തിരുവനന്തപുരത്തിന്റെ ‘കുട്ടി’ ലൊസാഞ്ചലസ് മേയറാകുമോ? യുഎസ് തിരഞ്ഞെടുപ്പിൽ നിത്യയുടെ തകർപ്പൻ പോരാട്ടം

Share our post

വാഷിങ്ടൻ∙ യുഎസിലെ രണ്ടാമത്തെ വലിയ നഗരമായ ലൊസാഞ്ചലസിന്റെ മേയർ ഇന്ത്യൻ വംശജയാകുമോ? ഡെമോക്രാറ്റ് സ്ഥാനാർഥി നിത്യ രാമൻ (45) ആണ് തിരഞ്ഞെടുപ്പിൽ മുന്നേറുന്നത്. ഡെമോക്രാറ്റിക് പാർട്ടി അംഗമായ കാരൻ ബാസ് ആണ് മേയർ പോരാട്ടത്തിൽ നിത്യയുടെ എതിരാളി. അവസാന ഫലങ്ങൾ അനുസരിച്ച് നിത്യയ്ക്ക് 377,458 വോട്ടുകൾ ലഭിച്ചു. കാരൻ ബാസിന് 360,864 വോട്ടും. അന്തിമ ഫലം വരാൻ ഇനിയും മണിക്കൂറുകളെടുക്കും. ലൊസാഞ്ചലസിന്റെ 43-ാമത് മേയറായി 2022 ഡിസംബർ മുതൽ സേവനമനുഷ്ഠിക്കുന്ന കാരൻ ബാസിന് കനത്ത വെല്ലുവിളിയാണ് നിത്യ ഉയർത്തുന്നത്.

∙ ആരാണ് നിത്യ രാമൻ?

ആറു വർഷത്തോളമായി ഡിസ്ട്രിക്ട് 4നെ പ്രതിനിധീകരിക്കുന്ന ലൊസാഞ്ചലസ് സിറ്റി കൗൺസിൽ അംഗമാണ് നിത്യ. സിറ്റി കൗൺസിലിൽ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ ഏഷ്യൻ-അമേരിക്കൻ വനിതയും ആദ്യത്തെ ദക്ഷിണേഷ്യൻ വംശജയുമാണ്. ഭവനരഹിതർക്കു സേവനങ്ങൾ എത്തിക്കുന്നതിനും, വീടുകൾ നിർമിച്ചു നൽകുന്നതിലും നിത്യ നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധ നേടിയിരുന്നു.

∙ വേരുകൾ േകരളത്തിൽ

1981 ജൂലൈ 28ന് കേരളത്തിലാണ് നിത്യ രാമന്റെ ജനനം. തിരുവനന്തപുരം നഗരത്തിലെ കോട്ടയ്ക്കകത്ത് രാമസ്വാമി കോവിൽതെരുവിലാണ് നിത്യയുടെ കുടുംബം പതിറ്റാണ്ടുകൾക്കു മുൻപ് കഴി‍ഞ്ഞിരുന്നത്. പോസ്റ്റ്മാസ്റ്ററായിരുന്ന കെ.രാമയ്യരുടെ ചെറുമകളാണ് നിത്യ. കെൽട്രോണിലെ ഉദ്യോഗസ്ഥനായിരുന്ന ആർ. വെങ്കട്ടരാമനും ഇന്ത്യൻ ഓവർസീസ് ബാങ്കിലെ ജീവനക്കാരിയായിരുന്ന സുധയുമാണ് മാതാപിതാക്കൾ. നിത്യയ്ക്ക് ആറു വയസ്സുള്ളപ്പോഴാണു കുടുംബം യുഎസിലേക്കു കുടിയേറിയത്. കുടുംബവീട് മുൻപേ വിറ്റുപോയി. കുടുംബാംഗങ്ങളാരും കോട്ടയ്ക്കകത്ത് താമസമില്ല.

നിത്യയ്ക്ക് ആറു വയസ്സുള്ളപ്പോഴാണു കുടുംബം അമേരിക്കയിലെ ലൂസിയാനയിലേക്കു കുടിയേറിയത്. ഹാർവാർഡ് സർവകലാശാലയിൽ നിന്നു സോഷ്യോളജിയിൽ ബിരുദവും മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് നഗരാസൂത്രണത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. തമിഴ് വംശജനും തിരക്കഥാകൃത്തുമായ വാലി ചന്ദ്രശേഖരനാണ് നിത്യയുടെ ഭർത്താവ്. ഇരട്ടകുട്ടികളായ കർണനും കാവേരിക്കുമൊപ്പം സിൽവർ ലേക്കിലാണ് നിത്യയും കുടുംബവും താമസിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!