ടൂറിസ്റ്റ് ബസുകളുടെ വെള്ളനിറം മാറ്റാനുള്ള തീരുമാനം: ഉത്തരവായില്ല; നിറം മാറ്റിയ വണ്ടികളുടെ ഉടമകൾ പ്രതിസന്ധിയിൽ
കൊല്ലം: സംസ്ഥാനത്ത് ടൂറിസ്റ്റ് ബസുകളുടെ വെള്ള നിറം മാറ്റാമെന്ന തീരുമാനത്തില്‍ ഉത്തരവ് പുറത്തുവരാത്തതിനെ തുടർന്ന് പ്രതിസന്ധിയിലായി ബസുടമകൾ. തീരുമാനം വന്നതിന് പിന്നാലെ ബസുകളുടെ നിറം മാറ്റിയതും പുതിയതായി പണികഴിപ്പിച്ച ബസുകൾക്ക് വെള്ള നിറം ഒഴിവാക്കിയതുമാണ് വിനയായത്. നിറം മാറ്റിയ ടൂറിസ്റ്റ് ബസുകള്‍ നിലവില്‍ നിരത്തിലിറക്കാന്‍ കഴിയാത്ത അവസ്ഥയായതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ടൂറിസ്റ്റ് ബസ് ഉടമകള്‍. പുറത്തിറങ്ങിയാല്‍ പിഴ വീഴുമെന്നതാണ് കാരണം.
സര്‍ക്കാര്‍ ഉത്തരവ് പ്രതീക്ഷിച്ചാണ് ഉടമകള്‍ ബസിന്റെ നിറം മാറ്റിയത്. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി സര്‍ക്കാരിന് നല്കിയ ശുപാര്‍ശയിലായിരുന്നു സര്‍ക്കാര്‍ തീരുമാനം. മാസങ്ങള്‍ക്ക് മുമ്പാണ് ഈ തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. വെള്ളനിറം മാറ്റിയ ബസുകള്‍ക്ക് പുറമേ പുതുതായി പണികഴിപ്പിച്ച ബസുകളും ഇതേ അവസ്ഥയിലാണ്. 160ല്‍ അധികം ബസുകളാണ് പുതിയതായി പണികഴിപ്പിച്ച് ബെംഗളുരുവില്‍ നിന്നും സംസ്ഥാനത്ത് എത്തിച്ചിട്ടുള്ളത്. ഈ ബസുകളും നിലവില്‍ പുറത്തിറക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
ബസുകൾ നിരത്തിലിറക്കാൻ കഴിയാത്ത സാഹചര്യം മുഖ്യമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തിയതായി ബസ് ഉടമകൾ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു. ഉത്തരവ് പുറത്തിറങ്ങാൻ അധികം കാലതാമസം വരില്ലെന്ന നിഗമനത്തിലാണ് നിറം മാറ്റിയതെന്നും അവർ പറയുന്നു.
‘ബസുകളുടെ നിറം മാറ്റാമെന്നതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങാന്‍ ചെറിയ കാലയളവ് മാത്രമേ ഉണ്ടാകൂവെന്നാണ് കരുതിയിരുന്നത്. ഉത്തരവ് സംബന്ധിച്ച അറിയിപ്പ് ഒരു ആര്‍ടിഒ ഓഫീസുകളിലും വന്നിട്ടില്ല. അമ്പത് ലക്ഷത്തിന് മേല്‍ ഫിനാന്‍സ് ഇട്ടിരിക്കുന്ന ബസുകളാണ് പുറത്തിറക്കാന്‍ കഴിയാതെ കിടക്കുന്നത്. രജിസ്ട്രേഷന് ലഭിക്കില്ല. മൂന്ന് മാസമായി വണ്ടികള്‍ ഇത്തരത്തില്‍ വെറുതെ കിടക്കുകയാണ്. കടം വാങ്ങി ഫിനാന്‍സ് അടയ്ക്കേണ്ട സ്ഥിതിയാണ്. മുഖ്യമന്ത്രിയ്ക്കും ഗതാഗതമന്ത്രിക്കും ഉള്‍പ്പെടെ ഇക്കാര്യം ചൂണ്ടിക്കാട്ടി നിവേദനം നല്‍കിയിട്ടുണ്ട്’, ബസ് ഉടമകള്‍ പറയുന്നു.
അതേസമയം സംഭവത്തില്‍ ഗതാഗതമന്ത്രി സി പി ജോണ്‍ പ്രതികരണവുമായി രംഗത്തെത്തി. ടൂറിസ്റ്റ് ബസുകളില്‍ ഇഷ്ടനിറമടിക്കാമെന്നും ഉത്തരവ് അന്തിമഘട്ടത്തിലാണെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസ്റ്റ് ബസുകളില്‍ ഉടമസ്ഥര്‍ക്ക് ഇഷ്ട നിറം അടിക്കുന്നതില്‍ തടസമില്ലെന്നും നിറംമാറ്റം സംബന്ധിച്ച് ഉടന്‍ തന്നെ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് ഇറക്കുന്നതില്‍ മുമ്പ് ചില നിയമപരമായ തടസങ്ങള്‍ ഉണ്ടായിരുന്നു. വിഷയത്തില്‍ ഹൈക്കോടതിയുടെ പരാമര്‍ശങ്ങളെ മറികടക്കാന്‍ സര്‍ക്കാറിന് സാധിക്കില്ല. ഹൈക്കോടതി നിബന്ധനകള്‍ പാലിച്ചു നിറംമാറ്റം അനുവദിക്കുന്നതില്‍ സര്‍ക്കാരിന് വിരോധമില്ലെന്നും അദ്ദേഹം പറഞ്ഞു.
വാഹനത്തിന്റെ നിറവും റോഡ് സുരക്ഷയും തമ്മില്‍ ബന്ധമുണ്ടെന്നതിന് ശാസ്ത്രീയമായ യാതൊരു അടിസ്ഥാനവുമില്ലെന്നായിരുന്നു ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ പ്രധാന കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ടൂറിസ്റ്റ് ബസുകൾക്ക് ഇഷ്ട നിറം ആകാമെന്ന സര്‍ക്കാരിന്റെ തീരുമാനം. പാലക്കാട് വടക്കഞ്ചേരിയില്‍ 2022 ഒക്ടോബറില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കേരളത്തില്‍ ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത വെള്ള നിറം കര്‍ശനമാക്കിയത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ക്കാണ് അപകടത്തില്‍ ജീവന് നഷ്ടപ്പെട്ടത്.
