ഫ്രിഡ്ജിലെ ദുര്‍ഗന്ധം അകറ്റാന്‍ ബേക്കിംഗ് സോഡ എങ്ങനെയാണ് സഹായിക്കുന്നത്

Share our post

ഫ്രിഡ്ജ് തുറക്കുമ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെടാറുണ്ടോ?. പഴകിയ ഭക്ഷണം, മീന്‍, ഉള്ളി, ചീസ്, തുറന്നുവെച്ച കറികള്‍ തുടങ്ങിയവയുടെ ഗന്ധം ഫ്രിഡ്ജിനുള്ളില്‍ തങ്ങിനില്‍ക്കുന്നത് സാധാരണമാണ്. എത്ര വൃത്തിയാക്കിയാലും ചിലപ്പോള്‍ ഈ ഗന്ധം പൂര്‍ണമായി പോകാറില്ല. ഇത്തരം സാഹചര്യത്തില്‍ ബേക്കിംഗ് സോഡ സഹായകമായേക്കാം.

എന്തുകൊണ്ടാണ് ബേക്കിംഗ് സോഡ ദുര്‍ഗന്ധം കുറയ്ക്കുന്നത്?

ബേക്കിംഗ് സോഡ അഥവാ സോഡിയം ബൈകാര്‍ബണേറ്റ് നേരിയ ആല്‍ക്കലൈന്‍ സ്വഭാവമുള്ളതാണ്. ഫ്രിഡ്ജിലെ ചില ദുര്‍ഗന്ധങ്ങള്‍ ഉണ്ടാകുന്നത് അമ്ല സ്വഭാവമുള്ള സംയുക്തങ്ങളില്‍ നിന്നാണ്. ഇവയുമായി ബേക്കിംഗ് സോഡ പ്രവര്‍ത്തിച്ച് ഗന്ധം കുറയ്ക്കാന്‍ സഹായിക്കും. മറ്റൊരു പ്രത്യേകത. ബേക്കിംഗ് സോഡ സുഗന്ധം കൊണ്ട് ദുര്‍ഗന്ധത്തെ മറയ്ക്കുകയല്ല ചെയ്യുന്നത്. ചില ഗന്ധം ഉണ്ടാക്കുന്ന ഘടകങ്ങളെ തന്നെ നിര്‍വീര്യമാക്കാന്‍ സഹായിക്കുകയാണ്.

രാത്രി മുഴുവന്‍ വെച്ചാല്‍ എന്ത് സംഭവിക്കും?

ഫ്രിഡ്ജില്‍ നേരിയ ഭക്ഷണഗന്ധം മാത്രമാണുള്ളതെങ്കില്‍ തുറന്ന പാത്രത്തില്‍ ബേക്കിംഗ് സോഡ എടുത്ത് രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വയ്ക്കുക. പിറ്റേദിവസം തന്നെ വ്യത്യാസം അറിയാം. ഒരു ചെറിയ പാത്രത്തില്‍ കുറച്ച് ബേക്കിംഗ് സോഡ എടുത്ത് നിരത്തി ഫ്രിഡ്ജിലെ ഒരു ഷെല്‍ഫില്‍ വയ്ക്കാം. കുഴിവുള്ള പാത്രത്തേക്കാള്‍ വായുവുമായി കൂടുതല്‍ സമ്പര്‍ക്കം ലഭിക്കുന്ന വീതിയുള്ള, പരന്ന പാത്രമാണ് കൂടുതല്‍ ഉപയോഗപ്രദം.

ബേക്കിംഗ് സോഡയ്ക്ക് എല്ലാ ഗന്ധവും വലിച്ചെടുക്കാന്‍ കഴിയുമോ?

അതിന് ഉത്തരം ഇല്ല എന്ന് പറയേണ്ടിവരും. ഫ്രിഡ്ജില്‍ ദുര്‍ഗന്ധം ഉണ്ടാകാനുള്ള കാരണം ആദ്യം കണ്ടെത്തണം. പഴകിയ ഭക്ഷണം ഫ്രിഡ്ജില്‍ കിടക്കുന്നുണ്ടെങ്കില്‍ അത് എടുത്തുമാറ്റണം. ഷെല്‍ഫിനടിയില്‍ പാല്‍ ചോര്‍ന്നിട്ടുണ്ടോ, ഡ്രോയറിനുള്ളില്‍ ജ്യൂസ് അല്ലെങ്കില്‍ ഭക്ഷണാവശിഷ്ടങ്ങള്‍ കെട്ടിക്കിടക്കുന്നുണ്ടോ തുടങ്ങിയവ പരിശോധിക്കണം. ബേക്കിംഗ് സോഡ വെച്ചതുകൊണ്ട് മാത്രം പ്രശ്‌നം പരിഹരിക്കാനാകില്ല. ആദ്യം ഫ്രിഡ്ജ് നന്നായി വൃത്തിയാക്കണം. അതിനുശേഷം ബേക്കിംഗ് സോഡ ഉപയോഗിക്കുന്നത് ശേഷിക്കുന്ന ഗന്ധം കുറയ്ക്കാന്‍ സഹായിക്കും.

എങ്ങനെ ഉപയോഗിക്കാം?

  • പുതിയ ബേക്കിംഗ് സോഡ എടുക്കുക
  • കുറച്ച് ബേക്കിംഗ് സോഡ ഒരു ചെറിയ തുറന്ന പാത്രത്തില്‍ ഇടുക
  • ഫ്രിഡ്ജിനുള്ളില്‍ മറിഞ്ഞുപോകാത്ത സ്ഥലത്ത് വയ്ക്കുക
  • രാത്രി മുഴുവന്‍ അങ്ങനെ വയ്ക്കാം
  • രാവിലെ ഫ്രിഡ്ജിലെ ഗന്ധത്തില്‍ മാറ്റമുണ്ടോ എന്ന് നോക്കാം

ഫ്രിഡ്ജ് വൃത്തിയാക്കിയശേഷം ദുര്‍ഗന്ധം വീണ്ടും വരാതിരിക്കാന്‍ കുറച്ചുകാലം ബേക്കിംഗ് സോഡ തുറന്ന പാത്രത്തില്‍ വയ്ക്കുന്നതും സഹായകരമാണ്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബേക്കിംഗ് സോഡ ഇടയ്ക്കിടെ മാറ്റുകയും വേണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!