ഓണത്തിരക്കിൽ നിശ്ചലമായി നഗരം
കണ്ണൂർ : ഓണത്തിരക്കേറിയതോടെ ഗതാഗതക്കുരുക്കിൽ നഗരം വീർപ്പുമുട്ടുന്നു. ഗതാഗതക്കുരുക്കഴിക്കാൻ വെള്ളിയാഴ്ച മുതൽ ഏർപ്പെടുത്തിയ പരിഷ്കാരം വ്യാപക പരാതിയെ തുടർന്ന് താത്കാലികമായി നിർത്തി. പരീക്ഷണം വിജയമായിരുന്നെങ്കിലും നഗരത്തിന് പുറത്തുനിന്നെത്തുന്നവർക്ക് ഓണക്കാലത്ത് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് നിർത്തിയതെന്ന് എ.സി.പി. എം.പി. ആസാദ് പറഞ്ഞു. കൂടിയാലോചന നടത്തിയാവണം പരിഷ്കാരം നടത്തേണ്ടതെന്ന് ടി.ഒ. മോഹനൻ എം.എൽ.എ. ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. വ്യാപക പരാതി ഉയർന്ന സാഹചര്യത്തിൽ പുന:പരിശോധിക്കാൻ സിറ്റി പോലീസ് കമ്മിഷണർക്ക് നിർേദശം നൽകിയതായി മേയർ പി. ഇന്ദിര പറഞ്ഞു.
ജില്ലയുടെ എല്ലാ ഭാഗത്തുനിന്നുമായി നിരവധി പേരാണ് സാധനങ്ങൾ വാങ്ങാനും മേളകൾ കാണാനുമെല്ലാമായി നഗരത്തിലെത്തുന്നത്. വാഹനങ്ങളുടെ തിരക്ക് കൂടിയതോടെ റോഡുകളിൽ മണിക്കൂറുകളോളമാണ് കുരുക്ക് നീളുന്നത്. കഴിഞ്ഞ ദിവസം മുതൽ പലയിടത്തും വാഹനങ്ങൾക്ക് നീങ്ങാനാവാത്ത അവസ്ഥയായിരുന്നു. വെള്ളിയാഴ്ചയോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. ഒരുമണിക്കൂറിലധികമെടുത്താണ് പലരും കണ്ണൂരിൽ നിന്ന് ചാല വരെ എത്തിയത്. പലപ്പോഴും വാഹനങ്ങൾ നീങ്ങാനാവാതെ നിർത്തിയിട്ട സ്ഥിതിയിലായിരുന്നു. തിരക്കേറിയ ബസിൽ ചൂടിൽ നിന്ന് തളർന്ന അവസ്ഥയിലായിരുന്നു യാത്രക്കാർ. കുരുക്കിൽ കുടങ്ങിയത് കാരണം ബസുകൾക്ക് സമയത്ത് സ്റ്റാൻഡിൽ എത്താനായില്ല. അതിനാൽ യാത്രക്കാരും ഏറെനേരം കാത്തുനിൽക്കേണ്ടി വന്നു. കുരുക്കുകാരണം ഓട്ടോറിക്ഷകൾക്കും സർവീസ് നടത്താനാവാത്ത സ്ഥിതിയായിരുന്നു.
ഗതാഗത പരിഷ്‌കാരം വിനയായി
തലേദിവസം മാത്രമാണ് ഇതുസംബന്ധിച്ച് അറിയിപ്പ് നൽകിയത്. പലരും പരിഷ്‌കാരം അറിയാതെ എങ്ങോട്ടുപോകുമെന്നറിയാതെ ആശയക്കുഴപ്പത്തിലായി. പരിഷ്‌കാരത്തിനെതിരേ വ്യാപാരികളും ഓട്ടോറിക്ഷാ ഡ്രൈവർമാരുമെല്ലാം രംഗത്തെത്തി.
താവക്കര റോഡിൽ നിന്ന് വരുന്ന വാഹനങ്ങൾ പുതിയബസ് സ്റ്റാൻഡ് റോഡ്-എം.ജി. റോഡ്-ഫോർട്ട് റോഡ് വഴി വൺവേ ആയിട്ടേ മുനീശ്വരൻ കോവിൽ റോഡിൽ പ്രവേശിക്കാവൂവെന്നായിരുന്നു നിർദേശം. പുതിയബസ് സ്റ്റാൻഡിൽ നിന്നുള്ള ബസുകൾക്ക് എം.ജി. റോഡ് വഴി ഫോർട്ട് റോഡിലൂടെ ഐ.ഒ.സി. ക്ക് സമീപത്തുകൂടെ വേണം ടൗൺസ്റ്റേഷന് സമീപമെത്താൻ. റെയിൽവേ സ്‌റ്റേഷന്റെ പ്രധാനകവാടം വഴി പുറത്തുവരുന്ന വാഹനങ്ങൾ താവക്കര-എം.ജി. റോഡ്-ഫോർട്ട്‌റോഡ് വഴി മുനീശ്വരൻകോവിൽ റോഡിലെത്തണം. പ്രഭാത് ജങ്ഷനിൽ നിന്ന് ബാങ്ക് റോഡിലേക്കുള്ള വാഹനങ്ങൾക്ക് ഫോർട്ട് റോഡ് വഴിയുടെ വൺവേയിലൂടെ മാത്രമേ പ്രവേശിക്കാനാവൂ.
