രാജ്യത്തെ ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ ഉടന്‍ ട്രാക്കിലേക്ക്, പരീക്ഷണ ഓട്ടം വിജയകരം
പരവൂര്‍: പരിസ്ഥിതിസൗഹൃദമായ ഗതാഗത സംവിധാനങ്ങളിലേക്ക് രാജ്യം മാറുന്നതിന്റെ ഭാഗമായി ആദ്യത്തെ ഹൈഡ്രജന്‍ ട്രെയിന്‍ പുറത്തിറങ്ങി. ഹരിയാനയിലെ ജിന്ദ് – സോനിപത്ത് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ട്രെയിനിന്റെ ആദ്യ ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹരിയാനയിലെ ജിന്ദ് ജംഗ്ഷനില്‍ ട്രെയിനിന്റെ പ്രാഥമിക പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയാക്കി.
നീലയും വെള്ളയും കലര്‍ന്ന ആകര്‍ഷകമായ നിറത്തിലാണു ട്രെയിന്‍ രൂപകല്പന ചെയ്തിരിക്കുന്നത്. നിലവില്‍ ഡീസല്‍ ഉപയോഗിച്ച് ഓടുന്ന ട്രെയിനുകള്‍ക്കു പകരമായി മലിനീകരണം തീരെയില്ലാത്ത യാത്രാസംവിധാനമാണ് ഇതിലൂടെ റെയില്‍വേ ലക്ഷ്യമിടുന്നത്. ഡീസലിനുപകരം ഹൈഡ്രജന്‍ ഫ്യുവല്‍ സെല്ലുകള്‍ ഉപയോഗിച്ചാണ് ട്രെയിന്‍ പ്രവര്‍ത്തിക്കുന്നത്. മാരകമായ പുകയ്ക്കു പകരം നീരാവി മാത്രമാണ് ഈ ട്രെയിനില്‍നിന്ന് പുറന്തള്ളുക. ഇതു പരിസ്ഥിതിമലിനീകരണം പൂര്‍ണമായും ഒഴിവാക്കുന്നു.
വൈദ്യുതീകരിക്കാത്ത ട്രാക്കുകളില്‍ ഓടിക്കാന്‍ കഴിയുന്ന രീതിയിലാണ് ഇതിന്റെ നിര്‍മാണം. ജിന്ദ് – സോനിപത്ത് റൂട്ടിനുശേഷം രാജ്യത്തെ മറ്റു ഗ്രാമീണ മേഖലകളിലേക്കും ഈ സേവനം വ്യാപിപ്പിക്കും.
ട്രെയിനുകള്‍ക്ക് ഇന്ധനം നിറയ്ക്കുന്നതിനായി ജിന്ദില്‍ പ്രത്യേക ഹൈഡ്രജന്‍ ഫ്യുവല്‍ സ്റ്റേഷനും സജ്ജമാക്കിയിട്ടുണ്ട്. ഡീസല്‍ എന്‍ജിനുകളോടു കിടപിടിക്കുന്ന വേഗതയും കാര്യക്ഷമതയും ഹൈഡ്രജന്‍ ട്രെയിനുകള്ക്കുമുണ്ടെന്നാണ് പരീക്ഷണങ്ങളില്‍നിന്നു വ്യക്തമായത്. 2070ഓടെ കാര്‍ബണ്‍ പുറന്തള്ളല്‍ പൂജ്യത്തിലെത്തിക്കുക എന്ന രാജ്യത്തിന്റെ വലിയ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവയ്പാണ് ഈ ഹൈഡ്രജന്‍ ട്രെയിന്‍.
