ശത്രുവിന്റെ കയ്യിലെ കോടാലിയായി കുഞ്ഞികൃഷ്ണൻ മാറി, വഴിതെറ്റിപ്പോയവർ തെറ്റുകൾ തിരുത്തണം- പിണറായി

Share our post

കണ്ണൂർ: സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ പയ്യന്നൂർ മണ്ഡലത്തിലുണ്ടായ പരാജയത്തിൽ പാർട്ടിക്കുള്ളിൽ നിന്നുതന്നെയുണ്ടായ ശത്രുതാപരമായ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പയ്യന്നൂരിലും തളിപ്പറമ്പിലും നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1965-ൽ പയ്യന്നൂർ മണ്ഡലം രൂപീകൃതമായതിന് ശേഷം 2021 വരെയുള്ള 15 തിരഞ്ഞെടുപ്പുകളിലും സി.പി.ഐ.എം സ്ഥാനാർത്ഥികൾ മാത്രമാണ് പയ്യന്നൂരിൽ വിജയിച്ചിട്ടുള്ളത്. 1996-ൽ താൻ പയ്യന്നൂരിൽ മത്സരിച്ചപ്പോഴും വലിയ വിജയമാണ് നേടിയത്. 2008-ലെ മണ്ഡല പുനർനിർണ്ണയത്തിന് മുൻപും പിൻപും പയ്യന്നൂർ ചുവപ്പ് കോട്ടയായി തന്നെ തുടർന്നു. ഏത് പ്രചാരണങ്ങളെയും നേരിടാൻ കഴിവുള്ള മണ്ഡലമായിരുന്നു പയ്യന്നൂർ. പാർട്ടിയെ സ്‌നേഹിക്കുന്നവരാണ് ഈ മണ്ഡലത്തിലുള്ളത്. പയ്യന്നൂരിലെ ജനങ്ങൾക്കിടയിൽ അവമതിപ്പുണ്ടാക്കാൻ പാർട്ടി നേതൃത്വത്തിൽ ഇരുന്നവർ തന്നെ ശ്രമിച്ചു. ശത്രുക്കളുമായി ബന്ധം സ്ഥാപിച്ചുകൊണ്ട് ഒരു കമ്മ്യൂണിസ്റ്റുകാരൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് ചിലർ ചെയ്തത്. വിഭാഗീയതയുടെ ഘട്ടത്തിൽ പാർട്ടി ഒന്നിച്ചുനിന്ന് അതിനെ അതിജീവിച്ചിട്ടുണ്ടെങ്കിലും ഈ തിരഞ്ഞെടുപ്പിൽ നേതൃത്വത്തിൽ ഉണ്ടായിരുന്നവർ തന്നെ ശത്രുക്കളുമായി ചേരുകയും അവരെ ഉപയോഗിച്ച് പാർട്ടിക്കെതിരെ പ്രചാരണം നടത്തുകയും ചെയ്തു. പാർട്ടി വികാരത്തോടെയല്ല, മറിച്ച് പാർട്ടിയെ തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ പ്രവർത്തിച്ചത്. ഒരു കമ്മ്യൂണിസ്റ്റുകാരൻ എന്തൊക്കെ ചെയ്യാൻ പാടില്ലാത്തതുണ്ടോ അതൊക്കെ  ചെയ്തു. ചിലർക്ക് മനുഷ്യസഹജമായ ചാപല്യങ്ങൾ ഉണ്ടായി.

ശത്രുവിന്റെ കയ്യിലെ കോടാലിയായി കുഞ്ഞികൃഷ്ണൻ മാറി. തെറ്റ് ചെയ്യുന്നവർ ആരായാലും അവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്ന രീതിയാണ് പാർട്ടിയുടേത്. ചെറിയ തോതിൽ വഴിതെറ്റിപ്പോയവരെല്ലാം തെറ്റുകൾ തിരുത്തി വീണ്ടും പാർട്ടിയോടൊപ്പം അണിനിരക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

മെയ് മാസത്തിൽ കേരളത്തിൽ ഭരണമാറ്റം ഉണ്ടായതിന് പിന്നാലെ സംസ്ഥാനം വലിയ തോതിൽ വർഗീയതയ്ക്ക് മുന്നിൽ മുട്ടുകുത്തുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നതെന്നും പിണറായി വിജയൻ കുറ്റപ്പെടുത്തി. പുതിയ യു.ഡി.എഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ആർ.എസ്.എസ് വേദികളിൽ ചൊല്ലുന്ന അതേ ഈണത്തിൽ വന്ദേമാതരം ആലപിച്ചത് എല്ലാവരിലും ഞെട്ടലുണ്ടാക്കി. വലിയ തോതിൽ മതനിരപേക്ഷത കാത്തുസൂക്ഷിച്ചിരുന്ന കേരളത്തിലാണ് ഇപ്പോൾ ഈ മാറ്റം സംഭവിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സഹകരിച്ച് പ്രവർത്തിക്കുന്ന യു.ഡി.എഫ്-ബി.ജെ.പി സഖ്യം 2021 മുതൽ 2026 വരെയുള്ള എൽ.ഡി.എഫ് ഭരണകാലത്ത് സർക്കാരിനെ നിരന്തരമായി ആക്രമിക്കാനും അപകീർത്തിപ്പെടുത്താനും ശ്രമിച്ചു. ഈ നീക്കങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫും ബി.ജെ.പിയും ഒരേ മനസ്സോടെയാണ് പ്രവർത്തിച്ചത്. യു.ഡി.എഫ് നേതാക്കൾ രാവിലെ പറയുന്ന കാര്യങ്ങൾ ഉച്ചയ്ക്ക് ശേഷം ബി.ജെ.പി നേതാക്കൾ ഏറ്റുപറയുന്ന ഏകോപിത നീക്കമാണ് സംസ്ഥാനത്തുണ്ടായതെന്നും ഇത് പലയിടങ്ങളിലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കാരണമായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളെ പരാജയപ്പെടുത്താനും മതനിരപേക്ഷത സംരക്ഷിക്കാനും പാർട്ടി കൂടുതൽ കരുത്താർജ്ജിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!