പണമല്ല ‘പവറാ’ണ് പ്രധാനം; കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങും, പ്രതിസന്ധി പരിഹരിക്കുക ലക്ഷ്യമെന്ന് മന്ത്രി
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ അതിവേഗം നടപടികൾ പുരോഗമിക്കുന്നതായി മന്ത്രി സണ്ണി ജോസഫ്. ഇന്നലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേർന്ന യോഗം, വിഷയം ഗൗരവമായി ചര്‍ച്ച ചെയ്തെന്ന് മന്ത്രി അറിയിച്ചു. കിട്ടാവുന്ന എല്ലായിടത്തുനിന്നും വൈദ്യുതി വാങ്ങാനാണ് ആലോചിക്കുന്നത്. വില കൂടുതല്‍ നല്കിയാലും വൈദ്യുതി വാങ്ങുകയെന്നതാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
എന്‍ടിപിസിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ ആണ് ശ്രമം നടത്തുന്നതെന്ന് വൈദ്യുതി മന്ത്രി പറഞ്ഞു. 30 രൂപക്ക് വാങ്ങുന്നത് സാമ്പത്തിക ബാധ്യതയാണെങ്കിലും അടിയന്തര സാഹചര്യത്തില്‍ വാങ്ങുക എന്നത് മാത്രമാണ് നിലവിലെ ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. എന്‍ടിപിസി സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ വലിയ കടമ്പകളില്ലാതെ വാങ്ങാനാവും. എന്‍ടിപിസിയുമായി കെഎസ്ഇബി സിഎംഡി ബുധനാഴ്ച്ച ചര്‍ച്ച നടത്തും. എന്നാല്‍ എന്‍ടിപിസി അവസാന ഓപ്ഷനല്ലായെന്നും മന്ത്രി പറഞ്ഞു. അധിക വില കൊടുത്ത് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത ജനങ്ങളിലേക്ക് എത്തില്ല എന്ന് പറയാനാവില്ലെന്നും ഒരുപാട് ഓപ്ഷനുകള്‍ സര്‍ക്കാര്‍ തേടുന്നുണ്ടെന്നുമാണ് മന്ത്രി പറയുന്നത്. കാലാവസ്ഥയില്‍ മാറ്റം വന്നതോടെ വൈദ്യുതി ഉപഭോഗം കൂടി. ഇതാണ് വൈദ്യുതി പ്രതിസന്ധിക്ക് ആക്കം കൂട്ടിയത്.
അധിക വൈദ്യുതി സാധ്യത തേടി ഡയറക്ടര്‍ ബോര്‍ഡ് ഇന്ന് ഉത്തരേന്ത്യയിലെത്തും. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ചര്‍ച്ചയ്ക്ക് പോകുന്നത് രണ്ട് ഡയറക്ടര്‍മാരാണ്. ഫിനാന്‍സ് ഡയറക്ടര്‍ ആര് ബിജു, സിസ്റ്റം ഓപ്പറേഷന്‍സ് ഡയറക്ടര്‍ ബി ശിവദാസ് എന്നിവരാണ് ഉത്തരേന്ത്യയിലെത്തുക.
അതേസമയം, സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിനായക ചതുര്‍ത്ഥി അവധിയായതിനാല്‍ ഇന്ന് കൂടതൽ വൈദ്യുതി ലഭിക്കുമെന്നാണ് പ്രതീക്ഷ. അപ്രതീക്ഷിതമായി മഴ ലഭിച്ചതിലും പ്രതീക്ഷയുണ്ട്. സംസ്ഥാനത്ത് ഇന്നലെയും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നില്ല.
വൈദ്യുതി പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ കെഎസ്ഇബി സിഎംഡി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുണ്ട്. ഉയര്‍ന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതിലാണ് ചര്‍ച്ച നടത്തുക. എന്‍ടിപിസിയില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിലും അന്തിമ തീരുമാനമുണ്ടാകും.
