പേരാവൂർ പോലീസ് സ്റ്റേഷൻ വളപ്പിലെ കൂറ്റൻ മരം അപകടമൊരുക്കുന്നു
പേരാവൂർ: ടൗണിനു സമീപത്തെ പോലീസ് സ്റ്റേഷൻ വളപ്പിലെ ശിഖരങ്ങളൊടിഞ്ഞ കൂറ്റൻ മരം വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും അപകടമൊരുക്കുന്നു. ശിഖരങ്ങളൊടിഞ്ഞ് പേരാവൂർ – നിടുംപൊയിൽ റോഡിലേക്കാണ് മരം ചെരിഞ്ഞു നിൽക്കുന്നത്. ഏത് സമയവും പൊട്ടിവീഴാറായ മരം മുറിച്ചുമാറ്റിയില്ലെങ്കിൽ വലിയ അപകടമാണുണ്ടാവുക. സ്റ്റേഷൻ വളപ്പിൽ നിർത്തിയിടുന്ന വാഹനങ്ങൾക്കും മരം ഭീഷണിയാണ്.
കുനിത്തലമുക്ക് നിന്ന് വിദ്യാർഥികളടക്കമുള്ളവർ ടൗൺ ഭാഗത്തേക്ക് നടന്നുവരുന്ന വശത്താണ് മരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞു നിൽക്കുന്നത്. മരം മുറിച്ചുമാറ്റാനാവശ്യപ്പെട്ട് സ്റ്റേഷൻ ഹൗസ് ഓഫീസർ എസ്.അസീം ബന്ധപ്പെട്ട അധികൃതർക്ക് അപേക്ഷ നല്കിയിരുന്നുവെങ്കിലും നടപടി ഒന്നുമായില്ല.
പേരാവൂർ- നിടുംപൊയിൽ റോഡരികിലെ അപകടാവസ്ഥയിലായ മരങ്ങൾ കഴിഞ്ഞ ദിവസം മുറിച്ചു മാറ്റിയിരുന്നു. എന്നാൽ സ്റ്റേഷൻ വളപ്പിലെ മരം മുറിച്ചുമാറ്റാൻ അധികൃതർ തയ്യാറാവുന്നില്ല.
