മമ്മൂട്ടി ജന്മദിന സ്പെഷ്യൽ രക്തദാന ക്യാമ്പെയിൻ വമ്പൻ ഹിറ്റ്‌! ഇതുവരെ പങ്കാളികളായത് ആയിരങ്ങൾ

Share our post

കൊച്ചി: മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ ആരാധക സംഘടനയായ മമ്മൂട്ടി ഫാൻസ് & വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ രൂപം നൽകിയ മെഗാ രക്തദാന ക്യാമ്പയിന് ലോകമെമ്പാടും മികച്ച പ്രതികരണം. 40,000 പേരുടെ രക്തദാനം ലക്ഷ്യമിട്ട് ആരംഭിച്ച ക്യാമ്പെയിനിൽ ഇതിനോടകം തന്നെ ലക്ഷ്യത്തിന്റെ പകുതിയിലധികം ആളുകൾ പങ്കാളികളായതായി സംഘാടകർ അറിയിച്ചു.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പതിനായിരക്കണക്കിന് ആളുകൾ ഇതിനകം രക്തദാനം നടത്തി. യൂറോപ്പിലെ വിവിധ രാജ്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലുൾപ്പെടെ രക്തദാന ക്യാമ്പയിൻ സജീവമായി തുടരുകയാണ്.

പ്രാദേശിക രക്തബാങ്കുകളുടെയും ആശുപത്രികളുടെയും സഹകരണത്തോടെ മലയാളി സംഘടനകളും ആരാധക കൂട്ടായ്മകളും വിവിധ കേന്ദ്രങ്ങളിൽ രക്തദാന ക്യാമ്പുകൾ സംഘടിപ്പിച്ചുവരുന്നു. ദുബായ്, യു.എ.ഇ., ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ക്യാമ്പയിന്റെ ഭാഗമായി നിരവധി രക്തദാന പരിപാടികൾ ഇതിനകം നടന്നു. ക്യാമ്പെയിൻ സെപ്റ്റംബർ 8 വരെ തുടരും.

കേരളത്തിലും വിപുലമായ പങ്കാളിത്തം

കേരളത്തിൽ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ രക്തദാനത്തിനായി സ്ഥിരം സംവിധാനം ഒരുക്കിയിട്ടുണ്ട്. നിരവധി പേരാണ് ഇതിനോടകം ഇവിടെ രക്തദാനം നടത്തിയത്. ക്യാമ്പയിനെക്കുറിച്ച് അന്വേഷിക്കുന്നവരുടെയും സമ്മതപത്രം നൽകുന്നവരുടെയും എണ്ണം വർധിച്ചുവരികയാണെന്ന് സംഘാടകർ അറിയിച്ചു. സാമൂഹിക രംഗത്തും പൊതുരംഗത്തുമുള്ള നിരവധി പ്രമുഖരും ക്യാമ്പയിന്റെ ഭാഗമായി രക്തദാനം നടത്തി. രമേഷ് പിഷാരടി എം.എൽ.എ. ഉൾപ്പെടെയുള്ള പ്രമുഖർ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ രക്തദാനം നടത്തുന്നതിനായി പങ്കാളികളായിട്ടുണ്ട്.

എം.ജി.എം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അവരുടെ 11 സ്ഥാപനങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട 7500 വിദ്യാർത്ഥികൾ രക്തദാന ക്യാമ്പയിന്റെ ഭാഗമാക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയായി കേരളത്തിലെ വിവിധ സ്വകാര്യ മെഡിക്കൽ കോളേജുകളിലും രക്തബാങ്കുകളിലുമായാണ് വിദ്യാർത്ഥികൾ രക്തദാനം നടത്തുക. യുവതലമുറയിൽ രക്തദാനത്തിന്റെ പ്രാധാന്യം വളർത്തിയെടുക്കുന്നതിനും ഈ ക്യാമ്പയിൻ വലിയൊരു സന്ദേശമാണ് നൽകുന്നത്. എം ജി എം ഗ്രൂപ്പുകളുടെ രക്ത ദാന ക്യാമ്പയിന്റെ ഉദ്ഘാടനം സെപ്റ്റംബർ 8ന് തിരുവനന്തപുരത്ത് നടക്കും . ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ആണ് ഉദ്ഘാടകൻ.

ഡോക്ടർമാർ, സാമൂഹിക പ്രവർത്തകർ, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ തുടങ്ങി വിവിധ മേഖലകളിലുള്ള നിരവധി വ്യക്തികൾ ക്യാമ്പയിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും രക്തദാനത്തിൽ പങ്കാളികളാകുമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

മമ്മൂട്ടിയുടെ ജന്മദിനാഘോഷങ്ങളെ ഒരു വലിയ സാമൂഹിക സേവന പ്രവർത്തനമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് 40,000 പേരുടെ രക്തദാനം ലക്ഷ്യമിട്ടുള്ള ഈ മഹത്തായ സംരംഭം സംഘടിപ്പിച്ചിരിക്കുന്നത്. രക്തദാനം മഹാദാനം എന്ന സന്ദേശവുമായി മമ്മൂട്ടി ആരാധകർ ലോകമെമ്പാടും നടത്തുന്ന ഈ കൂട്ടായ്മ, ജന്മദിനാഘോഷങ്ങൾക്ക് ഒരു സാമൂഹിക മുഖം നൽകുന്ന മാതൃകാപരമായ പ്രവർത്തനമായി മാറുകയാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!