടയായത്. ഒരുവശത്ത് പ്രതികളെ സഹായിക്കുമ്പോൾ മറുവശത്ത് അഴിമതിക്കെതിരെ ശബ്ദമുയർത്തുന്നവരെ പാർട്ടി വേട്ടയാടുകയായിരുന്നു.

പയ്യന്നൂരിലെ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി വി. കുഞ്ഞികൃഷ്ണൻ കൗണ്ടിങ് സ്റ്റേഷനിലേക്ക് പോയ സാഹചര്യത്തെയും അദ്ദേഹം പരാമർശിച്ചു. പ്രമുഖനായ ഒരു രാഷ്ട്രീയ നേതാവായിരുന്നിട്ടും കൗണ്ടിങ് സ്റ്റേഷനിൽ പ്രവേശിക്കുന്നതിന് മുൻപ് പോലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ ഐഡന്റിറ്റി കാർഡ് പരിശോധിക്കേണ്ടിവന്നു. എന്നാൽ, അദ്ദേഹം തിരിച്ചിറങ്ങിയത് എം.എൽ.എ ആയിട്ടാണ്. സി.പി.എം അണികളും അനുഭാവികളുംതന്നെയാണ് ഈ രാഷ്ട്രീയ ശൈലിക്കെതിരെ പ്രതികരിച്ചിരിക്കുന്നതെന്നും ഇത് രാഷ്ട്രീയ മാറ്റങ്ങളുടെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!