ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റി; യാത്രക്കാർ പൊരിവെയിലിൽ

Share our post

തളിപ്പറമ്പ് : ചിറവക്കിലെ ബസ് കാത്തിരിപ്പു കേന്ദ്രം പൊളിച്ചുമാറ്റിയതിനെ തുടർന്ന് കടുത്ത ചൂടിൽ യാത്രക്കാർ ബുദ്ധിമുട്ടിലായി. എം.എൽ.എ. ഫണ്ടിൽ നിന്നുള്ള തുക ചെലവഴിച്ചുള്ള നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഇവിടെ പുതിയ കാത്തിരിപ്പു കേന്ദ്രം പണിയുന്നുണ്ട്. ഇതിന്റെഭാഗമായാണ് നിലവിലുള്ള കാത്തിരിപ്പു കേന്ദ്രം പൊളിച്ചത്. പകരം സംവിധാനമൊരുക്കാതെ കാത്തിരിപ്പുകേന്ദ്രം പൊളിച്ചതു കാരണം കയറി നിൽക്കാൻ ഇടമില്ലാതെ ജനം വലയുകയാണ്. കുട്ടികളും സ്ത്രീകളും തൊട്ടടുത്തുള്ള ആസ്പത്രിയിൽ പോയി വരുന്ന രോഗികളും അടക്കമുള്ളവരാണ് ഇവിടെ ബസ് കാത്തുനില്ക്കുന്നത്.

പയ്യന്നൂർ ഭാഗത്തേക്കും ശ്രീകണ്ഠപുരം, ആലക്കോട് ഭാഗങ്ങളിലേക്ക് പോകുന്നവരാണ് ഇവിടെ ബസ് കാത്തു നില്ക്കുന്നത്. റോഡരികിൽ വെയിലു കൊള്ളാതെ നില്ക്കാൻ ഇവിടെ മറ്റു മാർഗങ്ങൾ ഒന്നുമില്ല. കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റിയിട്ട് ഇരുപത് ദിവസത്തോളമായി. ഇവിടെ സ്പോൺസറെ കണ്ടെത്തിയാണ് നഗരസഭ റോഡിന്റെ ഇരുഭാഗത്തെ സ്റ്റോപ്പുകളിലും പുതിയ രണ്ട് കാത്തിരിപ്പുകേന്ദ്രങ്ങൾ പണിതത്. അതിൽ ഒരു ഭാഗത്തുള്ളതാണ് പൊളിച്ചു മാറ്റിയത്. രണ്ടുവർഷം മുൻപാണ് രണ്ടര ലക്ഷം ചെലവിട്ട് ഇവ പണിതത്. നല്ല രീതിയിലുള്ള കാത്തിരിപ്പുകേന്ദ്രമാണ് ഇവിടെ നിർമിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!