‘പാട്ടും പാടും, ദണ്ഡയും ചുഴറ്റും’; വന്ദേമാതരം വിവാദത്തിൽ സർക്കാരിനെ പരിഹസിച്ച് വി ശിവൻകുട്ടി

Share our post

തിരുവനന്തപുരം: ഓണം വാരാഘോഷ സമാപന വേദിയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിൽ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് മുൻ മന്ത്രി വി ശിവന്‍കുട്ടി. പ്രോട്ടോക്കോള്‍ പറഞ്ഞിട്ടാണെന്ന് പറഞ്ഞാല്‍ സര്‍ക്കാര്‍ ‘പാട്ടും പാടും, ദണ്ഡയും ചുഴറ്റും, ഷൂ പോളീഷും ചെയ്യും’ എന്നാണ് വി ശിവന്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഓണം വാരാഘോഷത്തിന്റെ സമാപന ചടങ്ങില്‍ വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ച നടപടിയിലാണ് ശിവന്‍കുട്ടിയുടെ പ്രതികരണം. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോകോള്‍ പ്രകാരമാണ് വന്ദേമാതരം പൂര്‍ണ്ണമായും ആലപിച്ചതെന്നാണ് സര്‍ക്കാര്‍ വാദം.

ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്യാന്‍ വന്ന ഉപരാഷ്ട്രപതിക്ക് മുന്നില്‍ വന്ദേമാതരം മുഴുവനായി പാടി സംഘപരിവാര്‍ അജണ്ട നടപ്പിലാക്കിയത് കോണ്‍ഗ്രസിന്റെ പുതിയ നയമാണെന്ന് അഡ്വ. വി ജോയ് എംഎല്‍എയും പ്രതികരിച്ചു. വന്ദേമാതരം മാത്രമല്ല, ‘പ്രോട്ടോക്കോള്‍’ ആണെന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസുകാര്‍ ഇനി ശാഖയില്‍ പോയി കാക്കി നിക്കറും ഇടും. കോണ്‍ഗ്രസ് ബിജെപിയുടെ ‘ബി-ടീം’ എന്ന് പറഞ്ഞവര്‍ക്ക് തെറ്റി, ഇതിപ്പോള്‍ സംഘപരിവാറിന്റെ സ്വന്തം ‘എ-ടീം’ ആയി മാറി! എന്നാണ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചത്.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ വിമര്‍ശിച്ചു. സംഘപരിവാറിന്റെ ആശയങ്ങള്‍ക്കും തിട്ടൂരങ്ങള്‍ക്കും അടിമപ്പെട്ട് മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും വലിയ മാതൃകകകളെ ഇല്ലാതാക്കുകയാണ് യുഡിഎഫ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ ഫേസ്ബുക്കില്‍ കുറിച്ചു.

കേന്ദ്ര സര്‍ക്കാറിന് അടിമപ്പണി ചെയ്യുന്ന സതീശന്‍ സര്‍ക്കാര്‍ നേതൃത്വം നല്‍കുന്ന വിവിധ പരിപാടികളില്‍ ഇതേ സമീപനം ഉണ്ടായിട്ടുണ്ട്. ആറന്മുള ഉത്രട്ടാതി വള്ളംകളിയിലും വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചിട്ടുണ്ട്. ഓണം മുന്നോട്ടു വയ്ക്കുന്ന വിശാലമായ മതേതരത്വത്തിന്റെ ഇടം പോലും ഇത്തരം സംഘപരിവാര്‍ ആശയങ്ങള്‍ക്ക് വേണ്ടി യുഡിഎഫ് സര്‍ക്കാര്‍ ബലി കഴിക്കുകയാണ്. ഇത് കേരള ജനതയുള്ള വെല്ലുവിളിയാണ്. വന്ദേമാതരത്തിലൂടെ രാജ്യത്താകമാനം സംഘപരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കുന്നതിനെതിരെ മതേതര മനസ്സുകള്‍ വലിയ പ്രതിഷേധത്തിലാണ്.

എന്നാല്‍ കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാര്‍ രാഷ്ട്രീയത്തിന് വലിയ സ്ഥാനമാണ് നല്‍കുന്നത്. വന്ദേമാതരം സംസ്ഥാന സര്‍ക്കാര്‍ പരിപാടികളില്‍ പൂര്‍ണമായി ആലപിച്ചതിനെതിരെ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!