ട്രെയിൻ തട്ടി അച്ഛൻ മരിച്ചു; അതേ സ്ഥലത്തെത്തി മകള്‍ ജീവനൊടുക്കി
തിരുപ്പൂർ: ട്രെയിൻ അപകടത്തിൽ അച്ഛനെ നഷ്ടപ്പെട്ട വേദന താങ്ങാനാവാതെ മകൾ ജീനൊടുക്കി. സെമ്മണ്ടംപാളയം സ്വദേശികളായ കാർത്തിക്കിന്റേയും ജാനകിയുടേയും ഏകമകളായ സാധനയാണ് മരിച്ചത്. തിരുപ്പൂർ സ്വദേശിയാണ്.
പ്ലസ്ടു വിദ്യാർഥിനിയാണ്അച്ഛന് മരിച്ച അതേ സ്ഥലത്തെത്തി ട്രെയിനിനു മുൻപിലേക്ക് ചാടി ജീവനൊടുക്കിയത്. ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന സൂപ്പർഫാസ്റ്റ് എക്സ്പ്രസിനു മുൻപിൽ ചാടിയാണ് സാധന മരിച്ചത്. അച്ഛന്റെ മരണം 16കാരിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു. ബന്ധുക്കളും അധ്യാപകരും സുഹൃത്തുക്കളും പലതവണ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആ വേദനയിൽ നിന്നും കരകയറാനായില്ല.
പലപ്പോഴും അച്ഛനെക്കുറിച്ചുള്ള ഓർമകൾ മാത്രമാണ് സാധന സഹപാഠികളോട് സംസാരിക്കാറുണ്ടായിരുന്നത്. അച്ഛനില്ലാതെ മുന്നോട്ടുപോകാനാവില്ലെന്ന് പലതവണ സാധന പറഞ്ഞതായും സഹപാഠികൾ വ്യക്തമാക്കുന്നു. സാധന പഠിക്കുന്ന സ്കൂളിലെ അധ്യാപികയാണ് അമ്മ ജാനകി. ആറുമാസം മുൻപാണ് സാധനയുടെ പിതാവ് കാർത്തിക് ട്രെയിനിടിച്ച് മരിച്ചത്.
എല്ലാ ദിവസവും വീട്ടിൽ നിന്നും രണ്ടു കിലോമീറ്റർ മാത്രം ദൂരമുള്ള സ്കൂളിലേക്ക് സാധനയെ കൊണ്ടുവിടുന്നത് കാർത്തിക്ക് ആയിരുന്നു. സാധനയെ സുരക്ഷിതമായി ട്രാക്ക് മുറിച്ചുകടത്താൻ കൂടിയായിരുന്നു ഇത്. എന്നാൽ ഒരു ദിവസം സാധനയെ സ്കൂളിലാക്കി തിരിച്ചുവരും വഴിയാണ് കാർത്തിക്ക് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടി മരിക്കുന്നത്.
