ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച ലോട്ടറി ടിക്കറ്റിന് അടിച്ചത് 11 കോടി; ശുചീകരണ തൊഴിലാളികളുടെ തിരച്ചിൽ, ഓടിയെത്തി യുവതി
റോം: അബദ്ധത്തിൽ ചവറ്റുകുട്ടയിലേക്ക് വലിച്ചെറിഞ്ഞ 11 കോടിയോളം രൂപ (10 ദശലക്ഷം യൂറോ)യുടെ ലോട്ടറി ടിക്കറ്റ് മാലിന്യക്കൂമ്പാരത്തിൽ നടത്തിയ കഠിനമായ തിരച്ചിലിനെ തുടർന്ന് കണ്ടെത്തി. ഇറ്റലിയിലെ പുഗ്ലിയ മേഖലയിലാണ് ശുചീകരണ തൊഴിലാളികളുടെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ ഭാഗ്യക്കുറി ടിക്കറ്റ് തിരിച്ചുകിട്ടിയത്.
തന്റെ പ്രിയപ്പെട്ടവരുടെ ഓർമയ്ക്കായി നിരന്തരം തിരഞ്ഞെടുക്കാറുള്ള സ്ഥിരം നമ്പറുകളിലാണ് ഇറ്റലി സ്വദേശിയായ യുവതി ടിക്കറ്റെടുത്തത്. നറുക്കെടുപ്പിന് ശേഷം കടയിൽ ചെന്ന് പരിശോധിച്ചപ്പോൾ ടിക്കറ്റ് മാറാൻ കഴിയില്ലെന്നാണ് അറിയാൻ കഴിഞ്ഞത്. ചെറിയ തുകകൾ മാത്രം നൽകാൻ സാധിക്കുന്ന ചെറുകിട വ്യാപാരിയുടെ പക്കലാണ് പരിശോധിച്ചത് എന്നതിനാൽ വലിയ തുകയാണെന്ന വിവരം യുവതിക്ക് മനസ്സിലായില്ല. തുടർന്ന് നിരാശയോടെ ടിക്കറ്റ് കടയിലെ ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച് ഇവർ വീട്ടിലേക്ക് മടങ്ങി.
എന്നാൽ വീട്ടിലെത്തിയ ശേഷമാണ് തന്റെ സ്ഥിരം നമ്പറുകൾക്കാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ബന്ധുക്കളിൽ നിന്ന് ഇവർ അറിയുന്നത്. ഉടൻ തന്നെ കടയിലേക്ക് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും ടിക്കറ്റ് കടയിലെ ചവറ്റുകുട്ടയിൽ നിന്ന് നഗരസഭയുടെ മാലിന്യ വണ്ടിയിലേക്ക് മാറ്റിയിരുന്നു. തുടർന്ന് യുവതി പ്രദേശത്തെ മാലിന്യ സംസ്കരണ കമ്പനിയായ ‘സാംബി’ന്റെ അഡ്മിനിസ്ട്രേറ്റർ റോബർട്ടോ നിക്കോള ടോസ്കാനോയെ വിവരമറിയിക്കുകയായിരുന്നു.
റോബർട്ടോയുടെ നേതൃത്വത്തിൽ ടിക്കറ്റ് ശേഖരിച്ച മാലിന്യ വണ്ടി കണ്ടെത്തി അത് പ്രത്യേക പരിശോധനാ കേന്ദ്രത്തിലേക്ക് മാറ്റി. ജീവനക്കാർ ഒരു ദിവസത്തിലധികം നടത്തിയ തിരച്ചിലിനൊടുവിൽ കീറിപ്പോകാത്ത നിലയിൽ ലോട്ടറി ടിക്കറ്റ് തിരിച്ചുകിട്ടി. ടിക്കറ്റ് കിട്ടിയ വിവരമറിയിച്ചപ്പോൾ യുവതി സന്തോഷം കൊണ്ട് കരഞ്ഞുപോയെന്ന് റോബർട്ടോ പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായതിനാൽ തിരച്ചിലിനായി വന്ന അധികച്ചെലവുകൾ പൂർണമായും യുവതി തന്നെ വഹിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്.
