മുണ്ടയാംപറമ്പ് മേടത്തിറ മഹോത്സവം
ഇരിട്ടി: കനത്ത ചൂടും വകവയ്ക്കാതെ മുണ്ടയാംപറമ്പ് തറക്കുമീത്തൽ ഭഗവതി ക്ഷേത്രം മേടത്തിറ മഹോത്സവത്തിന് വൻ ഭക്തജനത്തിരക്ക്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നു മാത്രമെല്ല, വടകര, പയ്യോളി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നടക്കം നിരവധി ഭക്തരാണ് ക്ഷേത്ര ദർശനത്തിന് എത്തിയത്.
ചൊവ്വാഴ്ച പുലർച്ചെ ആറോടെ തന്നെ ക്ഷേത്രനഗരിയും സമീപ പ്രദേശങ്ങളും വാഹനങ്ങളെയും ജനങ്ങളെയും കൊണ്ട് നിറഞ്ഞു. മുൻകാലങ്ങളെ അപേക്ഷിച്ച് സ്ത്രീജനങ്ങളുടെ വലിയ ബാഹുല്യവും ഇത്തവണ അനുഭവപ്പെട്ടു. ക്ഷേത്രത്തിൽ എത്തിച്ചേരുന്നവർക്കായി ദേവസ്വവും ക്ഷേത്രോത്സവക്കമ്മിറ്റിയും ചേർന്ന് വിപുലമായ ഒരുക്കങ്ങൾ നടത്തിയിരുന്നു. ഉത്സവത്തിനെത്തി ച്ചേരുന്ന മുഴുവൻ ജനങ്ങൾക്കും അന്നദാനവും ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ അറിവിലാൻ ദൈവത്തിറ തുടർന്ന് രാവിലെ പെരുമ്പേശൻ ദൈവത്തിറ എന്നിവയ്ക്ക് ശേഷം ഉച്ചയ്ക്ക് മേടത്തിറ മഹോത്സവത്തിലെ പ്രധാന ചടങ്ങായ കുണ്ടുങ്കര ചോറുകോരൽ നടന്നു. വൈകുന്നേരം വലിയ തമ്പുരാട്ടിത്തിറ, രാത്രി തിറ അടിയന്തരം എന്നിവ നടന്നു.
ഇന്നു പുലർച്ചെ ഭഗവതിയുടെ കുളിച്ചെഴുന്നള്ളത്ത്, ഒന്പതിന് ചെറിയ തമ്പുരാട്ടിത്തിറയ്ക്ക് ശേഷം ഉച്ചയോടെ ഉത്സവം സമാപിക്കും. വിവിധ ദളിത് സംഘടനകൾ പ്രഖ്യാപിച്ച കേരളാ ഹർത്താൽ മേടത്തിറ മഹോത്സവത്തെ ബാധിച്ചില്ല.