റോഡ് ഉപരോധിച്ച് വ്യാപാരികൾ
പരിഷ്‌കാരം നടപ്പാക്കിയ ഉടനെയുള്ള ആശയക്കുഴപ്പം കാരണം ഗതാഗതക്കുരുക്ക് രൂക്ഷമായി. വ്യാപാരി വ്യവസായി സമിതി താവക്കര ബസ് സ്റ്റാൻഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾ വൺവേ ഏർപ്പെടുത്തിയ താവക്കരയിലെ റോഡ് ഉപരോധിച്ചു. ഉത്സവ സീസണിൽ പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത പരിഷ്‌കാരം നടപ്പാക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഓണം സീസൺ തുടങ്ങുന്നതിന് തൊട്ടു മുൻപ് ഇത് പരീക്ഷിച്ച് നടപ്പാക്കുകയാണ് വേണ്ടിയിരുന്നതെന്നും വ്യാപാരികൾ പറഞ്ഞു. പല കച്ചവട സ്ഥാപനങ്ങളിലേക്കും ആളുകൾക്ക് വാഹനമെടുത്ത് പോകാനാവാത്ത അവസ്ഥയാണെന്നും പരിഷ്‌കാരം ഏർപ്പെടുത്തുമ്പോൾ തങ്ങളോടും ആലോചിക്കേണ്ടതായിരുന്നുവെന്നും വ്യാപാരികൾ പറഞ്ഞു. ഉപരോധത്തിന് യൂണിറ്റ് പ്രസിഡന്റ് കെ. പത്മരാജൻ, സെക്രട്ടറി സി. റഹീം, ഷാലിം ഷറഫുദ്ദീൻ, മനോജ് കാരായി എന്നിവർ നേതൃത്വം നൽകി.
തുടർന്ന് സ്ഥലത്തെത്തിയ എ.സി.പി. എം.പി. ആസാദുമായി വ്യാപാരികൾ ചർച്ച നടത്തി. പരിഷ്‌കാരം നടപ്പാക്കിയ ആദ്യദിവസമായതിനാലാണിതെന്നും വരുംദിവസങ്ങളിൽ കുരുക്കിന് അയവുണ്ടാകുമെന്നും എ.സി.പി. പറഞ്ഞു. തുടർന്ന് സ്ഥലത്തെത്തിയ എ.സി.പി. എം.പി. ആസാദുമായി വ്യാപാരികൾ ചർച്ച നടത്തി. പരിഷ്‌കാരം നടപ്പാക്കിയ ആദ്യദിവസമായതിനാലാണിതെന്നും വരുംദിവസങ്ങളിൽ കുരുക്കിന് അയവുണ്ടാകുമെന്നും എ.സി.പി. പറഞ്ഞു. വ്യാപാരികളുടെ ആവശ്യത്തെ തുടർന്ന് താവക്കരയിൽ നിന്ന് വരുന്ന വാഹനങ്ങൾ യൂണിവേഴ്‌സിറ്റിയിലേക്ക് പോകുന്ന റോഡിന് സമീപത്ത് നിന്ന് തിരിഞ്ഞ് പുതിയ ബസ് സ്റ്റാൻഡ് ഭാഗത്തേക്ക് വരുന്നതിന് പകരം ഐ.ഒ.സിക്ക് സമീപത്ത് നിന്ന് തിരിക്കാൻ അനുവദിച്ചു.
പരാതിയുമായി ഓട്ടോറിക്ഷാ ഡ്രൈവർമാരും
ഓട്ടോറിക്ഷാ തൊഴിലാളികളും ഗതാഗത പരിഷ്‌കാരത്തിനെതിരേ പരാതിയുമായെത്തി. ഓട്ടോറിക്ഷാ ഡ്രൈവർമാരോടും മറ്റും ആലോചിക്കാതെയും കൃത്യമായി പഠിക്കാതെയുമാണ് പരിഷ്‌കാരം നടപ്പാക്കിയതെന്ന് ഡ്രൈവർമാർ ആരോപിച്ചു. വൺവേ സംവിധാനം ആക്കിയതിനാൽ റെയിൽവേ സ്റ്റേഷനിലേക്കും മറ്റും കിലോമീറ്ററോളം ചുറ്റിവളഞ്ഞ് പോകേണ്ട അവസ്ഥയാണ്. പരിഷ്‌കാരം കുരുക്കഴിക്കാൻ സഹായിക്കുന്നതാവണമെന്നും അവർ ആവശ്യപ്പെട്ടു. കമ്മിഷണർ വിജയഭാരത് റെഡ്ഡിയും സ്ഥലത്തെത്തി.
