‘ലഹരി ബന്ധമുള്ള സിപിഎം നേതാക്കളെ പൊലീസ് തൊട്ടിട്ടില്ല’; ഓപറേഷൻ തൂഫാനെതിരെ ഒളിയമ്പുമായി ജി. സുധാകരൻ
ആലപ്പുഴ: ഓപറേഷൻ തൂഫാനെതിരെ ഒളിയമ്പുമായി ജി. സുധാകരൻ എംഎൽഎ. ലഹരി ബന്ധമുള്ള സിപിഎം നേതാക്കളെ പൊലീസ് തൊട്ടിട്ടില്ല. സംസ്ഥാന നേതാവ് അടക്കമുള്ളവർക്ക് അത്തരം ശക്തികളുമായി ബന്ധമുണ്ട്. ലോറിയിൽ ലഹരിയുമായി പിടികൂടിയ ആലപ്പുഴ ജില്ലയിലെ ഏരിയ കമ്മിറ്റി അംഗത്തെ സംരക്ഷിക്കുന്നത് സജി ചെറിയാനെന്നും സുധാകരൻ ആരോപിച്ചു.ചന്ദ്രിക ഓണപ്പതിപ്പിലെ അഭിമുഖത്തിലാണ് വിമർശനം.
ഓപറേഷൻ തൂഫാൻ പ്രചാരണായുധമായി മാറരുത്. കഞ്ചാവും മയക്കുമരുന്നും മറ്റു ലഹരി വസ്തുക്കളും കടത്തുന്ന ഏജന്റുമാരേയും പ്രമാണിമാരേയും പിടികൂടാൻ സർക്കാർ തയാറാകണം. സിപിഎമ്മിൽ ഇത്തരക്കാർ വ്യാപകമാണ്. നേതൃത്വത്തിൽ പോലും ലഹരി ബന്ധമുള്ളവർ സിപിഎമ്മിലുണ്ട്. അവരെയൊന്നും തൊട്ടിട്ടില്ല. സംസ്ഥാന നേതാവ് അടക്കമുള്ളവർക്ക് അത്തരം ശക്തികളുമായി ബന്ധമുണ്ട്. അവരുടെ വീട്ടിൽ റെയ്ഡ് നടത്തിയിട്ടില്ല. ലഹരിയുമായി ലോറിയോടെ പിടികൂടിയ ആലപ്പുഴ ജില്ലയിലെ ഏരിയ കമ്മിറ്റി അംഗത്തെ സംരക്ഷിക്കുന്നത് പോലും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സജി ചെറിയാനാണ്. സംസ്ഥാന നേതൃത്വത്തിന് വിഷയത്തിൽ എന്താണ് പറയാനുള്ളത്. ഒരു സാമൂഹ്യ തിന്മയേയും എതിർക്കാൻ സിപിഎമ്മിന് അർഹതയില്ല.
എല്ലാത്തരം തിന്മകളും കൈവശമുള്ളവർ പാർട്ടിക്കുള്ളിലുണ്ട്. ഒരുതുള്ളി വിഷം വീണാൽ പാൽ മുഴുവൻ വിഷമാകും. അതാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ആലപ്പുഴക്കാരെ കൊണ്ട് സംഭവിച്ചത്. ഇവർക്ക് പണമുണ്ടായത് എങ്ങനെയാണെന്ന് അന്വേഷിക്കണം. വർഗ്ഗീയതയാണ് ഏറ്റവും വലിയ ശത്രുവെന്ന് സിപിഎം വെറുതെ പറയുന്നതാണ്. സിപിഎമ്മിന്റെ പ്രധാനശത്രു പാർട്ടിയിൽ നേരിന് വേണ്ടി സംസാരിക്കുന്നവർ മാത്രമാണ്.
ചരിത്രപരമായ പ്രതിസന്ധിയാണ് സിപിഎം ഇന്ന് കേരളത്തിൽ നേരിടുന്നതെന്നും സുധാകരൻ പറയുന്നു. പ്രതിപക്ഷ നേതാവിന്റെ ധർമ്മം പിണറായി നിർവഹിക്കുന്നില്ല. പലവിഷയങ്ങളിലും പ്രതികരിക്കാറില്ല. പ്രതികരിക്കുന്നതാണെങ്കിൽ തെറ്റുകളെ ന്യായീകരിക്കാൻ മാത്രമാണ്. മെസ്സിയെ കൊണ്ടുവരുമെന്നതിന്റെ പേരിൽ നടന്ന കള്ളക്കച്ചവടത്തെ അദ്ദേഹം ന്യായീകരിച്ചത് മോശമായിപ്പോയി. മെസ്സിയുടെ വരവ് തന്റെ അറിവോടെയല്ലെന്ന് പറഞ്ഞ സ്ഥിതിക്ക് അതിനെ ന്യായീകരിക്കാൻ നിൽക്കേണ്ടതില്ലായിരുന്നു. തെറ്റുകളെ ന്യായീകരിച്ചും തെറ്റുകൾ പറഞ്ഞുമാണ് അദ്ദേഹത്തിന്റെ വിലപോയത്. കൂടെയുള്ള ഉപദേശകർക്ക് യാതൊരു രാഷ്ട്രീയ ബോധവുമില്ലെന്നും ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
