‘അടുത്ത ഇര നിങ്ങളാവരുത്, ഏക ഉത്തരവാദി എം.വി.ഡി. മാത്രം’; ഗുരുതര ആരോപണം ഉന്നയിച്ച് യുവാവ് ജീവനൊടുക്കി

Share our post

മലപ്പുറം: വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മനംനൊന്ത് ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശി ഷൗക്കത്ത് ആണ് എം.വി.ഡിയ്ക്കെതിരേ ഗുരുതര ആരോപണം ഫേയ്സ്ബുക്കിൽ കൂടി പങ്കുവെച്ച് ആത്മഹത്യ ചെയ്തത്.

ഏജന്റ് ഇല്ലാതെ സമീപിച്ചപ്പോൾ നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചുവെന്നും തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നുണ്ട്. വീട്ടിൽ മരിച്ചനിലയിലാണ് ഷൗക്കത്തിനെ കണ്ടെത്തിയത്.

ഫേയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

എന്റെ മരണത്തിന്റെ ഏക ഉത്തരവാദി കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് മാത്രമാണ്. കൈക്കൂലി കൊടുത്തില്ല എന്ന ഏക കാരണം കൊണ്ട് അവർ എന്റെ ജീവിത മാർഗം തന്നെ തകർത്തു. കഴിഞ്ഞ പത്തു മാസമാണ് ഞാൻ ഏജന്റ്, എംവിഡി ഓഫീസുകൾ കയറി ഇറങ്ങിയത്. ഇനി എന്റെ മുൻപിൽ മറ്റു മാർഗങ്ങളില്ല. എന്റെ ഇഎംഐ മുഴുവൻ മുടങ്ങി കഴിഞ്ഞു. ക്രഡിറ്റ് സ്‌കോർ 820-ൽ നിന്ന് 600-ലേക്ക് താഴ്ന്നു. അതേ കുറിച്ചെല്ലാം നേരെത്തെ പറഞ്ഞല്ലോ.

അടുത്ത ഇര നിങ്ങളാവരുത് എന്നാണെങ്കിൽ മരണത്തിന് ശേഷമെങ്കിലും എനിക്ക് നീതി വാങ്ങി തരിക എന്നതാണ് ഒരു ഇന്ത്യൻ സിറ്റിസൺ എന്ന നിലയിൽ നിങ്ങൾ ഓരോരുത്തരും ചെയ്യേണ്ടത്. എനിക്ക് മാതാപിതാക്കളോ സഹോദരങ്ങളോ , ഭാര്യയോ കുട്ടിയോ ഒന്നുമില്ല. അതിനാൽ മരണത്തിന് ശേഷം ഇന്ത്യൻ നിയമം അനുസരിച്ചു എന്റെ കേസ് നടത്താൻ സ്റ്റേറ്റ് മാത്രമാണ് ഉള്ളത്. അതേ സ്റ്റേറ്റ് കാരണം മരണം വരിക്കേണ്ടി വന്ന എനിക്ക് ഈ സംവിധാനത്തിൽ നിന്നും നീതി കിട്ടാൻ സ്റ്റേറ്റിന്റെ ഭാഗമായ നിങ്ങൾ ഓരോരുത്തരും ശബ്ദമുയർത്തുക എന്നത് മാത്രമാണ് പോംവഴി.

ഒരു പക്ഷെ സർക്കാരിലെ ഉന്നതരെയോ കോടതിയെയോ സമീപിച്ചിരുന്നുവെങ്കിൽ എനിക്ക് ആവശ്യമുള്ള രേഖകൾ സംഘടിപ്പിക്കാൻ സാധിക്കുമായിരുന്നു. പക്ഷെ അതൊരിക്കലും സിസ്റ്റത്തെ തിരുത്താനുള്ള കാരണമായി മാറില്ല. ഏതെങ്കിലും രേഖയ്ക്ക് വേണ്ടി എല്ലാവരും കോടതി കയറി ഇറങ്ങുക എന്നത് അത്ര എളുപ്പമുള്ള പരിഹാരമല്ലല്ലോ. അതിനാൽ തന്നെ സിസ്‌റ്റത്തോടുള്ള പ്രതിഷേധം കൂടിയാണ് എന്റെ ആത്മാഹുതി. മികച്ച ഭരണഘടനയും, ജനാധിപത്യവും, പ്രവർത്തന ക്ഷമമായ സിസ്റ്റവും ഉള്ള നമ്മുടെ രാജ്യത്ത് കടുത്ത അഴിമതി നടക്കുന്നെങ്കിൽ അതിന്റെ പ്രധാന കാരണം ജനം കാര്യക്ഷമമായി ഇടപെടുന്നില്ല എന്നത് തന്നെയാണ്. അതിനാൽ ഞാൻ സ്വന്തം ജീവൻ ബലിയർപ്പിച്ചു. അഴിമതിക്കെതിരെ പോരാടാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.

