30 കോടിയുടെ ബമ്പർ ഭാഗ്യവാന്റെ പേര് അൽപ്പസമയത്തിനകം, കിട്ടുന്നത് ഈ തുക; ഖജനാവിനും ഏജന്റുമാർക്കും ‘ലോട്ടറി’
കാഞ്ഞങ്ങാട്: കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 30 കോടി രൂപയുടെ ഭാഗ്യം പിറക്കാൻ ഇനി അൽപ്പനേരം മാത്രം. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കാണ് തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പ്. തിരുവനന്തപുരം ഗോർഖി ഭവനിൽ ഉച്ചക്ക് 1.30-ന് ഉദ്ഘാടനച്ചടങ്ങ് നടക്കും. മന്ത്രി കെ.മുരളീധരനാണ് ഉദ്ഘാടനം ചെയ്യുക.
കേരള ലോട്ടറിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റതും ഈ തിരുവോണം ബമ്പറിലാണ്. ഓണം ബമ്പർ വിൽപ്പനയിലൂടെ വിജയികൾക്ക് മാത്രമല്ല, ഏജന്റുമാർക്കും സർക്കാരിനുമെല്ലാം വലിയ നേട്ടമാണ് ഉണ്ടായിരിക്കുന്നത് എന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. ഓണം ബമ്പർ സംബന്ധിച്ച സമ്പൂർണ വിവരങ്ങൾ അറിയാം:
കണക്കുകൾ ഇങ്ങനെ
- വിറ്റത് 90 ലക്ഷം ടിക്കറ്റുകൾ
- വിറ്റുവരവ് 450 കോടി രൂപ
- ടിക്കറ്റ് വില 500 രൂപ
- ഏജന്റുമാർക്ക് സർക്കാർ കൊടുക്കുന്നത് 411 രൂപയ്ക്ക്
- ഒരു ടിക്കറ്റ് വിൽക്കുമ്പോൾ ഏജൻസി കമ്മിഷനും ജി.എസ്.ടി.യും കഴിച്ച് സർക്കാരിന് കിട്ടുന്നത് 268 രൂപ
- തിരുവോണം ബമ്പറിൽ സർക്കാർ ഖജനാവിലെത്തിയത് 241.20 കോടി രൂപ
- ജി.എസ്.ടി. ഇനത്തിൽ (സെൻട്രൽ-സ്റ്റേറ്റ്) ആകെ ലഭിച്ചത് 128.52 കോടി രൂപ
- ആകെ സമ്മാനങ്ങളുടെ എണ്ണം 5,34,670
- ആകെ സമ്മാനത്തുക 125,54,00,000
- ഏജൻസി കമ്മീഷൻ ആകെ 12,55,40,000
ഒന്നാം സമ്മാനം അടിച്ചാൽ എത്ര കിട്ടും?
- ഒന്നാം സമ്മാനം ലഭിച്ചാൽ കിട്ടുന്നത് 30 കോടി രൂപ
- ഏജൻസി കമ്മീഷൻ മൂന്ന് കോടി രൂപ
- ബാക്കി 27 കോടി രൂപയുടെ അടിസ്ഥാന ആദായ നികുതി 8.10 കോടി രൂപ
- 8.10 കോടി രൂപയുടെ 25 ശതമാനം സർച്ചാർജ് 2,02,50,000 രൂപ
- അടിസ്ഥാന ആദായനികുതിയും സർച്ചാർജും കൂട്ടിയാൽ 10,12,50,000 രൂപ
- ഇതിന്റെ നാല് ശതമാനം സെസ്-40.50 ലക്ഷം രൂപ
- ഇത് മൂന്നും കൂടി കൂട്ടിയാൽ 10.53 കോടി രൂപ
- 27 കോടി രൂപയിൽ നിന്ന് 10.53 കോടി കുറച്ച് 16.47 കോടി രൂപയാണ് വിജയിക്ക് കിട്ടുക
