ഗോവിന്ദച്ചാമി ജയിൽചാടിയ ശേഷം പൊലീസ് ഉണർന്നത് അർജുൻ ആയങ്കിയെ അകത്താക്കാൻ; ഇത് താൻ ടാ ‍‍’കണ്ണൂർ സ്ക്വാഡ്’

Share our post

കണ്ണൂർ : കുപ്രസിദ്ധ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽചാടിയ ശേഷം പൊലീസ് ഉണർന്നുപ്രവർത്തിച്ചത് മറ്റൊരു ക്രിമിനൽ കേസ് പ്രതിയായ അർജുൻ ആയങ്കിയെ അകത്താക്കാൻ. പൊലീസിനെ വെല്ലുവിളിച്ച് ഒളിവിൽ കഴിയാമെന്നു കരുതിയ അർജുൻ ആയങ്കിയുടെയും മറ്റു ഗുണ്ടകളുടെയും എല്ലാ പ്രതീക്ഷയും തകർക്കുന്നതായിരുന്നു കണ്ണൂർ സക്വാഡിന്റെ പഴുതടച്ച അന്വേഷണം.

കണ്ണൂർ റേഞ്ച് ഡിഐജി കെ.കാർത്തിക്, സിറ്റി പൊലീസ് കമ്മിഷണർ വി.വിജയഭരത് റെഡ്ഡി, റൂറൽ എസ്പി ഉമേഷ് ഗോയൽ, കണ്ണൂർ എസിപി എം.പി.ആസാദ് എന്നിവർ നേതൃത്വം നൽകിയ കണ്ണൂർ സ്ക്വാഡ് അന്വേഷണമികവിന്റെ മറ്റൊരു പൊൻതൂവൽകൂടി കരസ്ഥമാക്കി.

കണ്ണൂർ സിറ്റി പൊലീസിനു കീഴിലെ എസ്ഐ ഷനിജ്, വിനോദ്, ഷാജി, എഎസ്ഐമാരായ രാജീവൻ, സ്നേഹേഷ്, സജിത്ത്, ലവൻ, സിപിഒമാരായ നാസർ, അനൂപ്, ഷംസീർ, റൂറൽ പൊലീസിലെ എസ്ഐ ഷറഫുദ്ദീൻ, സയ്ദ്, ശ്രീകാന്ത്, നൗഫൽ അഞ്ചില്ലത്ത്, എൻ.എം.അഷ്റഫ്, എ.ജി.ജബ്ബാർ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. സൈബർ പൊലീസിന്റെയും ഡാൻസാഫിന്റെയും സഹായവും ലഭിച്ചു.

അർജുൻ ആയങ്കി കണ്ണൂർ ജില്ലയിലെത്തിയിട്ടുണ്ട് എന്നു മാത്രമേ പൊലീസിന് വിവരം ലഭിച്ചിരുന്നുള്ളൂ. പിടിക്കാൻ പറ്റുമെങ്കിൽ പിടിക്കൂ എന്നു അർജുൻ ആയങ്കി വെല്ലുവിളിച്ചപ്പോൾ അത് കണ്ണൂർ സ്ക്വാഡിനെയാണെന്നു കരുതിയിരിക്കില്ല. കാരണം ഇതിനു മുൻപും എത്രയോ സംഭവങ്ങളിൽ തുമ്പുണ്ടാക്കിയ കഥകൾ പറയാനുണ്ട് കണ്ണൂർ സ്ക്വാഡിന്. അന്വേഷണസംഘത്തിലുള്ളതെല്ലാം ഇതര സംസ്ഥാനങ്ങളിൽ വരെ പോയ ക്രിമിനൽകേസ് പ്രതികളെ പൊക്കിയവരാണ്. ഈ സംഘത്തിലുള്ള ചിലരെക്കുറിച്ചാണ് മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡ് എന്ന സിനിമയൊരുങ്ങിയത്.

