അർജുൻ ആയങ്കിയുടെ വീട്ടിൽ പൊലീസ് പരിശോധന; ലാപ്ടോപ്പ് പിടിച്ചെടുത്തു

Share our post

കണ്ണൂർ: അർജുൻ ആയങ്കിയുടെ അഴീക്കോട് കപ്പക്കടവിലെ വീട്ടിൽ കണ്ണൂർ സൈബർ പൊലീസ് പരിശോധന നടത്തി. ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തെന്ന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. പരിശോധനയിൽ ഒരു ലാപ്ടോപ്പ് പൊലീസ് പിടിച്ചെടുത്തു.

കണ്ണൂർ സൈബർ പൊലീസ് എസ്എച്ച്ഒ എ. അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അർജുൻ ആയങ്കിയുടെ അമ്മയുടെയും സഹോദരൻ അജയ് ആയങ്കിയുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തി. വീട്ടിൽ ഒരു മണിക്കൂറിലേറെ നീണ്ട പരിശോധനയ്ക്കും ചോദ്യം ചെയ്യലിനും ശേഷമാണ് പൊലീസ് മടങ്ങിയത്.

കേസിൽ നിർണായകമായ ഡിജിറ്റൽ തെളിവുകൾ കണ്ടെത്തുകയാണ് പരിശോധനയുടെ പ്രധാന ലക്ഷ്യമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ് ചെയ്തതിന് ഉപയോഗിച്ച ഉപകരണം ഏതാണെന്ന് കണ്ടെത്തുന്നതിനായി പിടിച്ചെടുത്ത ലാപ്ടോപ്പ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ലാപ്ടോപ്പിലെ നിലവിലുള്ളതും ഡിലീറ്റ് ചെയ്തതുമായ വിവരങ്ങൾ ഉൾപ്പെടെ പരിശോധിക്കും.

അർജുൻ ആയങ്കിയുടെ കൈയിൽനിന്ന് നേരത്തെ ഒരു മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്തിരുന്നു. എന്നാൽ കേസുമായി ബന്ധപ്പെട്ട പോസ്റ്റുകളും കമന്റുകളും ഒന്നിലധികം ഉപകരണങ്ങളിൽ നിന്നാണ് വന്നതെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം തുടരുന്നത്.

അതേസമയം, അർജുൻ ആയങ്കിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് കോടതിയിൽ പ്രൊഡക്ഷൻ വാറണ്ട് സമർപ്പിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡി ആവശ്യപ്പെട്ടാണ് നീക്കം. കസ്റ്റഡിയിൽ ലഭിച്ചാൽ കേസുമായി ബന്ധപ്പെട്ട് അർജുൻ ആയങ്കിയെ വിശദമായി ചോദ്യം ചെയ്യുകയും കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുകയും ചെയ്യും.

അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞിരുന്ന സമയത്ത് പൊലീസിനെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകളും റീലുകളും ട്രോളുകളും പോസ്റ്റ് ചെയ്തത് സുഹൃത്ത് പ്രണവാണെന്നാണ് ആയങ്കി മൊഴി നൽകിയതെന്നാണ് വിവരം. പ്രണവ് നിലവിൽ ഒളിവിലാണ്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണവും പൊലീസ് ശക്തമാക്കിയിട്ടുണ്ട്.

ഒളിവിൽ കഴിയുന്നതിനിടെ വിവിധ സ്ഥലങ്ങളിൽ നിന്ന് ഒന്നിലധികം ആളുകളെ സോഷ്യൽ മീഡിയ പേജുകളുടെ അഡ്മിൻമാരാക്കി പോസ്റ്റുകളും കമന്റുകളും പ്രചരിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!