ലോഡ്ഷെഡിങ്; അനിശ്ചിതത്വം തുടരുന്നു; എന്തുകൊണ്ട് മുൻകൂട്ടി അറിയിക്കുന്നില്ല? വിശദീകരണവുമായി കെഎസ്ഇബി

Share our post

∙ ഷെഡ്യൂൾഡ് ലോഡ് ഷെഡിങ്: വൈദ്യുതി വില നൽകി വാങ്ങാൻ പണമില്ലാത്തപ്പോഴും ഉയർന്ന ആവശ്യകത നിറവേറ്റാനുള്ള വൈദ്യുതി കൊണ്ടു വരാനുള്ള ഗ്രിഡ് സംവിധാനം ഇല്ലാത്തപ്പോഴുമാണു മുൻകൂട്ടി സമയം പ്രഖ്യാപിച്ചു ലോഡ് ഷെഡിങ് നടത്താറുള്ളത്. ഇപ്പോൾ അത്തരമൊരു സാഹചര്യമില്ല.

∙ ഇപ്പോൾ സംഭവിക്കുന്നത്: സ്വന്തമായി ഉൽപാദിപ്പിക്കുന്നതിനു പുറമേ, കേന്ദ്ര വിഹിതമായും വിവിധ കരാറുകളിലൂടെയും ലഭിക്കുന്ന വൈദ്യുതിയാണ് കെഎസ്ഇബി പ്രാഥമികമായി ഉപയോക്താക്കൾക്കു നൽകുന്നത്. അതിൽ കൂടുതൽ ആവശ്യകത ഉണ്ടാകുമ്പോൾ അടുത്ത ദിവസത്തേക്കു വൈദ്യുതി മുൻകൂട്ടി വാങ്ങാൻ ഡേ എഹെഡ് വിപണിയും അതതു സമയത്തെ ആവശ്യത്തിനു വാങ്ങാൻ തത്സമയ വിപണിയുമാണ് ഉള്ളത്.

ഡേ എഹെഡ് വിപണിയിൽ ആവശ്യത്തിനു വൈദ്യുതി കിട്ടാത്ത സാഹചര്യങ്ങളിൽ തത്സമയ വിപണിയിൽ കെഎസ്ഇബി പ്രതീക്ഷ അർപ്പിക്കും. ഓഹരി വിപണിയിലെന്നതു പോലെ ഓരോ സെക്കൻഡിലും ഇതിൽ മാറ്റം വന്നു കൊണ്ടിരിക്കും. ഈ വിപണിയിൽനിന്ന് വൈദ്യുതി ലഭിക്കുമോ ഇല്ലയോ എന്ന് ഏതാണ്ട് ഒന്നര മണിക്കൂർ മുൻപു മാത്രമേ അറിയാനാകൂ.

കെഎസ്ഇബി കരുതിയിട്ടുള്ളതിനെക്കാൾ വൈദ്യുതി ആവശ്യകത ഉയരുമ്പോൾ (ഉദാഹരണത്തിന് 4000 മെഗാവാട്ട് വൈദ്യുതിയാണ് കെഎസ്ഇബിയുടെ പക്കലുള്ളതെങ്കിൽ ആവശ്യകത അതിനെക്കാൾ ഉയരുമ്പോൾ) ഗ്രിഡ് ഫ്രീക്വൻസി 50 ഹെർട്സിൽനിന്നു താഴാൻ തുടങ്ങും. അപ്പോൾ തന്നെ ബെംഗളൂരുവിലെ ദക്ഷിണ മേഖലാ ലോഡ് ഡെസ്പാച്ച് സെന്ററിൽനിന്നു കളമശേരിയിലെ സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിനു ലോഡ് കുറയ്ക്കാൻ മുന്നറിയിപ്പു ലഭിച്ചു തുടങ്ങും. അതനുസരിച്ച് ആവശ്യമായ ഫീഡറുകൾ ഓഫ് ചെയ്ത് ലോഡ് കുറച്ചില്ലെങ്കിൽ പുറത്തുനിന്നു കേരളത്തിലേക്ക് എത്തുന്ന പ്രസരണ ശൃംഖലയാകെ ഓഫ് ചെയ്യേണ്ടിവരും.

അത്തരം നടപടിയുണ്ടാകാതിരിക്കാനാണ് അപ്പപ്പോൾ ആവശ്യമായ ഫീഡറുകൾ മാത്രം നിശ്ചിത സമയത്തേക്ക് ഓഫ് ചെയ്ത് ലോഡ് കുറയ്ക്കുന്നത്. അപ്പോഴും വൈദ്യുതി ലഭിക്കാനുള്ള സാധ്യത അന്വേഷിച്ചു കൊണ്ടിരിക്കും. ചിലപ്പോൾ ചില സംസ്ഥാനങ്ങൾക്കു മുൻകൂട്ടി വാങ്ങിയ വൈദ്യുതി ആവശ്യമില്ലാത്ത സ്ഥിതി ഉണ്ടായാൽ ഉടൻ വാങ്ങാൻ കഴിയാറുണ്ട്. ലോഡ് കൂടിയ സബ്സ്റ്റേഷനുകൾക്കാണ് ഓഫ് ചെയ്യാനുള്ള നിർദേശം നൽകുകയെന്നതിനാൽ ഏതൊക്കെ സബ് സ്റ്റേഷൻ പരിധിയിലാണെന്നു മുൻകൂട്ടി ഉപയോക്താക്കളെ അറിയിക്കുന്നതിൽ പ്രായോഗികമായ തടസ്സങ്ങളുണ്ട്.

വൈദ്യുതി ലാഭിക്കാം; വിയർക്കാതെ തന്നെ

∙ ഉറങ്ങാൻ കിടക്കുമ്പോൾ മാത്രം എസി ഓൺ ചെയ്യാം. രാത്രി 10 വരെ എസി ഒഴിവാക്കാം

∙ എസി 26 ഡിഗ്രിക്കു മുകളിൽ സെറ്റ് ചെയ്യാം.

∙ ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിങ് പരമാവധി പകൽ സമയത്തേക്കു ക്രമീകരിക്കാം. ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ രാത്രി 11 നു ശേഷമാകാം.

∙ വൈകിട്ട് 6നും 11നും ഇടയിൽ ഇൻഡക്‌ഷൻ സ്റ്റൗ, വാഷിങ് മെഷീൻ, പമ്പ് സെറ്റ്, തേപ്പുപെട്ടി, ഇലക്ട്രിക് കെറ്റിൽ തുടങ്ങി കൂടുതൽ വൈദ്യുതോപകരണങ്ങൾ പ്രവർത്തിപ്പിക്കാതിരിക്കാം.

∙ ബിഎൽഡിസി ഫാനുകളിലേക്കും എൽഇഡി ലൈറ്റുകളിലേക്കും മാറാം. ഫാൻ പരമാവധി വേഗം കുറച്ചിട്ടാൽ വൈദ്യുതി ഉപയോഗം കുറയ്ക്കാം.

∙ ആവശ്യമില്ലാത്ത വൈദ്യുതോപകരണങ്ങൾ ഓഫ് ചെയ്യുന്നതു ശീലമാക്കാം.

∙ ടിവി, ഫാൻ, എസി തുടങ്ങി റിമോട്ട് കൺട്രോൾ ഉള്ള ഉപകരണങ്ങൾ റിമോട്ടിൽ മാത്രം ഓഫ് ചെയ്യാതെ സ്വിച്ച് ഓഫ് ചെയ്യാനും മറക്കേണ്ട.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!