ആയങ്കിക്ക് മുൻപ് രാഷ്ട്രീയനേതൃത്വത്തിന്റെ പിൻബലമുണ്ടായിരുന്നെങ്കിൽ ഇക്കുറി അതില്ലെന്ന് പൊലീസിന് ഉറപ്പായിരുന്നു. സുഹൃത്തുക്കളുടെ പിൻബലത്തിലാണ് ആയങ്കി ഒളിച്ചിരിക്കുക എന്നും ഉറപ്പിച്ചതോടെ ഇവരെ പിടികൂടുക എന്ന തന്ത്രമാണ് പൊലീസ് ആദ്യമെടുത്തത്. അതോടൊപ്പം ബന്ധുക്കളെയും നോട്ടമിട്ടു. അമ്മയെ ചോദ്യം ചെയ്താണു തുടങ്ങിയത്. വീണ്ടും അമ്മയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതോടെ ഇനിയും ഒളിച്ചിരുന്നാൽ പൊലീസ് വീട്ടിലേക്കെത്തുമെന്നതിന്റെ സൂചനയായി. അതുകൊണ്ടുതന്നെയാണ് അഭിഭാഷകയെ കാണാൻ കണ്ണൂരിലെത്തിയത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളെ പൊലീസ് പിടികൂടിയതോടെ അധികകാലം ഒളിച്ചുനിൽക്കാൻ കഴിയില്ലെന്ന് ഉറപ്പായിരുന്നു. തളിപ്പറമ്പിലെ ഓട്ടോഡ്രൈവറുടെ ഫോൺ എത്തിയതോടെ അന്വേഷണം അവസാനഘട്ടത്തിലെത്തി. മണിക്കൂറുകൾക്കകം അഭിഭാഷകയുടെ വീട്ടിൽനിന്നു കസ്റ്റഡിയിലെടുക്കാനും സാധിച്ചു.

∙ പുലർച്ചെ പിടികൂടിയ അർജുനെ ടൗൺ സ്റ്റേഷനിലാണ് ആദ്യം കൊണ്ടുവന്നത്. പിന്നീട് സൈബർ പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇൻസ്പെക്ടർ എ.അനൂപ് ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഒരു കൂസലുമില്ലാതെയാണ് അർജുൻ ആയങ്കി പൊലീസ് സ്റ്റേഷനിൽ ഇരുന്നത്. പത്രങ്ങൾ മാറി മാറി വായിച്ചു. കൈവിലങ്ങുകൾ പൊലീസുകാർ മാറ്റുമ്പോഴൊക്കെ കൂസലില്ലാതെ ഇരുന്നു. നീല ജീൻസും കോട്ട് പോലുള്ള നീലക്കുപ്പായവുമാണ് പിടികൂടുമ്പോൾ അർജുൻ ധരിച്ചിരുന്നത്.

∙ രാവിലെ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങാനാണ് അർജുൻ എത്തിയതെന്ന് അഭിഭാഷക ഡലീറ്റ ടൈറ്റസ്. ഇവരുടെ കണ്ണൂർ താളിക്കാവിലെ ‌അപ്പാർട്ട്മെന്റിൽ നിന്നാണ് അർജുനെ പൊലീസ് പിടികൂടിയത്. അർജുനെ തന്റെ ഫ്ലാറ്റിൽ ഒളിവിൽ പാർപ്പിച്ചിരുന്നില്ലെന്ന് അഭിഭാഷക പറഞ്ഞു. വീടും ഓഫിസും ഒരുമിച്ചാണ്. കേസിന് ആവശ്യമായ കാര്യങ്ങൾ ചർച്ച ചെയ്യാനാണ് അയാൾ വന്നത്. അതിനിടയ്ക്കു പൊലീസ് വന്നു. അവർക്ക് ഉടൻ അർജുനെ കൈമാറിയെന്നും ഡലീറ്റ ടൈറ്റസ് പറ‍ഞ്ഞു.സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടവരിൽ ആയങ്കിയുമുണ്ടായിരുന്നു. പിൽക്കാലത്ത് ഇത്തരക്കാരെ പി.ജ യരാജനു തള്ളിപ്പറയേണ്ടിവന്നു.

