ഫോര്‍ച്യൂണറില്‍ വരും, ചൂലെടുത്ത് നഗരം തൂത്തുവാരും, തിരിച്ചുപോകും; ശേഷപ്പ വേറെ ലെവലാണ്

Share our post

ബംഗളൂരു: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബണ്ട്വാള്‍ സ്വദേശിയായ ശുചീകരണ തൊഴിലാളി ശേഷപ്പയുടെ ജീവിതവും ജോലിയുമെല്ലാം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ലക്ഷ്വറി എസ്‌യുവിയായ ടൊയോട്ട ഫോര്‍ച്യൂണറിലാണ് ശേഷപ്പ ദിവസവും ജോലിക്കെത്തുക. എല്ലാ ദിവസവും പുലര്‍ച്ചെ അഞ്ചോടെ ഫോര്‍ച്യൂണറില്‍ ബിസ്രോഡി ടൗണിലെത്തുന്ന അദ്ദേഹം വാഹനം പൊലീസ് സ്റ്റേഷന് സമീപം പാര്‍ക്ക് ചെയ്ത് ശുചീകരണ ജോലികളിലേക്ക് കടക്കും. ജീവിതത്തില്‍ എത്ര ഉയര്‍ച്ചയുണ്ടായാലും വന്ന വഴിയും ചെയ്ത ജോലിയും മറക്കില്ലെന്നതാണ് ശേഷപ്പയുടെ നിലപാട്.

മൂന്ന് പതിറ്റാണ്ട് മുമ്പ് ദിവസം 50 രൂപ കൂലിക്കായിരുന്നു ശേഷപ്പ ശുചീകരണ ജോലി ആരംഭിച്ചത്. അദ്ദേഹത്തിന്റെ ആദ്യകാലങ്ങള്‍ കടുത്ത ദാരിദ്ര്യവും നിരാശയും നിറഞ്ഞതായിരുന്നു. സ്ഥിരം മദ്യപാനിയുമായി. പിന്നീട് മദ്യം പൂര്‍ണമായി ഉപേക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്നു. ഉത്സാഹിയായ ശേഷപ്പ മറ്റ് പലതരം ജോലികളും ചെയ്ത് കുടുംബത്തെ സാമ്പത്തികമായി സുരക്ഷിതരാക്കി.

കൃഷിയും പശുവളര്‍ത്തലുമെല്ലാം വിജയമായി. ചെറുപ്പത്തിലേ വാഹനങ്ങളോട് ഏറെ താല്‍പര്യമുണ്ടായിരുന്നു ശേഷപ്പക്ക്. സൈക്കിളില്‍ യാത്ര ചെയ്തിരുന്ന കാലത്ത് തുടങ്ങിയ വാഹനപ്രേമം പിന്നീട് മാരുതി 800, ഓമ്‌നി, റിറ്റ്‌സ്, ആള്‍ട്ടോ, സ്‌കോര്‍പിയോ തുടങ്ങിയ വാഹനങ്ങളിലേക്ക് വളര്‍ന്നു. അടുത്തിടെയാണ് ഏകദേശം 35 ലക്ഷം രൂപ വിലമതിക്കുന്ന സെക്കന്‍ഡ് ഹാന്‍ഡ് ടൊയോട്ട ഫോര്‍ച്യൂണര്‍ സ്വന്തമാക്കിയത്.

സാമ്പത്തികമായി ഏറെ മെച്ചപ്പെട്ട ശേഷവും ശുചീകരണ തൊഴില്‍ ഉപേക്ഷിക്കാന്‍ ശേഷപ്പ തയ്യാറായില്ല. ജോലിക്ക് ചെറുതോ വലുതോ എന്ന വ്യത്യാസമില്ലെന്നും എല്ലാ തൊഴിലിനും അതിന്റേതായ അന്തസ്സുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. അതുകൊണ്ടുതന്നെ ഫോര്‍ച്യൂണറില്‍ എത്തി ചൂലെടുത്ത് തെരുവ് വൃത്തിയാക്കുന്നതില്‍ ശേഷപ്പ ഒരു കുറവും വിചാരിക്കുന്നില്ല.

അതിരാവിലെ എത്തി നഗരഭാഗങ്ങള്‍ വൃത്തിയാക്കിയ ശേഷം ഉച്ചയോടെ ശേഷപ്പ ഫോര്‍ച്യൂണറില്‍ വീട്ടിലേക്ക് മടങ്ങും. ശേഷപ്പയെ കാലങ്ങളായി കാണുന്ന നാട്ടുകാര്‍ക്ക് ഇത് വലിയ കൗതുകമല്ല. അദ്ദേഹത്തോട് ഏറെ ആദരവാണെന്ന് മാത്രം.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!