‘നിങ്ങൾ അടച്ച കാശ് കുറവാണ്…’; ട്രെയിൻ വഴി അയയ്ക്കുന്ന ‍വാഹനങ്ങളിൽനിന്ന് ഫോൺ നമ്പരെടുത്ത് തട്ടിപ്പ്

Share our post

കൊല്ലം: ട്രെയിൻ വഴി വാഹനങ്ങൾ അയയ്ക്കാൻ ഒരുക്കിവെക്കുന്നതിൽനിന്ന് ഫോൺ നമ്പരും വിലാസവുമെടുത്ത് യാത്രക്കാരെ കബളിപ്പിച്ച് പണംതട്ടുന്ന രീതി പെരുകുന്നു. നിങ്ങൾ അടച്ച കാശ് കുറവാണ്. ഇത്ര തുകകൂടി അടച്ചാലേ വണ്ടി അയയ്ക്കാൻ പറ്റൂ എന്നു പറഞ്ഞ് ഗൂഗിൾ പേ നമ്പർ കൊടുത്ത് പണം പിടുങ്ങുന്നതാണ് തട്ടിപ്പുരീതി. സംശയംതോന്നി ചിലർ റെയിൽവേ പാർസൽ സർവീസിൽ നേരിട്ട് വിളിച്ചപ്പോഴാണ് അധികൃതർക്ക് വിവരം ലഭിച്ചത്. വിലാസവും വണ്ടിയുടെ പ്രത്യേകതകളുമെല്ലാം കൃത്യമായി പറയുന്നതുകൊണ്ട് ഉപഭോക്താക്കളിൽ പലരും കബളിപ്പിക്കപ്പെടുന്നു.

കഴിഞ്ഞദിവസം തിരുവനന്തപുരത്തുനിന്ന് ന്യൂഡൽഹിക്ക് ബൈക്ക് ബുക്ക് ചെയ്ത ഒരു സൈനികന് ഫോൺ കോൾ വന്നു. ടിക്കറ്റെടുത്തിട്ടില്ലെന്നും അതിനുള്ള പണം ഗൂഗിൾ പേ ചെയ്താലേ വണ്ടി കയറ്റിവിടൂ എന്നുമാണ് പറഞ്ഞത്. ട്രെയിൻ വിടാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴായതിനാൽ പറഞ്ഞപ്പോൾ 560 രൂപ അയച്ചുകൊടുത്തു. പിന്നീട് റെയിൽവേയിൽ അന്വേഷിച്ചപ്പോഴാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് മനസ്സിലായത്. പാർസൽ ബുക്ക് ചെയ്യുമ്പോൾതന്നെ റെയിൽവേ വേണ്ട തുക വാങ്ങും. പിന്നീട് ഫോണിൽ വിളിച്ച് ഗുഗിൾ പേ ചെയ്യുന്ന രീതി റെയിൽവേയിൽ നിലവില്ല. ഇത് മനസ്സിലാക്കാത്തവരാണ് തട്ടിപ്പിന് വിധേയരാകുന്നത്.

കൊല്ലം സ്വദേശിയായ മറ്റൊരു യാത്രികന് പുണെയിൽവെച്ച് മോശം അനുഭവം ഉണ്ടായി. വണ്ടി അയയ്ക്കണമെങ്കിൽ എൻ.ഒ.സി. വേണമെന്നാവശ്യപ്പെടുകയും അതിന് ഏജന്റ് വന്ന് 7,500 രൂപ ഈടാക്കുകയുമായിരുന്നു. എന്നാൽ, റെയിൽവേ അങ്ങനെ എൻ.ഒ.സി. ആവശ്യപ്പെടുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെനിന്ന് 4,000 രൂപ ചെലവിൽ കൊണ്ടുപോയ ബൈക്കിനാണ് തിരിച്ചുകൊണ്ടുവരാൻ 7,500 രൂപയായത്. മഡ്ഗാവിൽനിന്ന്‌ ബുക്ക്ചെയ്ത ബൈക്കുടമയ്ക്കും കൂടുതൽ പണം ആവശ്യപ്പെട്ട് ഫോൺകോൾ വന്നു. റെയിൽവേ സ്റ്റേഷനിൽ വണ്ടിയിൽ കയറ്റാനായി നിർത്തിയിടുന്ന ബൈക്കിൽ വിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തുന്നതാണ് തട്ടിപ്പുകാർക്ക് സൗകര്യമൊരുക്കുന്നത്.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!