കണ്ണൂരിലെത്തിയത് ഒളിവിൽ കഴിയാൻ; പാളിയപ്പോൾ കീഴടങ്ങാൻ നീക്കം: വീണ്ടും കരുത്തോടെ ‍‍കണ്ണൂർ സ്ക്വാഡ്

 അർജുൻ ആയങ്കിക്ക് ഇനി പുറത്തിറങ്ങി പൊലീസിനെ വെല്ലുവിളിക്കണമെങ്കിൽ കുറച്ചു കഷ്ടപ്പെടേണ്ടി വരും. കാപ്പ ചുമത്തി ജയിലിലടയ്ക്കാനോ നാടു കടത്താനോ ആലോചിക്കുകയാണു പൊലീസ്. അർജുനെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കെതിരെയും നിയമനടപടിയുണ്ടാകും. സാമ്പത്തിക, യാത്ര, താമസ സൗകര്യമൊരുക്കിയവരുടെ പട്ടിക പൊലീസ് പരിശോധിക്കുകയാണ്. കണ്ണൂരിലെ അഭിഭാഷകയുടെ അപ്പാർട്മെന്റിൽനിന്നാണ് ഇന്നലെ പുലർച്ചെ അർജുൻ പിടിയിലായത്.

ഗുണ്ടാസംഘങ്ങളെ ഒതുക്കാനുള്ള ഓപ്പറേഷൻ ഗ്രിപ് സജീവമാക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഗുണ്ട, അക്രമി സംഘങ്ങളുടെ പട്ടിക പരിശോധിക്കുന്നുണ്ട്. സിറ്റി, റൂറൽ പൊലീസ് മേധാവികളുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. ഈ സംഘങ്ങൾ ഒന്നിച്ചാണ് ഇന്നലെ അർജുനെ പിടികൂടിയത്.

കാപ്പാ കേസിൽ പുറത്തുള്ളവരുടെ വിവരങ്ങൾ അന്വേഷിക്കുകയാണെന്ന് കണ്ണൂർ റേഞ്ച് ഡിഐജി കെ.കാർത്തിക് പറഞ്ഞു. ഇവർക്ക് അനുവദിച്ച ജാമ്യവ്യവസ്ഥകൾ പരിശോധിച്ചുവരികയാണ്. അതെല്ലാം റദ്ദാക്കാനുള്ള നടപടി വേഗത്തിലാക്കും.

ജാമ്യാപേക്ഷ നൽകിയില്ല

 അർജുൻ ആയങ്കി നിയമവ്യവസ്ഥയെ നിസ്സാരവൽക്കരിച്ച് കുറ്റകൃത്യങ്ങൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുള്ളതിനാൽ ജാമ്യം അനുവദിക്കരുതെന്ന് സൈബർ പൊലീസ് കോടതിയിൽ. കൂത്തുപറമ്പ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് ബി.യദുകൃഷ്ണയുടെ മുൻപാകെ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണൂർ മജിസ്ട്രേട്ട് അവധിയിൽ ആയതിനാലാണ് അർജുൻ ആയങ്കിയെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കിയത്. തലശ്ശേരിയിലെ അഭിഭാഷകൻ കെ.എം.ഹസൻ ഹാജരായിരുന്നെങ്കിലും ജാമ്യാപേക്ഷ നൽകിയിരുന്നില്ല. എല്ലാ കേസിലും ഒരുമിച്ച് ജാമ്യമെടുത്ത് പുറത്തിറക്കാനുള്ള നടപടിയിലാണ് തങ്ങളെന്ന് അഭിഭാഷകൻ പറഞ്ഞു. തലശ്ശേരി സബ് ജയിലിലാണ് അർജുൻ ആയങ്കി.

 


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!