സദ്യക്ക് ‘വാഴ ഇലൈ’
പയ്യന്നൂർ : ഓണസദ്യയ്ക്കും ചിങ്ങത്തിലെ കല്യാണത്തിനും തുമ്പപ്പൂ ചോറുവിളമ്പാൻ തൂശനില (നാക്കില) എത്തിത്തുടങ്ങി. തമിഴ് നാട്ടിലെ വാഴത്തോട്ടത്തിലെ ഇലകളാണ് ഓഡിറ്റോറിയങ്ങളും വീടുകളും ബുക്ക് ചെയ്തത്. ഹോട്ടലുകൾ ഒരുക്കുന്ന ഓണസദ്യയ്ക്കും തമിഴ് ഇലകളാണ് മുഖ്യം. പയ്യന്നൂരിലും പരിസരത്തും കല്യാണങ്ങൾക്കും മറ്റുമായി ഒട്ടേറെപ്പേർ ഇല ബുക്ക് ചെയ്തതായി പയ്യന്നൂരിൽ 20 വർഷമായി ‘ഇലക്കട’ നടത്തുന്ന ജനതാ വിജയൻ എന്ന ടി.വിജയൻ പറഞ്ഞു.
സാധാരണ കൊടിയിലയ്ക്ക് ഇപ്പോൾ അഞ്ച്-ആറ് രൂപവരെയാണ് വില. തളിരിലയ്ക്ക് വില കൂടും. എട്ടു രൂപ-16 രൂപ വരെയാണ് വില ഈടാക്കുന്നത്. തമഴ്നാട്ടിലെ പൊള്ളാച്ചി, മധുര, തൂത്തുക്കുടി, സത്യമംഗലം മേഖലകളിൽനിന്നാണ് ഇല പ്രധാനമായും എത്തിക്കുന്നത്. നിറവും വീതിയുമുള്ള തേൻ വാഴയില, കദളിയില, ഞാലിപ്പൂവൻ ഇല എന്നിവ സദ്യയുടെ പ്രധാന ആകർഷണമാണ്. കർണാടക മൈസൂരു ഭാഗങ്ങളിൽനിന്ന് സോദരി വാഴ ഇലയും എത്തുന്നു.
ചിങ്ങത്തിലെ കല്യാണ ഓർഡറുകൾ കൂടിയായപ്പോൾ ഇലവിപണി വൻ തിരക്കിലാണ്. ആവശ്യക്കാർ കൂടിയപ്പോൾ വിലയും കൂടി. പയ്യന്നൂരിലും പരിസരത്തുമായി വ്യാഴാഴ്ച നടന്നത് മുപ്പതിലധികം കല്യാണങ്ങളാണ്. വെള്ളിയാഴ്ച 45 കല്യാണങ്ങൾക്കുള്ള ഇലയാണ് ബുക്ക് ചെയ്തിട്ടുള്ളത്. ഞായറാഴ്ച ഇതുവരെ 30 കല്യാണങ്ങൾക്കുള്ള ആവശ്യവും എത്തിക്കഴിഞ്ഞതായി ടി.വിജയൻ പറഞ്ഞു. തളിരിലയ്ക്കാണ് (നാക്കില) ആവശ്യക്കാർ ഏറെ.
മലയാളിക്ക് ഓണമുണ്ണാൻ തൂശനില നിർബന്ധമാണെന്ന് തമിഴർക്ക് അറിയാം. കേരളത്തിലെ വിപണിയിലേക്ക് വാഴയില കയറ്റി അയക്കാൻവേണ്ടി മാത്രം ഉത്സവസീസണിൽ കൃഷിചെയ്യുന്ന നിരവധി കർഷകർ തമിഴ്നാട്ടിലുണ്ടെന്നും വിജയൻ പറയുന്നു.
