തത്കാൽ ടിക്കറ്റ് ബുക്കിങ്; സീറ്റുണ്ടാകും, കറക്കി കറക്കി വെയ്റ്റിങ് ലിസ്റ്റിലാകും,റെയിൽവേയുടെ ‘ആപ്പ്’

Share our post

പയ്യന്നൂർ: റെയിൽവേയുടെ പരിഷ്‌ക്കരിച്ച ടിക്കറ്റ് ബുക്കിങ് ആപ്പ് (ബീറ്റപതിപ്പ്) വന്നിട്ടും സാധാരണ ഉപയോക്താക്കൾക്ക് രക്ഷയില്ല. തീവണ്ടി യാത്രക്കുള്ള അവസാന പ്രതീക്ഷയായ തത്കാൽ ടിക്കറ്റിലാണ് റെയിൽവേ ആപ്പ് ‘ കറക്കി’ പറ്റിക്കുന്നത്. കൃത്യസമയത്ത് ലോഗിൻ ചെയ്ത് മുന്നേറിയാലും അവസാന നിമിഷം ടിക്കറ്റ് ബുക്കിങ് മുടങ്ങും. അല്ലെങ്കിൽ ‘ലഭ്യത’ കാണിച്ച് ആപ്പ് വഴി ടിക്കറ്റ് കിട്ടുന്നത് വെയിറ്റിങിലും. ഓണ സീസൺ വരുമ്പോൾ മറുനാടൻ മലയാളികൾക്കാണ് ഇത് കൂടുതൽ പ്രതിസന്ധിയുണ്ടാക്കുന്നത്.

വല്ലാത്ത ‘ കറക്കം’

കഴിഞ്ഞ ദിവസം കണ്ണൂർ – എറണാകുളം യാത്രക്ക് ജനശതാബ്ദിക്ക് നാല് ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരന്റെ അനുഭവം ഇതാണ്. 230 സീറ്റായിരുന്നു ലഭ്യത. പണഇടപാട് ഉൾപ്പെടെ പൂർത്തീകരിച്ച് കാത്തിരുന്നു. പേജ് നിശ്ചലം. സ്‌ക്രീൻ മാഞ്ഞു. 750 രൂപ അക്കൗണ്ടിൽ നിന്ന് പോയി. ഉടൻ ആപ്പിലെ ലഭ്യത നോക്കിയപ്പോൾ ലഭ്യത 170.

ഉടൻ വീണ്ടും ബുക്ക് ചെയ്തു. പക്ഷെ ബുക്കിങ് സ്റ്റാറ്റസ് വന്നപ്പോൾ തത്കാൽ വെയിറ്റിങ് 33 മുതൽ 36 വരെ. 720 രൂപയാണ് ടിക്കറ്റ് നിരക്ക്. അതിന്റെ കൂടെ 17.70 കൺവീനിയൻസ് ചാർജും 15 രൂപ ബാങ്കിങ് ഇടപാട് നിരക്കും അടക്കം 755 രൂപയാണ് ഈടാക്കിയത്. ഇനി സേവന നിരക്കും റദ്ദാക്കൽ തുകയും കഴിച്ചേ റീഫണ്ട് കിട്ടു. ബീറ്റാ പതിപ്പ് വന്നിട്ടും പല വണ്ടികളിലും ഇപ്പോഴും പണി കിട്ടുന്നതായി യാത്രക്കാർ പറയുന്നു.

ഓൺ ലൈൻ സെറ്റിൽ ബുക്ക് ചെയ്യുമ്പോൾ ലഭ്യത അല്ലെങ്കിൽ വെയിറ്റിങ് മാത്രമാണ് കാണിക്കുക. ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം മാത്രമെ ബർത്ത് സ്ഥിതി കാണിക്കൂ. ഇങ്ങനെ ഒരിക്കലും ഉറപ്പാകാത്ത വെയിറ്റിങ് നൽകി റദ്ദാക്കൽ നിരക്ക് ഈടാക്കുകയാണ് റെയിൽവേയെന്ന് യാത്രക്കാർ ആരോപിക്കുന്നു.

തിരക്കുള്ള സീസണിൽ ബുക്കിങ് തുടങ്ങി അര മണിക്കൂറിനുള്ളിൽ തത്കാലും പ്രീമിയം തത്കാലും തീരാറുണ്ട്. എന്നാൽ ബീറ്റാ പതിപ്പ് വന്നിട്ടും സൈറ്റ് ബുക്കിങിന്റെ അവസാന നിമിഷം എത്തി നിശ്ചലമാകുന്നത് എന്തുകൊണ്ടാണെന്ന് യാത്രക്കാർ ചോദിക്കുന്നു.

നിരാശിലാണ് മറുനാട്ടുകാർ

ഒരിക്കലും ഉറപ്പാകാത്ത വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റ് എടുത്ത് കാത്തിരിക്കുന്ന മറുനാടൻ മലയാളികൾക്കുള്ള അവസാന ആശ്വാസമാണ് തത്കാൽ ബുക്കിങ്. എന്നാൽ തത്കാലും ഒരു ഞാണിന്മേൽ കളിയാണ്. തത്കാൽ സമയത്തെ തിരക്ക് കൈകാര്യം ചെയ്യാൻ ഇപ്പോഴും ബുക്കിങ് പ്ലാറ്റ്‌ഫോമിന് കഴിയുന്നില്ലെന്ന് അവർ പറയുന്നു.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!