ജില്ലയിൽ മിക്കയിടങ്ങളിലും കനത്ത മഴ
കണ്ണൂർ : വേനൽച്ചൂടിന് ആശ്വാസമായി ജില്ലയിൽ പലയിടങ്ങളിലും കനത്ത മഴ. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് ഇടിമിന്നലോടെ മഴ പെയ്തുതുടങ്ങിയത്. ചില സ്ഥലങ്ങളിൽ ശക്തമായ കാറ്റുമുണ്ടായി.
ചിലയിടങ്ങളിൽ വൈദ്യുതി വിതരണം നിലച്ചു. കണ്ണൂരിലും ഇരിട്ടിയിലും വൈകീട്ട് ഏഴോടെ തുടങ്ങിയ ശക്തമായ മഴ ഒരുമണിക്കൂറോളം നീണ്ടു. കണ്ണൂർ നഗരത്തിൽ ഗതാഗതത്തെയും മഴ ബാധിച്ചു.
ഉളിക്കൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയോടൊപ്പം ശക്തമായ കാറ്റുമുണ്ടായി. ഇവിടങ്ങളിൽ വൈദ്യുതിവിതരണം നിലച്ചു. പേരാവൂർ, കണിച്ചാർ, ചെറുവാഞ്ചേരി, മയ്യഴി, പാനൂർ, പാട്യം, കതിരൂർ തുടങ്ങിയ സ്ഥലങ്ങളിൽ താരതമ്യേന ചെറിയ മഴയാണ് ലഭിച്ചത്.
