പത്രവാര്‍ത്ത നല്‍കിയത് സര്‍ക്കാരിനോട് ആലോചിക്കാതെ, കൊച്ചി മെട്രോയുടെ പേര് മാറ്റില്ല: വി ഡി സതീശൻ
കൊച്ചി: കൊച്ചി മെട്രോയുടെ പേര് മാറ്റുന്നത് പരിഗണനയില്‍ ഇല്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്. സര്‍ക്കാര്‍ അറിയാതെയാണ് കെഎംആര്‍എല്‍ പേര് മാറ്റുന്നത് പ്രഖ്യാപിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എന്നത് കേരളം മെട്രോ റെയില്‍ ലിമിറ്റഡ് ആക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്തെന്ന കെഎംആര്‍എല്‍ന്റെ പ്രസ്താവന തള്ളിക്കളഞ്ഞാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇത് സംബന്ധിച്ച വാര്‍ത്ത രാവിലെ പത്രത്തിലൂടെയാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി മെട്രോയുടെ പേര് മാറ്റം സര്‍ക്കാരിന്റെ ആലോചനയില്‍ പോലുമില്ലെന്ന് വി ഡി സതീശന് പറഞ്ഞു. സര്‍ക്കാരിനൊട് ആലോചിക്കാതെയാണ് കെഎംആര്‍എല്‍ പത്രവാര്‍ത്ത നല്‍കിയത്. പിന്നെ താനെന്തിന് പ്രതികരിക്കണമെന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നത്.
സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലും മുഖ്യമന്ത്രി പ്രതികരിച്ചു. വീണയ്ക്കെതിരായ അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് കമന്റ് പറയുന്നത് അനൗചിത്യമാകുമെന്നുമായിരുന്നു വി ഡി സതീശന് പറഞ്ഞത്. സംഭവത്തില്‍ സിപിഐഎം പ്രതികരിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞത്. ഇടതുപക്ഷം പറയുന്നതൊന്നും ചെയ്യുന്നത് മറ്റൊന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനര്‍ജനിയില്‍ ക്രമക്കേട് ഇല്ലെന്ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ കണ്ടെത്തിയതാണെന്നും ഏത് ഏജന്‍സി അന്വേഷിച്ചാലും ക്ളീന്‍ ചിറ്റ് കിട്ടുമെന്ന് തനിക്കുറപ്പായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഓണം വളരെ ശ്രദ്ധയോടെ ആഘോഷിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാരെന്നും ധനപ്രതിസന്ധിയുള്ള കാലമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പെന്ഷന് നേരത്തെ കൊടുക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്ന പേര് മാറ്റി കേരളം മെട്രോ റെയിൽ ലിമിറ്റഡ് എന്നാക്കണമെന്നായിരുന്നു കെഎംആർഎല്ലിൻ്റെ ശുപാർശ. കെഎംആർഎൽ എം ഡി ലോക്നാഥ് ബഹ്റയാണ് ഇത് സംബന്ധിച്ച ശുപാർശ സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരിക്കുന്നത്. കൊച്ചിക്ക് പുറമേ സംസ്ഥാനമൊട്ടാകെ നഗര ഗതാഗത പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ ലക്ഷ്യമിട്ടാണ് കെഎംആർഎൽ പേര് മാറ്റത്തിനായി സർക്കാരിന് ശുപാർശ നൽകിയത്. കോഴിക്കോട് തിരുവനന്തപുരം മെട്രോ പദ്ധതികളുടെ ചുമതലയും കെഎംആർഎല്ലിനാണ്. പേര് മാറ്റത്തിന് ശുപാർശ നല്‍കിയെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ വ്യാപക വിമർശനം ഉയർന്നിരുന്നു.
