‘അടുത്ത ജന്മത്തിൽ നിങ്ങൾക്കായി തീർച്ചയായും ഡോക്ടറാകും, ക്ഷമിക്കണം’; നീറ്റ് സമ്മർദത്തിൽ 19-കാരന്റെ ആത്മഹത്യ, കണ്ണ് നനയിച്ച് കുറിപ്പ്
മഹാരാഷ്ട്ര: ‘അമ്മയും അപ്പയും ക്ഷമിക്കണം… അടുത്ത ജന്മത്തിൽ നിങ്ങൾക്കായി തീർച്ചയായും ഡോക്ടറാകും. നിങ്ങൾ സ്വയം ശ്രദ്ധിക്കണം, സന്തോഷത്തോടെ ഇരിക്കണം.’ മഹാരാഷ്ട്രയിലെ 19കാരനായ നീറ്റ് പരീക്ഷാ വിദ്യാർഥി സൂരജ് സുഭാഷ് ഷിൻഡെയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കുറിപ്പിലെ വാക്കുകളാണിത്. മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിനായി തയ്യാറെടുക്കുകയായിരുന്ന സൂരജിനെ ചത്രപതി സംഭാജിനഗർ ജില്ലയിലെ വൈജാപൂർ താലൂക്കിലെ ഖണ്ഡാലയിലെ വീട്ടിലെ പഠനമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീട്ടിലെ മുകളിലത്തെ നിലയിലുള്ള മുറിയിലിരുന്നാണ് സൂരജ് പതിവായി പഠിച്ചിരുന്നത്. കുടുംബാംഗങ്ങൾ ഒരു മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ പുറത്തുപോയ സമയത്തായിരുന്നു സംഭവം. വീട്ടിൽ തിരിച്ചെത്തിയപ്പോൾ സൂരജിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതിനെ തുടർന്ന് ബന്ധുക്കൾ മുകളിലെ മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
പഠനവും ഭാവിയും സംബന്ധിച്ച കടുത്ത മാനസിക സമ്മർദമാണ് സംഭവത്തിന് പിന്നിലെന്നാണ് പ്രാഥമികമായി സംശയിക്കുന്നത്. എന്നാൽ മരണത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. വൈജാപൂർ പൊലീസ് നിലവിൽ ആകസ്മിക മരണ റിപ്പോർട്ട് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ പ്രവേശന പരീക്ഷകളിലൊന്നാണ് നീറ്റ്-യുജി. മെഡിക്കൽ പ്രവേശനം ലക്ഷ്യമിടുന്ന വിദ്യാർഥികൾക്ക് വർഷങ്ങളോളം നീളുന്ന തയ്യാറെടുപ്പും കടുത്ത മത്സരവും പരീക്ഷാഫലത്തെക്കുറിച്ചുള്ള സമ്മർദവും വലിയ മാനസിക ഭാരമായി മാറാറുണ്ട്.
2026ലെ നീറ്റ്-യുജി പരീക്ഷയുമായി ബന്ധപ്പെട്ടും നിരവധി വിവാദങ്ങളാണ് ഉയർന്നത്. പരീക്ഷാ പേപ്പർ ചോർച്ച ആരോപണത്തെ തുടർന്ന് ആദ്യ പരീക്ഷ റദ്ദാക്കുകയും പിന്നീട് പുനഃപരീക്ഷ നടത്തുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ പരീക്ഷാ സംവിധാനത്തെക്കുറിച്ചും വിദ്യാർഥികളുടെ സമ്മർദത്തെക്കുറിച്ചും രാജ്യവ്യാപകമായി ചർച്ചകൾ ഉയർന്നിരുന്നു.
നീറ്റ് പരീക്ഷാ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷാ സംവിധാനത്തിൽ പരിഷ്കാരങ്ങൾ നിർദേശിക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രാധാകൃഷ്ണൻ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. പരീക്ഷാ പ്രക്രിയ, ഡാറ്റാ സുരക്ഷ, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പ്രവർത്തനം തുടങ്ങിയ വിഷയങ്ങളായിരുന്നു സമിതിയുടെ പരിഗണനയിൽ.
ഇതിന് പുറമെ മത്സര പരീക്ഷകളുടെ ഘടനാപരമായ പരിഷ്കാരങ്ങൾക്കായി ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകണിയുടെ നേതൃത്വത്തിലുള്ള ഉന്നതതല ടാസ്ക് ഫോഴ്സിനെയും സർക്കാർ രൂപീകരിച്ചിരുന്നു.
നീറ്റ് നടത്തിപ്പിന്റെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും സാങ്കേതിക സംവിധാനങ്ങളും ഉറപ്പാക്കേണ്ടതുണ്ടെന്നും സുപ്രിംകോടതി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
സൂരജിന്റെ മരണം വീണ്ടും ഉയർത്തുന്നത് പരീക്ഷാഫലവും മെഡിക്കൽ പ്രവേശനവും ഒരു വിദ്യാർഥിയുടെ ജീവിതത്തിലെ മുഴുവൻ വിജയപരാജയമായി കാണുന്ന പ്രവണതയെക്കുറിച്ചുള്ള ചോദ്യങ്ങളാണ്.
