താമരശേരിയിൽ ബെൻസ് കാറിന് സൈഡ് കൊടുക്കാത്തതിൽ മർദനം; പോക്‌സോ കേസെടുത്തിട്ടും അറസ്റ്റില്ല; പൊലീസിനെതിരെ ഗുരുതര ആരോപണം
കോഴിക്കോട്: താമരശ്ശേരി പെരുമ്പള്ളിയിൽ കുടുംബത്തിന് നേരെ നടന്ന അക്രമത്തിൽ പത്ത് ദിവസം കഴിഞ്ഞിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാതെ പൊലീസ് സംരക്ഷിക്കുകയാണെന്ന് ആരോപണം. അടിവാരം സ്വദേശി നൗഫൽ, റഷീദ്, സിറാജ്, ജാഫർ എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന എട്ട് പേർക്കെതിരെയാണ് പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി കേസെടുത്തിട്ടുള്ളത്.
ഈ മാസം നാലാം തീയതി രാത്രി താമരശ്ശേരി ചുരമിറങ്ങി വരികയായിരുന്ന കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. എതിർദിശയിൽ ബെൻസ് കാറിലെത്തിയ സംഘവുമായി കാറിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കുടുംബത്തിലെ യുവാവിനെയും തടയാനെത്തിയ മാതാവിനെയും പ്രായപൂർത്തിയാകാത്ത മകളെയും സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
പ്രതികൾ സാമ്പത്തിക ശേഷിയും ഉന്നത ബന്ധങ്ങളുമുള്ളവരായതിനാലാണ് പൊലീസ് നടപടിയെടുക്കാൻ മടിക്കുന്നതെന്ന് കുടുംബം വ്യക്തമാക്കുന്നു. പ്രതികളിൽ നിന്ന് ഇപ്പോഴും ഭീഷണിയുണ്ടെന്നും അർഹമായ നീതി ലഭിച്ചില്ലെങ്കിൽ താമരശ്ശേരി പൊലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരിപ്പ് സമരം ആരംഭിക്കുമെന്നും കുടുംബം മുന്നറിയിപ്പ് നൽകി. തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ സിറ്റി കമ്മീഷണർക്കും ഡിജിപിക്കും പരാതി നൽകാനാണ് കുടുംബത്തിന്റെ തീരുമാനം.
