ആറളത്ത് പുതിയ ആനമതിലും ആന തകർത്തു
ഇരിട്ടി: ആറളം പൂക്കുണ്ട് ഭാഗത്ത് ആനമതിലിന്റെ ഒരു ഭാഗം കാട്ടാന തകർത്തു. കഴിഞ്ഞ ദിവസം ആന മതിലിന്റെ നിർമാണവുമായി ബന്ധപ്പെട്ട് നടക്കുന്ന കൃത്രിമങ്ങൾ ദീപിക റിപ്പോർട്ട് ചെയ്തിരുന്നു. ആവശ്യമായ സിമന്റ് മിശ്രിതം ചേർക്കാതെ വെറും കരിങ്കല്ലുകൾ മാത്രം അട്ടിയിട്ട് വെളിയിൽ നിന്നുമാത്രം സിമന്റ് പൂശി ഓട്ടയടയ്ക്കുന്ന നിർമാണം നടത്തുന്ന വിവരമാണ് ദീപിക റിപ്പോർട്ട് ചെയ്തത്. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് പുനരധിവാസ മേഖലയിലെ പൂക്കുണ്ടിൽ കഴിഞ്ഞ ദിവസം ആന മതിൽ തകർത്തത് .
തകർത്ത ഭാഗത്ത് വെറും കരിങ്കല്ലുകൾ മാത്രമാണ് കാണാനുള്ളത്. സിമന്റ് മിശ്രിതം ഉപയോഗിച്ച് കരിങ്കല്ലുകൾ കെട്ടണമെന്ന് കരാറിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും നിർമാണത്തിൽ ഒന്നും പാലിക്കുന്നില്ല.
പൂക്കുണ്ട് മേഖല ആനത്താര
ആറളം വന്യജീവി സങ്കേതത്തിൽ നിന്ന് പുനരധിവാസ മേഖലയിലേക്ക് ആനകൾ പ്രവേശിക്കുന്ന പ്രധാന ആനത്താരയിൽ ഒന്നാണ് പൂക്കുണ്ട്. കൂടുതൽ സുരക്ഷ ഉറപ്പാക്കേണ്ട സ്ഥലത്ത് നിർമിച്ച ആനമതിൽ തകർത്താണ് ആന ജനവാസ കേന്ദ്രത്തിൽ കയറിയത്. ആന മതിലിന്റെ നിർമാണം പൂർത്തിയാക്കിയെങ്കിലും മതിലിന്റെ മുകൾഭാഗത്തെ കോൺക്രീറ്റ് ബെൽറ്റ് നിർമാണം വൈകുന്നതും ആനകൾ മതിൽ പൊളിക്കുന്നതിന് മറ്റൊരു കാരണമാണ്.