എന്റെ വിഷയത്തിൽ എപ്പോഴത്തെയും പോലെ ഒരു അന്വേഷണ പ്രഹസനമാണ് നടക്കുന്നത് എങ്കിൽ ഒരു അഴിമതിക്കാരായ എംവിഡി ഉദ്യോഗസ്ഥർ തീർച്ചയായും രക്ഷപ്പെടും. കാരണം അവർ ഉന്നയിക്കുന്ന വാദം എന്റെ വണ്ടി അൺഫിറ്റ് ആണെന്നതായിരിക്കും. ഞാൻ ചെയ്ത സ്റ്റീൽ വർക്ക് നിയമവിരുദ്ധമല്ലെന്ന് കഴിഞ്ഞ രണ്ടു തവണയും സർട്ടിഫൈ ചെയ്തതും പ്രസ്തുത എംവിഡി തന്നെയാണ്. ഇനി അങ്ങനെ അല്ലെന്നും എന്റെ വണ്ടി അടക്കം മറ്റുള്ള വണ്ടികൾക്കും ഫിറ്റ്നസ് അനുവദിക്കുന്ന സമയത്ത് സ്റ്റീൽ വർക്ക് ഇല്ല എന്നുമുള്ള വാദങ്ങളും എംവിഡി ഉന്നയിക്കാൻ സാധ്യതയുണ്ട്. അതെല്ലാം പൊളിക്കാൻ നല്ല രീതിയിൽ അന്വേഷണം നടന്നാൽ മാത്രമേ സാധിക്കൂ. ബഹുമാനപ്പെട്ട ആഭ്യന്തര മന്ത്രിയും, ഹൈക്കോടതിയും വിഷയത്തിൽ ഇടപെടണമെന്ന് അവസാന ആഗ്രഹമെന്ന നിലയിൽ പറയുന്നു.

ഏജന്റ് സംവിധാനമാണ് എംവിഡി അഴിമതിയുടെ പ്രധാന കാരണം . ഇത് അവസാനിച്ചാൽ 80% അഴിമതിയും വകുപ്പിൽ അവസാനിക്കും. അതിന് എന്റെ ജീവൻ നൽകാൻ ഞാൻ തയ്യാറാണ്. അഴിമതിക്കെതിരായ പോരാട്ടത്തിൽ നിങ്ങളെ പ്രധാനമായും സഹായിക്കാൻ കഴിയുക വിവരാവകാശ നിയമത്തിനായിരിക്കും. കൃത്യമായ രീതിയിൽ ചോദ്യം ചോദിച്ചാൽ സ്വന്തം കാര്യവും നടക്കും. അഴിമതിയും ഇല്ലാതാവും. അതിനായി ഒരു പുസ്തകം കൂടി ഞാൻ സജസ്റ്റ് ചെയ്യുന്നു. പ്രശാന്ത് ഐഎഎസ് എഴുതിയ ‘സിസ്റ്റം ഔട്ട് കംപ്ലീറ്റ് ‘ ആണത്. അത് വായിച്ചാൽ സർക്കാർ എങ്ങനെ പ്രവർത്തിക്കുന്നു എന്നും വിവരാവകാശ നിയമത്തിലൂടെ നിങ്ങളുടെ ആവശ്യങ്ങൾ എങ്ങനെ നേടിയെടുക്കാൻ എന്നും പഠിക്കാം.

അഴിമതി തുലയട്ടെ.

ജയ്ഭീം

ഷൗക്കത്തലി എം

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!