ടൈപ്പിസ്റ്റുകൾക്ക് ഇനി ക്ലാർക്കുമാരുടെ ചുമതലകളും; പോലീസ് വകുപ്പിൽ പുതിയ ഉത്തരവുമായി ഡി.ജി.പി.

Share our post

തൃശ്ശൂർ: സർ‍ക്കാർ ഓഫീസുകളിലെ ടൈപ്പിസ്റ്റുകളുടെ ജോലി പുനർനിർവചിക്കുന്നു. പോലീസ് വകുപ്പിൽ ഇത് നടപ്പാക്കി ഡി.ജി.പി. റവഡ ചന്ദ്രശേഖർ ഉത്തരവിറക്കി. മിനിസ്റ്റീരിയൽ വിഭാഗത്തിൽ ക്ലാർക്കുമാർ ചെയ്യുന്ന ജോലികൾ ഇനി ടൈപ്പിസ്റ്റുകളും ചെയ്യണം. കംപ്യൂട്ടർവത്‌കരണം നടന്നുകഴിഞ്ഞ പശ്ചാത്തലത്തിൽ പരമ്പരാഗത ടൈപ്പ് റൈറ്റിങ്‌ ജോലികൾ കുറഞ്ഞതിനാലാണു പുതിയ ഉത്തരവ്. പരാതികൾ, കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ജോലികൾ, സമൻസ്, വാറന്റ്‌, നോട്ടീസ് തുടങ്ങിയവയുടെ ജോലികൾ, ആയുധലൈസൻസ്, കാണാതായവരുമായി ബന്ധപ്പെട്ട ജോലികൾ, ബറ്റാലിയൻ നീക്കം, സമവായചർച്ചകൾ, റോഡ്സുരക്ഷ, പബ്ലിക് റിലേഷൻസ് തുടങ്ങിയവയുടെ ഓഫീസ്ജോലികൾക്ക് ഇനി ടൈപ്പിസ്റ്റുകളെയും ഉപയോഗിക്കാം.

ക്ലാർക്കുമാർ ചെയ്യാറുള്ള ജോലികളാണിത്. 55289 അംഗ പോലീസ്‌സേനയുമായി ബന്ധപ്പെട്ട ക്ലറിക്കൽജോലികൾക്ക് നിലവിൽ 1341 ക്ലാർക്കുമാർ മാത്രമാണുള്ളതെന്നും കംപ്യൂട്ടർവത്‌കരണം വന്ന സാഹചര്യത്തിൽ ടൈപ്പിസ്റ്റുമാരുടെ ജോലി കുറഞ്ഞുവെന്നും ഇവരെ ഫലപ്രദമായി വിനിയോഗിക്കേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു.

ഓരോ വകുപ്പിലും ജോലിരീതികൾ വേറേയാണെന്നതിനാൽ ഓരോ വകുപ്പും പ്രത്യേകം ഉത്തരവിറക്കിയാണ് ഇത് നടപ്പാക്കുന്നത്. 2010-ഓടെ സർക്കാർ ഓഫീസുകളിൽനിന്നും ടൈപ്പ്‌റൈറ്റർ അപ്രത്യക്ഷമായെങ്കിലും ടൈപ്പിസ്റ്റ് തസ്തിക പുനഃക്രമീകരിച്ചിരുന്നില്ല. ആറായിരത്തോളം ടൈപ്പിസ്റ്റുകളാണ് വിവിധ വകുപ്പുകളിലായുള്ളത്. നിലവിൽ ടൈപ്പിസ്റ്റ് തസ്തികയിലുള്ളവർ കംപ്യൂട്ടർജോലികൾ ഉൾപ്പെടെയുള്ളവയാണ് ചെയ്യുന്നത്. ഇ ഗവേണൻസിന്റെയും ഡിജിെറ്റെസേഷന്റെയും കാലത്ത് ഇത് ഒഴിവാക്കാൻ പറ്റാത്തതാണുതാനും. എന്നാൽ, എന്തിനൊക്കെ ഇവരെ ഉപയോഗപ്പെടുത്താം എന്നതുസംബന്ധിച്ച മാർഗനിർദേശം ഇതുവരെ ഉണ്ടായിരുന്നില്ല. ഇതാണ് ഇപ്പോൾ നിലവിൽവരുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!