ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസ്: പ്രതി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍

Share our post

കൊച്ചി: തൃക്കാക്കര ഭാരതമാതാ കോളേജ് മോര്‍ഫിങ് കേസില്‍ അറസ്റ്റിലായ കോളേജ് വിദ്യാര്‍ത്ഥി സനീഷ് സാമ്പത്തിക നേട്ടമുണ്ടാക്കിയതായി കണ്ടെത്തല്‍. ഒന്നാം പ്രതി ശ്രീഹരി ഗ്രൂപ്പില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സനീഷ് പണമുണ്ടാക്കിയത്. പണം സ്വീകരിക്കാന്‍ വ്യക്തികള്‍ക്ക് സനീഷ് ക്യുആര്‍ കോര്‍ഡ് അയച്ചു നല്‍കിയത് ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി. സനീഷും ശ്രീഹരിയും തമ്മില്‍ നേരിട്ട് പരിചയമില്ലെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഇരുവരും ഒരു മാസ് ഗ്രൂപ്പിലെ അംഗങ്ങളാണ്. ശ്രീഹരി ഗ്രൂപ്പില്‍ പങ്കുവച്ച ചിത്രങ്ങള്‍ ഗ്രൂപ്പില്‍ നിന്നെടുത്ത് സനീഷ് മറ്റൊരു ഗ്രൂപ്പുണ്ടാക്കി. ആ ക്ലോസ്ഡ് ഗ്രൂപ്പില്‍ പ്രവേശിക്കാനും സനീഷ് പണം ഈടാക്കിയിട്ടുണ്ട്. ആലപ്പുഴ കുറത്തികാട് സ്വദേശിയും മാവേലിക്കരയിലെ കോളജില്‍ ബികോം വിദ്യാര്‍ഥിയുമാണ് സനീഷ്.

കൂടുതല്‍ ദൃശ്യങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് അംഗങ്ങളില്‍ നിന്ന് സനീഷ് പണം ഈടാക്കിയതിന്‍രെ തെളിവുകളും പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വലിയ ടെലിഗ്രാം ഗ്രൂപ്പുകളില്‍ നിന്ന് പ്രത്യേക താത്പര്യമുള്ളവരെ കണ്ടെത്തി ചെറിയ സ്വകാര്യ ഗ്രൂപ്പുകള്‍ രൂപീകരിക്കുകയും പണം അയയ്ക്കുന്നതിനുള്ള ക്യുആര്‍ കോഡുകള്‍ പങ്കുവയ്ക്കുകയും ചെയ്യുകയായിരുന്നു ഇയാളുടെ പ്രവര്‍ത്തന രീതി. ഇയാള്‍ ടെലഗ്രാം ഗ്രൂപ്പിന്റെ അഡ്മിനായും പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. അതേസമയം പ്രതി ശ്രീഹരി ചിത്രങ്ങള്‍ ഉപയോഗിച്ച് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്.

18 മുതല്‍ 21 വരെ പ്രായമുള്ള കുട്ടികളാണ് ഇത്തരത്തില്‍ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ടെലഗ്രാമിന്റെ സുരക്ഷാ വലയം മറയാക്കി തങ്ങളുടെ പ്രവര്‍ത്തികള്‍ പിടിക്കപ്പെടില്ലെന്ന ധാരണയിലാണ് വിദ്യാര്‍ത്ഥികള്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടതെന്നും പൊലീസ് വിശദീകരിക്കുന്നു. ശ്രീഹരിയെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് ചോദ്യം ചെയ്തിരുന്നു. പ്രധാനപ്രതിയായ മലപ്പുറം സ്വദേശിക്കായും അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതല്‍ അറസ്റ്റുകള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നാണ് വിവരം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!