വൈദ്യുതി പ്രതിസന്ധി: മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്നു, പരിഹാരത്തിന് നിര്‍ദ്ദേശം നൽകി
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, കെഎസ്ഇബി സിഎംഡി രാജമാണിക്യം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. പ്രതിസന്ധിയില്‍ അടിയന്തര പരിഹാരം കാണാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്നും 10 രൂപ നിരക്കില്‍ വൈദ്യുതി വാങ്ങാനായുള്ള പദ്ധതികള്‍ അടിയന്തരമായി നടപ്പാക്കാനുള്ള ചര്‍ച്ചകള്‍ യോഗത്തില്‍ ഉണ്ടായി.
വൈദ്യുതി നിയന്ത്രണം 6.45 മുതലായിരുന്നു ഇതുവരെ ആരംഭിച്ചിരുന്നത്. ഇന്നു തൊട്ട് 6.15 മുതല്‍ നിയന്ത്രണം ആരംഭിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. 25 മിനിറ്റായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക.
എന്നാല്‍ നിലവിലെ സാഹചര്യം സ്വിച്ചിട്ടതു പോലെ നിര്‍ത്താന്‍ സാധിക്കുന്നതല്ലെന്ന് വൈദ്യുതി മന്ത്രി നേരത്തെ പറഞ്ഞിരുന്നു. പ്രതിസന്ധി തുടരുമെന്നും നിയന്ത്രണങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും വേണ്ടിവരുമെന്നുമാണ് മന്ത്രി വ്യക്തമാക്കിയിരുന്നു. ഏതെങ്കിലും ഒരു മാര്‍ക്കറ്റില്‍ പോയി വാങ്ങാവുന്ന കാര്യമല്ല ഇതെന്നും കരാറില്‍ ഏര്‍പ്പെടണമെങ്കില്‍ മാസങ്ങള്‍ എടുക്കണമെന്നും മന്ത്രി പറഞ്ഞിരുന്നു. ദിവസാടിസ്ഥാനത്തില്‍ വാങ്ങുന്ന സംവിധാനം ഉണ്ടെങ്കിലും അവിടെയൊന്നും അവയിലബിലിറ്റി ഇല്ല. അഖിലേന്ത്യാ തലത്തില്‍ തന്നെ ഉത്പാദനം കുറയുകയും ആവശ്യം കൂടുതയും ചെയ്യുമ്പോള്‍ വിതരണം കുറയുമെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
