ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം: സംസ്ഥാനത്ത് മഴ ശക്തമാകുന്നു; ഇടുക്കിയിലും കോട്ടയത്തും മണ്ണിടിച്ചിൽ

Share our post

കൊച്ചി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടുക്കി, കോട്ടയം ജില്ലകളിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മാസം 24-ാം തീയതി വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്. മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും ഡാം പരിസരങ്ങളിൽ ഉള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

കോട്ടയത്ത് കിഴക്കൻ മേഖലയിൽ അതിശക്തമായ മഴയാണ് അനുഭവപ്പെടുന്നത്. തീക്കോയി, തലനാട്, വാഗമൺ ഭാഗങ്ങളിൽ വൈകുന്നേരം നാലുമണിമുതൽ നിർത്താതെ മഴ പെയ്യുകയാണ്. കോട്ടയം കാരിക്കാട് ടോപ്പിൽ മണ്ണിടിച്ചിലുണ്ടായി. ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രണ്ടുകാറുകൾക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞുവീണത്.

യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഗതാഗതം തടസ്സപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും നിലവിൽ ആശങ്കപ്പേടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

ഇടുക്കി വട്ടവടയിൽ ഷെഡ്ഡിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. മൂന്നാറിൽ നിന്ന് 40 കിലോമീറ്റർ അകലെ കൊട്ടക്കമ്പൂർ അമ്മൻ കോവിലിന് സമീപമാണ് അപകടമുണ്ടായത്. മരിച്ച രണ്ടുപേരുടേയും മൃതദേഹം പുറത്തെടുത്തു. ചിന്നമ്മ, ബാലചന്ദ്രൻ എന്നിവരാണ് മരിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!