പോലീസിന് ഡ്രോൺ നിരീക്ഷണ, പ്രതികരണ ശൃംഖല വരുന്നു; ശത്രു ഡ്രോണുകളെ നേരിടാൻ ആന്റി ഡ്രോൺ സംവിധാനവും
കാസർകോട്: ക്രമസമാധാന പാലനവും ദുരന്തനിവാരണവും കാര്യക്ഷമമാക്കാൻ സംസ്ഥാനത്ത് അത്യാധുനിക ഡ്രോൺ നിരീക്ഷണ, അടിയന്തര പ്രതികരണ ശൃംഖല സജ്ജമാക്കാൻ കേരള പോലീസ്. അനുമതിയില്ലാത്ത ഡ്രോണുകളെ കണ്ടെത്താനും പ്രവർത്തനം തടയാനും ആവശ്യമെങ്കിൽ നശിപ്പിക്കാനും ഉപയോഗിക്കുന്ന ആന്റി ഡ്രോൺ സംവിധാനവുമുണ്ടാകും.
അത്യാധുനിക ഡ്രോണുകൾ, കൺട്രോൾ റൂമുകൾ, സോഫ്റ്റ്വേറുകൾ എന്നിവ കൂട്ടിയിണക്കിയാകും ഡ്രോൺ ശൃംഖല സജ്ജമാക്കുക. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ നാശനഷ്ടം വിലയിരുത്താനും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനും ഇതു സഹായിക്കും. അപകടസ്ഥലത്തിന്റെയും വലിയ ജനക്കൂട്ടത്തിന്റെയും തത്സമയ വീഡിയോദൃശ്യം കൺട്രോൾ റൂമുകളിലേക്ക് നേരിട്ടെത്തിക്കാനുമാകും. ആകാശനിരീക്ഷണവും നടത്താം.
അസ്വാഭാവികമായ ജനക്കൂട്ടമോ നീക്കങ്ങളോ ഉണ്ടായാൽ എ.ഐ. സഹായത്തോടെ മുന്നറിയിപ്പു നൽകും. കാടുകളിലും മലമടക്കുകളിലും ആളുകളെ കാണാതായാൽ ഡ്രോണുകളിൽ ഘടിപ്പിച്ച തെർമൽ ക്യാമറകൾ ഉപയോഗിച്ച് കണ്ടെത്താം.
സൈബർ റേഞ്ചും എ.ഐ. ത്രെട്ട് ലാബും
നിർമിതബുദ്ധി, വിവരസാങ്കേതികവിദ്യ രംഗത്ത് പോലീസിന്റെ കാര്യക്ഷമത കൂട്ടാൻ സൈബർ റേഞ്ച് സ്ഥാപിക്കുകയും സൈബർ ഡിവിഷന്റെ ശേഷി കൂട്ടുകയുംചെയ്യും. ഇതിനായി പോലീസ് ട്രെയിനിങ് കോളേജിൽ സൈബർ ട്രെയിനിങ് സെന്റർ ഒരുക്കും. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിനുപുറമേ അഡ്വാൻസ്ഡ് ക്രൈംലാബും സജ്ജമാക്കും. നിർമിതബുദ്ധി ഉയർത്തുന്ന സൈബർ സുരക്ഷാ ഭീഷണികളെക്കുറിച്ച് പഠിക്കാനും പ്രതിരോധിക്കാനുമായി എ.ഐ. ത്രെട്ട് ലാബും ക്രമീകരിക്കും.
വിവരസാങ്കേതികവിദ്യയിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാൻ ജില്ലാതലത്തിൽ സംവിധാനമൊരുക്കും. ജില്ലാ, സംസ്ഥാനതലത്തിൽ ഡേറ്റാ അനലറ്റിക്സ് കേന്ദ്രങ്ങളും സജ്ജമാക്കും. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും പോലീസ് സേനയെ നവീകരിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടപ്പാക്കുന്ന പദ്ധതിയിൽനിന്നുള്ള 125.71 കോടി രൂപ ഇതിനായി പ്രയോജനപ്പെടുത്തും.
