ആക്രി വിറ്റു, ജീവിതം വാങ്ങാൻ; ഭർത്താവ് തീകൊളുത്തിയ യുവതിക്കും അമ്മയ്ക്കും സഹായം

Share our post

കരിവെള്ളൂർ : ‘ഇവർ ഞങ്ങളുടെ അമ്മയും സഹോദരിയുമാണ്, ഇരുവരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ നമ്മളല്ലെ മുന്നിട്ടിറങ്ങേണ്ടത്’ – പ്രിയപ്പെട്ടവരോടുള്ള സ്‌നേഹമാണു കൂക്കാനം യുവജനവേദി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വനിതാ കൂട്ടായ്മയുടെ വാക്കുകളിൽ തെളിയുന്നത്.

ഭർത്താവ് പെട്രോളൊഴിച്ചു തീകൊളുത്തിക്കൊല്ലാൻ ശ്രമിച്ച കൂക്കാനത്തെ പി.പ്രജിഷ (37), അമ്മ പി.പത്മിനി (56) എന്നിവരുടെ ചികിത്സയ്ക്ക് ആക്രി സാധനങ്ങൾ ശേഖരിച്ചു പണം കണ്ടെത്തുകയാണ് വനിതാ കൂട്ടായ്മ. കഴിഞ്ഞദിവസം രാവിലെ 10 മണി മുതൽ വൈകിട്ട് 7 വരെ പ്രദേശത്തെ വീടുകളിൽചെന്നാണ് ആക്രി സാധനങ്ങൾ ശേഖരിച്ചത്. ഇവ വിൽപന നടത്തി 23,500 രൂപ സമാഹരിച്ചു.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന പ്രജിഷയുടെയും പത്മിനിയുടെയും ചികിത്സയ്ക്ക് 75 ലക്ഷം രൂപയോളം ചെലവുവരും. നാടിന്റെ കൂട്ടായ്മയിൽ കമ്മിറ്റി രൂപീകരിച്ച് ധനസമാഹരണം നടത്തുന്നതിനിടയിലാണ് വനിതകളും രംഗത്തു വന്നത്. വരും ദിവസങ്ങളിൽ വേറിട്ട പ്രവർത്തനങ്ങളുമായി പണം കണ്ടെത്താനുള്ള തയാറെടുപ്പിലാണ് വനിതാ വേദി. സെക്രട്ടറി കെ.വി.സൂര്യ, പ്രസിഡന്റ് കെ.സുനിത എന്നിവരുടെ കൂട്ടായ്മയിലാണ് സന്നദ്ധ പ്രവർത്തനം നടന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!