യു.ഡി.എഫിന് ആവേശമായി ഡി.കെ. ശിവകുമാർ
കണ്ണൂർ: യു.ഡി.എഫ് സ്ഥാനാർത്ഥി ടി.ഒ മോഹനന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി കർണ്ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കണ്ണൂരിലെത്തി. തുറന്ന വാഹനത്തിൽ കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നിന്നാരംഭിച്ച റോഡ് ഷോ കണ്ണൂർ സിറ്റിയിൽ സമാപിച്ചു. കെ. സുധാകരൻ എം.പിയും എൻ.എ. ഹാരിസ് എം.എൽഎയും ഒപ്പമുണ്ടായിരുന്നു .
ഇരു ചക്ര വാഹനങ്ങളും ഡി.ജെ സെറ്റും വാദ്യങ്ങളുമായി കത്തുന്നവെയിൽ വകവെക്കാതെ ഉജ്വല പ്രകടനത്തോടെയാണ് കണ്ണൂർ പട്ടണത്തിൽ റോഡ് ഷോ നടത്തിയത്. കർണ്ണാടകയിൽ കോൺഗ്രസ് വിജയകരമായി നടപ്പിലാക്കിയ അഞ്ചിന പദ്ധതികളുടെ ഗ്യാരണ്ടിയാണ് യു.ഡി.എഫ് പ്രഖ്യാപിച്ചത്. കേരളത്തിലും ഇത് നടപ്പിലാക്കാൻ സാധിക്കും. യു.ഡി.എഫിനെ വിജയിപ്പിക്കാൻ പ്രവർത്തകർ കഠിനാധ്വാനം ചെയ്യണമെന്ന് ഡി.കെ ശിവകുമാർ ആവശ്യപ്പെട്ടു.
ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, ഇലക്ഷൻ കമ്മിറ്റി ചെയർമാൻ അഡ്വ. എം.പി മുഹമ്മദലി, കൺവീനർ രാജീവൻ എളയാവൂർ, മേയർ പി. ഇന്ദിര, മുസ്ലിഹ് മഠത്തിൽ, മനോജ് കൂവേരി, രാഹുൽ കായക്കൽ, റഷീദ് കവ്വായി എന്നിവരും യു.ഡി.എഫ് നേതാക്കളും റോഡ് ഷോക്ക് നേതൃത്വം നൽകി.
